ഋഷഭ് പന്ത് അടുത്ത സുഹൃത്ത്; മത്സരമില്ല –സഞ്ജു സാംസൺ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സ്ഥാനത്തിനായി ആരുമായും മത്സരമില്ലെന്ന് മലയാളിതാരം സഞ്ജു സാംസൺ. ഡൽഹി താരം ഋഷഭ് പന്ത് അടുത്ത സുഹൃത്താണ്. പന്തുമായി ടീമിലെ സ്ഥാനത്തിനായി മത്സരത്തിനില്ല. പന്തിനോടൊപ്പം കളിക്കാൻ ഏറെ ഇഷ്ടപ്പെടുന്നതായും തിരുവനന്തപുരം സ്വദേശിയായ ഇന്ത്യൻതാരം പറഞ്ഞു. മഹേന്ദ്ര സിങ് ധോണിയിൽ നിന്ന് ഏറെ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു.
കാത്തിരിപ്പ് കരുത്തനാക്കി
ഇന്ത്യൻ ടീമിൽ സ്ഥിരം സാന്നിധ്യമാകാൻ കാത്തിരിക്കുന്നതിന് വിഷമമില്ലെന്ന് സഞ്ജു വ്യക്തമാക്കി. കോമ്പിനേഷന് അനുസരിച്ചായിരിക്കും ടീം തെരഞ്ഞെടുപ്പ്. 2015ൽ അജിൻക്യ രഹാനെ താൽക്കാലിക നായകനായിരുന്നപ്പോൾ സിംബാംബ്വെക്കെതിരെ ഇന്ത്യൻ ടീമിനായി അരങ്ങേറിയ സഞ്ജുവിന് പിന്നീട് അവസരം ലഭിച്ചത് 2019ലാണ്. 2019ൽ ബംഗ്ലാദേശിനെതിരെ ടീമിൽ ഇടംപിടിച്ചെങ്കിലും കളിക്കാനായില്ല. ജനുവരിയിൽ ശ്രീലങ്കക്കും ന്യൂസിലൻഡിനും എതിരായ മത്സരങ്ങളിൽ കളിക്കാൻ അവസരം ലഭിച്ചെങ്കിലും ഉപയോഗപ്പെടുത്താനായില്ല.
2015നും 19നും ഇടയിൽ ഇന്ത്യൻ ടീമിൽനിന്ന് പുറത്തായ ഇടവേള തന്നിലെ കളിക്കാരനെയും വ്യക്തിയെയും കരുത്തനാക്കിയെന്ന് സഞ്ജു പറയുന്നു. ‘‘ടീമിൽനിന്ന് പുറത്തായ അഞ്ച് വർഷങ്ങൾ എനിക്ക് ഏറെ പ്രധാനമായിരുന്നു. നാലോ അഞ്ചോ ഐ.പി.എൽ സീസണുകളിലും ആഭ്യന്തര മത്സരങ്ങളിലും കളിച്ചു. എെൻറ അടിത്തറ ഈ അഞ്ച് വർഷങ്ങളിലാണ് പടുത്തുയർത്തിയത്. മാനസികമായി കരുത്തനാണ് ഞാൻ. ഏതുതരത്തിലുള്ള വ്യക്തിയും ക്രിക്കറ്ററുമാണെന്ന് തിരിച്ചറിയാനായി. എെൻറ കരുത്തും ദൗർബല്യവും തിരിച്ചറിഞ്ഞു. ലോകത്ത് എവിടെയും ഇന്ത്യൻ ടീമിനായി കളിക്കാനും മത്സരങ്ങൾ വിജയിപ്പിക്കാനും കഴിയും വിധത്തിൽ സ്വയം വളർത്താൻ ഈ വർഷങ്ങൾ സഹായിച്ചു’’ -സഞ്ജു സാംസൺ പറയുന്നു.
പന്തിനൊപ്പം കളിക്കാനാണ് ഇഷ്ടം
ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള പോരാട്ടത്തിൽ എതിരാളി ഋഷഭ് പന്താണ് എന്ന് എല്ലാവരും പറയുേമ്പാഴും സഞ്ജുവിെൻറ അഭിപ്രായം നേരെ തിരിച്ചാണ്. പന്തിനൊപ്പം കളിക്കാനും സമയം ചെലവിടാനുമാണ് ഏറെ ഇഷ്ടമെന്ന് ഈ 25കാരൻ പറയുന്നു. ‘ഋഷഭിനൊപ്പം ഐ.പി.എല്ലിൽ ഡൽഹി ഡെയർ ഡെവിൾസിനായി ഒന്നിച്ചുകളിച്ചിരുന്നു. ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. ഒരുപാട് സമയം ഒരുമിച്ച് ചെലവിട്ടു.
പന്ത് പ്രതിഭയുള്ള താരമാണ്. ഒരുമിച്ച് കളിക്കുന്നത് ഞങ്ങൾ ഇരുവരും ഇഷ്ടപ്പെടുന്നു. നിരവധി മത്സരങ്ങളിൽ ഒരുമിച്ച് ക്രീസിലെത്തിയിട്ടുണ്ട്. ഗുജറാത്ത് ലയൺസിനെതിരായ മത്സരത്തിൽ ഒരുമിച്ച് സിക്സറുകൾ അടിച്ചുകൂട്ടിയത് ഇന്നും ഓർമയുണ്ട്. സ്റ്റേഡിയത്തിെൻറ നാല് ഭാഗത്തേക്കും ഷോട്ടുകൾ ഉതിർത്ത് ഞങ്ങൾ ഇരുവരുംകൂടി ഗുജറാത്ത് മുന്നോട്ടുവെച്ച 200 റൺസിന് മുകളിലുള്ള ലക്ഷ്യം മറികടന്നു. ഇപ്പോഴും പന്തിനൊപ്പം കളിക്കുന്നതും സമയം ചെലവഴിക്കുന്നതും ഏറെ ആസ്വദിക്കുന്നു’ സഞ്ജു പറഞ്ഞു.
ധോണി പാഠപുസ്തകം
മഹേന്ദ്ര സിങ് ധോണി വിക്കറ്റ്കീപ്പിങ്ങിലും ബാറ്റിങ്ങിലും പാഠപുസ്തകമാണെന്നും സഞ്ജു പറഞ്ഞു. സിംബാബ്വെക്കെതിരെ അരങ്ങേറും മുമ്പ് ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ടീമിൽ സഞ്ജു സ്ഥാനം പിടിച്ചിരുന്നു. ഒട്ടേറെ കാര്യങ്ങൾ ഈ പരമ്പരയിൽനിന്ന് പഠിക്കാനായി. ‘മഹി ഭായിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. ടി.വിയിൽ അദ്ദേഹം കളിക്കുന്ന രണ്ട് മത്സരങ്ങൾ കണ്ടാൽ പോലും ഒരുപാട് മനസ്സിലാക്കാനാകും. ലോക ക്രിക്കറ്റിലെ ഏറ്റവും സമർഥരായ കളിക്കാരിൽ ഒരാൾ ധോണിയാണ്. അദ്ദേഹം ബാറ്റ് ചെയ്യുന്നതും ഇന്നിങ്സ് കെട്ടിപ്പടുക്കുന്നതും എല്ലാം കണ്ടുപഠിക്കേണ്ടതാണെന്നും സഞ്ജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.