Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightസചിനെ വീഴ്ത്തി ലാറ

സചിനെ വീഴ്ത്തി ലാറ

text_fields
bookmark_border
സചിനെ വീഴ്ത്തി ലാറ
cancel
camera_alt??????? ?????? ????? ??????????? ??????????? ?? ???????????????? ??????????????? ???? ?????????????? ????????? ???? ?????

കൊച്ചി: കളിയില്‍ മാറ്റമുണ്ടായിരുന്നു. പക്ഷേ, മത്സരഫലം മാറ്റിയെഴുതാന്‍ കൊമ്പന്മാര്‍ക്ക് കഴിഞ്ഞില്ല. മലയാളം ഒരു മനസ്സോടെ ഒപ്പംനിന്നിട്ടും കേരള ബ്ളാസ്റ്റേഴ്സിന് വിജയത്തിലേക്ക് ഷോട്ടുതിര്‍ക്കാനായില്ല. ഐ.എസ്.എല്‍ ഫുട്ബാളില്‍ പുതുസീസണിലെ ആദ്യ ഹോം മത്സരത്തില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ ബ്ളാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിന്‍െറ തോല്‍വി വഴങ്ങി. 53ാം മിനിറ്റില്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ യാവി ലാറയുടെ ബൂട്ടില്‍നിന്നുതിര്‍ന്ന ഗോളാണ് സചിന്‍ ടെണ്ടുല്‍ക്കറിന്‍െറ ടീമിനെ  തുടര്‍ച്ചയായ രണ്ടാം തോല്‍വിയിലേക്ക് തള്ളിവിട്ടത്. ലാറയാണ് കളിയിലെ കേമന്‍.
സചിനും ചിരഞ്ജീവിയുമടക്കം അരലക്ഷത്തിലധികം കണ്ഠങ്ങളില്‍നിന്ന് ഒരു ഗോളിനു വേണ്ടിയുള്ള ആര്‍പ്പുവിളികള്‍ പ്രകമ്പനം കൊണ്ട സ്റ്റേഡിയത്തില്‍ 90 മിനിറ്റിനിടെ എതിര്‍ ഗോള്‍വല ലക്ഷ്യമിട്ട് ഒരുതവണ പോലും ഷോട്ട് പായിക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞില്ല. കരുത്തുറ്റ എതിരാളികള്‍ക്കൊത്ത രീതിയില്‍ പന്തുതട്ടിയെങ്കിലും മൂര്‍ച്ചയേറിയ മുന്നേറ്റങ്ങളുടെ അഭാവമാണ് ബ്ളാസ്റ്റേഴ്സിന് തിരിച്ചടിയായത്. ഗോള്‍ തേടി ആകെ നാലു ഷോട്ടുകളുതിര്‍ത്തപ്പോള്‍ എല്ലാം വലക്കു പുറത്തേക്കായിരുന്നു.

സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ 54900 ആരാധകരുടെ ആര്‍പ്പുവിളികളില്‍നിന്ന് കരുത്തുള്‍ക്കൊണ്ടാവണം, അസമിലെ അലസതയില്‍നിന്നുണര്‍ന്ന ബ്ളാസ്റ്റേഴ്സ് കൊച്ചിയില്‍ കൂടുതല്‍ ഒത്തിണക്കമുള്ളവരെപ്പോലെ തോന്നിച്ചു. നോര്‍ത് ഈസ്റ്റിനെതിരെ തോല്‍വി വഴങ്ങിയ ടീമില്‍ അരഡസന്‍ മാറ്റങ്ങളുമായി സ്റ്റീവ് കോപ്പല്‍ തന്ത്രം മെനഞ്ഞപ്പോള്‍ വമ്പന്‍ താരങ്ങളുടെ അഭാവത്തിലും പന്തിന്മേല്‍ നിയന്ത്രണം കാട്ടാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞു.

ഇഷ്ഫാഖ് അഹ്മദ്, ആരോണ്‍ ഹ്യൂസ്, ദിദിയര്‍ കാഡിയോ, വിനീത് റായി, മുഹമ്മദ് റാഫി, കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട് എന്നിവര്‍ക്ക് പകരം എന്‍ഡോയെ, പ്രതീക്, റഫീഖ്, ഹൊസു പ്രീറ്റോ, ഫാറൂഖ്, നാസോണ്‍ എന്നിവരാണ് ആദ്യ ഇലവനിലിറങ്ങിയത്. പരിചയ സമ്പന്നനായ സെന്‍ട്രല്‍ ഡിഫന്‍ഡറും മാര്‍ക്വീ താരവുമായ ഹ്യൂസ് അയര്‍ലന്‍ഡിലേക്ക് മടങ്ങിയത് ടീമിന് കനത്ത തിരിച്ചടിയായി. ഹെങ്ബര്‍ട്ടിനൊപ്പം സന്ദേശ് ജിങ്കാന്‍ സെന്‍ട്രല്‍ ഡിഫന്‍സിലേക്ക് മാറിയപ്പോള്‍ പ്രതീകും ഹൊസുവും പ്രതിരോധത്തിന്‍െറ ഇടതു വലതു പാര്‍ശ്വങ്ങളില്‍ അണിനിരന്നു. തികഞ്ഞ ക്രിയേറ്റിവ് മിഡ്ഫീല്‍ഡറായ ഹൊസു പ്രതിരോധത്തില്‍ തന്‍െറ ഉയരക്കുറവിനെയും കവച്ചുവെച്ച് മികച്ച പ്രകടനം കാഴ്ചവെച്ചു. പ്രതീകിന്‍െറ പ്രകടനവും ബ്ളാസ്റ്റേഴ്സിന്  പ്രതീക്ഷ പകരുന്നതായിരുന്നു.

ഓള്‍ഒൗട്ട് അറ്റാക്കിങ്ങിന് ഇരുടീമും മടിച്ചുനിന്ന ആദ്യനിമിഷങ്ങള്‍ക്കുശേഷം അത്ലറ്റികോയുടെ നീക്കങ്ങള്‍ക്ക് ഉരുളക്കുപ്പേരി പോലെ ബ്ളാസ്റ്റേഴ്സ് മറുപടി നല്‍കി. നാലാം മിനിറ്റില്‍ ഡുതിയും ഹ്യൂമും ചേര്‍ന്ന നീക്കത്തിനൊടുവില്‍ ഹെല്‍ഡര്‍ പോസ്റ്റിഗയുടെ ശ്രമം പ്രതീക് ഇടപെട്ട് ദുര്‍ബലപ്പെടുത്തിയതിനുപിന്നാലെ ബ്ളാസ്റ്റേഴ്സും ആക്രമണം തുടങ്ങി.

അന്‍േറാണിയോ ജെര്‍മന്‍െറ പാസ് പിടിച്ചെടുത്ത് ബോക്്സില്‍നിന്നു വെട്ടിത്തിരിഞ്ഞ് നാസോണ്‍ തൊടുത്ത ഷോട്ട് പക്ഷേ പുറത്തേക്കായിരുന്നു. കളി കാല്‍മണിക്കൂര്‍ പിന്നിടവേ കൊല്‍ക്കത്തക്ക് കനത്ത പ്രഹരമായി പോസ്റ്റിഗ പരിക്കേറ്റു പിന്മാറി. പകരമത്തെിയത് യുവാന്‍ ബെലെന്‍കോസോ.
ഇരുടീമും അറ്റാക്കിങ്ങിന് പ്രാമുഖ്യം നല്‍കുമ്പോഴും ഇരുധ്രുവങ്ങളിലെയും പ്രതിരോധ മതിലുകള്‍ ശക്തമായിരുന്നു. ബ്ളാസ്റ്റേഴ്സില്‍ മുന്‍ സഹതാരമായ ഹ്യൂമിന്‍െറ നീക്കങ്ങളെ ഹെങ്ബര്‍ട്ട് തികഞ്ഞ ജാഗ്രതയോടെ പ്രതിരോധിച്ചു. വിങ്ങിലൂടെയുള്ള യാവി ലാറയുടെ നീക്കങ്ങളാണ് ആതിഥേയരെ പലപ്പോഴും ആധിയിലാഴ്ത്തിയത്. ഒരുതവണ ലാറയുടെ ക്രോസില്‍ തൊട്ടുകൊടുത്താല്‍ പന്ത് വലയിലത്തെിക്കാമായിരുന്ന അവസരം ബെലെന്‍കോസോക്ക് മുതലെടുക്കാനായില്ല.

കളി അരമണിക്കൂര്‍ പിന്നിടവേ ബ്ളാസ്റ്റേഴ്സ് ഗോളിനടുത്തത്തെിയിരുന്നു. ജെര്‍മന്‍െറ പൊള്ളുന്ന ഷോട്ട് പക്ഷേ, പോസ്റ്റിനെ തൊട്ടുതൊട്ടില്ളെന്ന മട്ടില്‍ മൂളിപ്പറന്നു. മികച്ച പന്തടക്കവുമായി പലപ്പോഴും പ്രതിരോധം കടന്നുകയറാനൊരുങ്ങിയ ജെര്‍മനെ പിടിച്ചുകെട്ടാനാണ് കൊല്‍ക്കത്ത പ്രതിരോധം കൂടുതല്‍ വിയര്‍പ്പൊഴുക്കിയത്. ആദ്യപകുതിയുടെ വഴിയേയായിരുന്നു രണ്ടാം പകുതിയുടെ തുടക്കവും.  ഒരു ഗോളിനുവേണ്ടിയുള്ള കാണികളുടെ ആരവം കനക്കുന്നതിനിടയില്‍ ഇരുനിരയുടെ മുന്നേറ്റങ്ങളും പ്രതിരോധത്തില്‍ തട്ടി തകര്‍ന്നുകൊണ്ടിരുന്നു. ഗാലറിയില്‍ മെക്സിക്കന്‍ തിരമാലകള്‍ ഒഴുകിപ്പടരുന്നതിനിടയില്‍ പക്ഷേ, നിറഞ്ഞ ഗാലറിയെ നിശ്ശബ്ദമാക്കി ബ്ളാസ്റ്റേഴ്സ് വലയില്‍ അപ്രതീക്ഷിതമായി പന്തുകയറി. ബെലെന്‍കോസോ നല്‍കിയ പന്തുമായി ബോക്സിനു സമാന്തരമായി മുന്നേറിയ ലാറ തൊടുത്ത ഷോട്ട് ജിങ്കാന്‍െറ കാലുകള്‍ക്കിടയില്‍തട്ടി ഗതിമാറി വലയുടെ വലതു മൂലയിലേക്ക് കയറിയപ്പോള്‍ സ്റ്റാക്ക് കാഴ്ചക്കാരന്‍ മാത്രമായി. പത്തുമിനിറ്റ് പിന്നിടവേ, സ്റ്റാക്കിനെ മാറ്റി ക്രോസ്ബാറിനു കീഴില്‍ ഐ.എസ്.എല്ലിലെ ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ കളിക്കാരനായ സന്ദീപ് നന്ദിയെ ബ്ളാസ്റ്റേഴ്സ് ഗ്ളൗസണിയിച്ചിറക്കി. സമനില ഗോള്‍ തേടി അവസാന നിമിഷങ്ങളില്‍ ബ്ളാസ്റ്റേഴ്സ് ആക്രമിച്ചുകയറാനൊരുങ്ങിയെങ്കിലും കൊല്‍ക്കത്തന്‍ കാവല്‍നിര അണുവിട പഴുതനുവദിച്ചില്ല.

ചൗധരിക്കു പകരം ബെല്‍ഫോര്‍ട്ടും നാസോണിനെ പിന്‍വലിച്ച് മൈക്കല്‍ ചോപ്രയും രംഗത്തത്തെിയിട്ടും കഥക്ക് മാറ്റമൊന്നുമുണ്ടായില്ല. 90ാം മിനിറ്റില്‍ കോര്‍ണര്‍കിക്കില്‍ ഹെങ്ബര്‍ട്ടിന്‍െറ ഹെഡറും ഇഞ്ചുകള്‍ക്ക് പുറത്തേക്ക് പറന്നു. ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിക്കുവേണ്ടിയുള്ള കാണികളുടെ ആര്‍പ്പുവിളിക്ക് റഫറിയുടെ മറുപടി ‘അഭിനയിച്ചതിന്’ ജെര്‍മന് മഞ്ഞക്കാര്‍ഡ് നല്‍കിയായിരുന്നു. അടുത്ത ഹോം മത്സരത്തില്‍ ഞായറാഴ്ച ബ്ളാസ്റ്റേഴ്സ്, ഡല്‍ഹി ഡൈനാമോസുമായി മാറ്റുരക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersISL 2016
News Summary - sachin hit lara
Next Story