കാടകം കൈകോർത്തു, നാടണഞ്ഞ് ‘സുഡു’മോൻ
text_fieldsകാസർകോട്: ഇവിടെ പിറന്നതല്ലെങ്കിലും ‘സുഡു’വിന് നാട്ടുകാർ ബന്ധുക്കളാണ്. കാരണം നാട്ടുകാരുമായി അത്രമേൽ തീവ്ര ബന്ധം ബാക്കി വെച്ചായിരുന്നു അയാൾ നാട്ടിലേക്ക് മടങ്ങിയത്. കാൽപന്തുകളിയുടെ ആഫ്രിക്കൻ കരുത്തുമായി കാടകത്തിൻറെയും ജില്ലയിലെ സെവൻസ് മൈതാനങ്ങളുടെയും മനം കവർന്ന റുവാണ്ടക്കാരനായ ഉക്കിസിമാവോ ബെവന്യൂ എന്ന ബെന്നിയാണ് നാട്ടുകാരുടെ സ്നേഹവായ്പിൽ കഴിഞ്ഞദിവസം നാട്ടിലേക്ക് മടങ്ങിയത്. നല്ല സൗഹൃദത്തിന് സ്നേഹമോ ഭാഷയോ തടസ്സമില്ലെന്ന് തെളിയിച്ചാണ് മടക്കം.
ഉറ്റ സുഹൃത്ത് രജ്ഞിത്തിൻറെ കല്യാണത്തിന് കാടകത്തെത്തിയതായിരുന്നു ബെന്നി. മാർച്ചിലായിരുന്നു രജ്ഞിത്തിൻറെ വിവാഹം. പക്ഷേ ലോക്ഡൗണിൽ രാജ്യം താഴിട്ട് പൂട്ടിയതോടെ ബെന്നി നാട്ടിലേക്ക് മടങ്ങാനാവാതെ കുടുങ്ങി. ട്രിച്ചിയിലെ യൂനിവേഴ്സിറ്റിയിൽ എം.ബി.എ പഠനം ലക്ഷ്യമിട്ടായിരുന്നു ബെന്നിയുടെ നേരത്തേ ഇവിടെയെത്തിയത്, ഒപ്പം ഫുട്ബോളും. പെരുമാറ്റം കൊണ്ടും നിഷ്‌കളങ്കമായ ജീവിത ശൈലി കൊണ്ടും നാട്ടുകാരുടെ പ്രിയപ്പെട്ടവനാവാൻ ബെന്നിക്ക് അധിക സമയം വേണ്ടി വന്നില്ല.
എന്നാൽ നാട്ടുകാരുമായി ഇന്നോ ഇന്നലെയോ തുടങ്ങിയ ബന്ധമായിരുന്നില്ല ബെന്നിക്കിത്. മികച്ച ഫുട്‌ബോള്‍ താരം കൂടിയായ ബെന്നിക്ക് കാടകവുമായി പത്ത് വര്‍ഷത്തെ ബന്ധമുണ്ട്. അന്ന് സെവൻസിൻരെ ആരവം കൊടുമ്പിരിക്കൊണ്ട സമയത്താണ് ബെന്നി കാടകത്തെത്തുന്നത്. ഇക്കാലയളവിൽ കെ.എഫ്.സി കാറടുക്കക്കായി പല തവണയാണ് ബൂട്ടുകെട്ടിയത്. 2010 ല്‍ കാടകം ഫ്രണ്ട്‌സ് കാമ്പയിന്‍സിന് വേണ്ടിയും, യുവശക്തി കൊട്ടംകുഴിക്ക് വേണ്ടിയും ബൂട്ടണിഞ്ഞിരുന്നു.
സ്ട്രൈക്കറായും സ്റ്റോപ്പർബാക്കായും ഗോളിയായും മൈതാനങ്ങളിൽ തിളങ്ങിയ ബെന്നി കാണികളുടെ മനം കവർന്നിരുന്നു. കാസർകോട് ജില്ലയിലെ മിക്ക സെവൻസ് മത്സരങ്ങളിലും സ്ഥിര സാന്നിധ്യമായിരുന്നു. നിരവധി ക്ലബ്ബുകള്‍ക്കും സ്‌കൂളുകള്‍ക്കും പരിശീലനം നല്‍കിയതിലൂടെ കുട്ടികളുടെ ‘സുഡു’ മാഷുമായി.
2008-12 ബിരുദ പഠന കാലത്ത് അണ്ണാമലൈ സർവ്വകലാശാലയിലെ പഠനത്തിനിടെയാണ് രജ്ഞിത്ത് ബെന്നിയെ പരിചയപ്പെടുന്നത്.
ലോക് ഡൗണിൽ കുടുങ്ങിയതോടെ നാട്ടുകാർ എടുത്ത് നല്‍കിയ വീട്ടിലായിരുന്നു ബെന്നിക്ക് താത്കാലിക താമസമൊരുക്കിയത്. ഭക്ഷണമാവട്ടെ വീടുകളിൽ നിന്ന് എത്തിച്ചു നൽകുകയും ചെയ്തു. ഇതിനിടെ പതിവായി നാട്ടുകാർക്കൊപ്പം കളിയും പരീശീലനവും കറക്കവുമായി ബെന്നി ലോക്ഡൗണും ‘അടിച്ചുപൊളിച്ചിരുന്നു’.
കൂട്ടമായി കരാര്‍ ജോലികള്‍ ചെയ്തും പ്രവാസികൾ ഉൾപ്പെടെയുള്ളവരോട് സഹായം തേടിയുമാണ് ക്ലബ് പ്രവര്‍ത്തകരും നാട്ടുകാരുമടക്കം ബെന്നിക്കായി വിമാന ടിക്കറ്റിനടക്കം പണം സമാഹരിച്ചത്.
വ്യാഴാഴ്ച രാവിലെ കാസര്‍കോട് നിന്നുള്ള ട്രെയിനില്‍ കൊച്ചിയിലെത്തി അവിടെ നിന്ന് മുംബൈ വഴി നാട്ടിലേക്കും തിരിച്ചു. വെള്ളിയാഴ്ച ഭാര്യ അഗ്‌ന്യൂവിന്‍റെയും മക്കളായ സൂറിയയുടെയും വിത്തേജിന്‍റെയും കാത്തിരിപ്പിന് വിരാമമിട്ട് ബെന്നി റുവാണ്ടയിലെത്തുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.