ആ ഒമ്പതാം നമ്പറുകാരന് ഇന്ന് പിറന്നാൾ
text_fieldsറൊണാൾഡോ ലൂയിസ് നസാരിയോ ഡി ലിമ, അഥവാ ഓ ഫിനോമിനോയെ അധികംപേരും ഓർത്തിരിക്കുന്നത് ഏകദേശം 17 വർഷങ്ങൾക്ക് മുൻപുള്ള ഒ രു ദിവസത്തിൻെറ പേരിലായിരിക്കും. ഒലിവർ ഖാൻെറ ധാർഷ്ട്യത്തെ മറികടന്ന് അയാൾ രണ്ടു തവണ വലകുലുക്കിയ ദിവസം. 8 വർഷങ്ങൾ ക്ക് ശേഷം ബ്രസീൽ വീണ്ടും ലോകകപ്പ് ജേതാക്കളായ, റൊണാൾഡോ സുവർണപാദുകം നേടിയ, ലോകകപ്പ് ഗോളുകളുടെ റെക്കോർഡിൽ പെലേക് ക് ഒപ്പമെത്തിയ ദിവസം. അയാൾ ജീവിതത്തിലേറ്റവും സന്തോഷവാനായതും അന്ന് തന്നെയായിരിക്കണം. ലോകഫുട്‌ബോളിന്റെ നെറുക യിൽ റൊണാൾഡോ എന്ന 9ആം നമ്പറുകാരൻ കയറി നിന്നപ്പോൾ, അയാളോളം ഭാഗ്യവാനായി വേറാരും കാണില്ലെന്ന് തന്നെ എല്ലാവരും നിന ച്ചു കാണണം. പക്ഷേ റിവാൾഡോയുടെ ഷോട്ട് കൈപ്പിടിയിലൊതുക്കാനാവാതിരുന്ന ഒലിവർഖാന്റെ പിഴവ് മുതലാക്കി ആ പന്ത് റാഞ് ചിയെടുക്കുമ്പോൾ ഒരു നിമിഷാർധത്തേക്കെങ്കിലും അയാളുടെ കൺമുമ്പിൽ സ്റ്റാഡ് ഡി ഫ്രാൻസും, അവിടെ തിങ്ങി നിറഞ്ഞ 75000ത്തോളം കാണികളും മിന്നിമറഞ്ഞിരിക്കണം. കാൽക്കീഴിലെ പന്തു പോയിട്ട് തന്നെ ശരീരം പോലും നിയന്ത്രിക്കാനാവാതെ, ദിശാബോധം നഷ്ടപ്പെട്ട്, ഒരു നിഴലായി, ഇരുട്ടിലേക്ക് അയാൾ തള്ളിമാറ്റപ്പെട്ട അന്ന്.
1998 ലോകകപ്പ് ഫൈനലിനെത്തുമ്പോൾ റൊണാൾഡോ ലോകത്തെ തന്നെ ഏറ്റവും വിലപിടിപ്പുളള താരമാണ്. ബ്രസീലിന്റെ സ്വപ്‌നങ്ങൾ മുഴുവൻ ആ 21കാരന്റെ ചുമലുകളിലായിരുന്നു. ലോകകപ്പിലാകെ മൊത്തം 4 ഗോളുകളും 3 അസിസ്റ്റുകളും നേടിയ ആ പയ്യനിൽ ഫുട്‌ബോൾ ലോകം മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം വേഗതയും കരുത്തും സമ്മേളിച്ചിരുന്നു. കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് രണ്ട് പ്രതിരോധതാരങ്ങൾക്കിടയിലെ നൂലിടയിലൂടെ പന്ത്‌പായിച്ച്, ശരവേഗത്തിൽ അവർക്കിടയിലൂടെ ഇടിച്ചുകയറി ഒടുക്കം സുന്ദരമായ ഒരു ബോഡി ഫെയ്ൻറിലൂടെ ഗോളിയെ കബളിപ്പിച്ച് ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് ഉരുട്ടിയിടുന്നത് അയാൾക്ക് കേവലമൊരു ദൈനംദിന വ്യായാമം മാത്രമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഡിഫന്റർമാർ ഗത്യന്തരമില്ലാതെ അയാൾക്കു മുന്നിൽ അക്ഷരാർത്ഥത്തിൽ അടിയറവു പറയുന്നത് ഒരു പുതിയ കാഴ്ചയേ അല്ലായിരുന്നു. ഒരു സ്‌ട്രൈക്കർക്ക് വേണ്ട എല്ലാ ഗുണങ്ങളും വേണ്ടുവോളമുണ്ടായിരുന്ന റൊണാൾഡോക്ക് തന്റെ വേഗം കൊണ്ടു മാത്രം ഏതു ഡിഫൻസിനെയും കീറിമുറിക്കാമായിരുന്നു.
എന്നാൽ എലാസ്റ്റിക്കോയും സ്റ്റെപ്പ് ഓവറും നട്ട്മെഗും അതുല്യമായ ഫ്ലിക്കുകളും എല്ലാം ആവശ്യാനുസരണം അനായാസമായി പുറത്തെടുത്ത അവന്റെ മാസ്റ്റർപീസ് ബോഡി ഫെയിന്റ് ട്രിക്കുകളായിരുന്നു. പന്ത് ഇരുകാലുകളിലേക്കും നൊടിയിടയിൽ മാറ്റി, ചുമലിന്റെ ചലനങ്ങൾ കൊണ്ട് നൃത്തമാടിയ അയാളുടെ അടുത്ത നീക്കം മനസ്സിലാക്കാനോ, മനസ്സിലായാൽ തന്നെയും മിന്നൽപിണർ പോലെ പാഞ്ഞു പോകുന്ന അയാളെ തടുക്കാനോ ഡിഫൻഡർമാർക്ക് പോയിട്ട് ഗോൾകീപ്പർമാർക്ക് പോലും സാധ്യമല്ലായിരുന്നു.
അപാരമായ ക്ലോസ് കണ്ട്രോൾ കൊണ്ട് ടാക്കിളുകളെ വെട്ടിയൊഴിയാനുള്ള വൈഭവവും ഇരു കാലുകൾ കൊണ്ടും അനായാസം ഷൂട്ട് ചെയ്യാനുള്ള മിടുക്കും അയാളെ ബോക്സിൽ അത്യന്തം അപകടകാരിയാക്കി.
ഫൈനലിലും ഒരു റൊണാൾഡോ ഷോ പ്രതീക്ഷിച്ച ഫുട്‌ബോൾ ലോകത്തെ വരവേറ്റത് പക്ഷെ അയാളുടെ പേരില്ലാത്ത ഒരു ലൈനപ്പായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് മുൻപ് പരിക്ക് ബാധിച്ച റൊണാൾഡോ ഫൈനൽ കളിക്കുന്നില്ല. ആരാധകരിൽ അമ്പരപ്പും നിരാശയും ഒരുപോലെ പടർന്നു. ആവേശം മുറ്റി നിന്ന നിമിഷങ്ങൾ. പക്ഷേ 9ആം നമ്പർ ജഴ്സിയിലെ നൂലിഴകൾ അന്നു തൊട്ട് ചുറ്റിപ്പിണയാൻ പോവുകയായിരുന്നു. തന്റെ പ്രധാന സ്‌ട്രൈക്കറില്ലാതെ ഒരു ടീം ഇറക്കാൻ ധൈര്യം വരാഞ്ഞ പരിശീലകൻ സഗല്ലോ റൊണാൾഡോയെ കളിപ്പിക്കാൻ തന്നെ തീരുമാനിച്ചു. ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത ആ മുഖത്തു നിഴലിച്ച നിർവികാരത. പക്ഷെ, അടുത്ത 90 മിനുട്ടുകളിൽ വരാൻ പോകുന്നതുമായി വച്ചു നോക്കുമ്പോൾ ഒന്നുമല്ലായിരുന്നു. അന്ന് കളിക്കാതിരുന്നെങ്കിൽ എന്ന് അയാളും ആരാധകരും ഒരുപോലെ ആഗ്രഹിച്ചു കാണണം. ഏവരും കണ്ടു ശീലിച്ച, കാണാനാഗ്രഹിച്ച റോണോ ഒരിക്കലും കളത്തിലിറങ്ങിയതേയില്ലായിരുന്നു. ആത്മാവില്ലാത്ത ഒരു ശരീരം പോലെ അയാൾ ആ ഗ്രൗണ്ടിലലഞ്ഞു. ഒടുവിൽ ബർത്തേസുമായി കൂട്ടിയിടിച്ച്, പരിക്കേറ്റ്, കുനിഞ്ഞ ശിരസ്സുമായി അയാൾ തിരിഞ്ഞു നടക്കുന്ന കാഴ്ച്ച ഹൃദയഭേദകമായിരുന്നു.
അതിനു ശേഷം ദിവസങ്ങളെണ്ണി കാത്തിരുന്നിരിക്കണം അയാൾ. കേവലം മണിക്കൂറുകൾ കൊണ്ട് കീഴ്മേൽ മറിഞ്ഞ തനിക്കു മുൻപിലെ ലോകത്തെ തിരികെ നേടുവാൻ. നഷ്ടപ്പെട്ടതെല്ലാം വെട്ടിപ്പിടിക്കുവാൻ. പക്ഷേ അയാൾക്കായി വിധി കാത്തുവെച്ചത് വിട്ടുമാറാത്ത പരിക്കുകളായിരുന്നു. കൃത്യമായ ഇടവേളകളിൽ ആ സന്തതസഹചാരി അയാൾക്ക് കൂട്ടിനെത്തി. ലോകകപ്പിന് മുൻപേ ഒരു യോഗ്യതാമത്സരം പോലും കളിക്കാൻ സാധിച്ചില്ല. ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കറിലേക്കുള്ള പാന്ഥാവിൽ അയാൾ കാലിടറി വീഴുകയായിരുന്നു.
എന്നാൽ അയാളുടെ ടെക്നിക്കിനെയും വേഗതയെയും കരുത്തിനെയുമൊക്കെ പുകഴ്ത്തുന്നതിനിടയിൽ അയാൾക്കുള്ളിലെ പോരാളിയെ തിരിച്ചറിയാൻ നമ്മൾ മറന്നു പോയിരുന്നു. പിന്നീട് അയാൾ സാക്ഷ്യംവഹിച്ചത് കായികചരിത്രത്തിലെ തന്നെ ഏറ്റവും തിളക്കമേറിയ തിരിച്ചുവരവുകൾക്കൊന്നിനാണ്. തന്റെ കരിയർ തന്നെ അവസാനിച്ചേക്കാമായിരുന്ന അവസ്ഥയിൽ നിന്ന് പരിക്കുകളോടും നിർഭാഗ്യത്തോടും പോരടിച്ച് അയാൾ തിരിച്ചു വന്നു നിൽക്കുന്നത് മറ്റൊരു ലോകകപ്പ് ഫൈനലിലേക്കാണ്. ഖാനിൽ നിന്നും പിടിച്ചെടുത്ത പന്ത് എന്നത്തേയും പോലെ, അതീവലാഘവത്തോടെ അയാൾ വലയിലേക്ക് ഉരുട്ടിയിട്ടു. കൂട്ടാളികൾക്കു പുറമെ തന്റെ ഭൂതകാലത്തെയും പുറകിലാക്കി അയാൾ ഗ്യാലറിയിലേക്ക് ഓടിക്കയറി. പതിനായിരങ്ങളുടെ ആർപ്പുവിളികൾക്കും മേലെ അയാൾക്കുമാത്രമറിയുന്ന നിശബ്ദത മുഴങ്ങിക്കേട്ടു. വിയർപ്പിൽ കുതിർന്ന ആ ഒൻപതാം നമ്പർ ജേഴ്സി മറ്റെന്നത്തേക്കാളും ഉജ്വലമായി തിളങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.