പാക് ക്യാപ്റ്റൻ
text_fieldsരണ്ട് ഇന്ത്യൻ ക്രിക്കറ്റർമാരുടെ അഭിപ്രായങ്ങൾ മാത്രം മതി ഇംറാൻ ഖാൻ എന്ന നായകെൻറ വിലയറിയാൻ. സാങ്കേതികത്തികവുള്ള ബാറ്റ്സ്മാനായിട്ടും ദേശീയ ടീമിൽ സ്ഥിരസാന്നിധ്യമാവാൻ സാധിക്കാതിരുന്ന സഞ്ജയ് മഞ്ജരേക്കർ തെൻറ ആത്മകഥയായ ‘ഇംപർഫക്ടി’ൽ എഴുതി: ‘‘ ഇംറാൻ ഖാൻ എന്ന നായകെൻറ കീഴിലാണ് കളിച്ചിരുന്നതെങ്കിൽ ഞാൻ കുറച്ചുകൂടി മികച്ച അന്താരാഷ്ട്ര താരമാവുമായിരുന്നു.’’ 80കളിൽ ഇന്ത്യൻ ടീമിലെ പ്രധാന സ്പിന്നറായ മനീന്ദർ സിങ്ങിെൻറ വാക്കുകൾ, ‘‘ഇംറാനായിരുന്നു പാകിസ്താെൻറ ക്യാപ്റ്റനും കോച്ചും ചീഫ് സെലക്ടറുമെല്ലാം. അദ്ദേഹത്തിെൻറ വാക്കുകൾക്ക് മുകളിൽ നിൽക്കുന്ന ഒരു അധികാരകേന്ദ്രവും പാക് ക്രിക്കറ്റിൽ അന്നില്ലായിരുന്നു.’’
മികച്ച പേസ് ബൗളറും ഓൾറൗണ്ടറുമായിരുന്നെങ്കിലും ക്യാപ്റ്റൻ എന്ന നിലയിൽ തന്നെയായിരുന്നു ഇംറാെൻറ വിജയഗാഥ. 1982 മുതൽ 92 വരെയായിരുന്നു ഇംറാെൻറ നായകകാലം. വെസ്റ്റിൻഡീസ് ലോക ക്രിക്കറ്റിൽ കത്തിനിന്ന കാലം. അവരോട് കിടപിടിക്കുന്ന രീതിയിൽ പിടിച്ചുനിന്നത് ഇംറാെൻറ പാക് പടയായിരുന്നു. ഇരു ടീമുകളും തമ്മിൽ ആ കാലത്ത് നടന്ന മൂന്ന് ടെസ്റ്റ് പരമ്പരകളും 1-1 സമനിലയിലാണ് അവസാനിച്ചത് എന്നത് തന്നെ ഇംറാെൻറ കീഴിൽ പാക് പടയുടെ മികവ് വ്യക്തമാക്കുന്നു. ടീമിനെ മുന്നിൽനിന്ന് നയിക്കുന്നതിനൊപ്പം പുതുതാരങ്ങളെ കണ്ടെത്തുന്നതിലും അവർക്ക് വഴികാട്ടുന്നതിലും ടീമംഗങ്ങളെ മാനേജ് ചെയ്യുന്നതിലുമൊക്കെ ഇംറാെൻറ മിടുക്ക് അപാരമായിരുന്നു. പാക് ക്രിക്കറ്റിലെ ഇതിഹാസങ്ങളായി മാറിയ വസിം അക്രം, വഖാർ യൂനുസ്, ജാവേദ് മിയാൻദാദ്, ഇൻസമാമുൽ ഹഖ് തുടങ്ങിയവരെല്ലാം ഉദാഹരണങ്ങൾ.
1971ൽ പാക് ജഴ്സിയിൽ അരങ്ങേറിയ ഇംറാൻ രണ്ട് പതിറ്റാണ്ട് കാലമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിറഞ്ഞുനിന്നത്. ’87ൽ വിരമിച്ചെങ്കിലും ഭരണാധികാരി സിയാവുൽ ഹഖിെൻറ നിർബന്ധത്തിന് വഴങ്ങി ആ വർഷംതന്നെ തിരിച്ചെത്തി. മികച്ച പേസ് ബൗളറും പൊരുതിനിൽക്കുന്ന ബാറ്റ്സ്മാനുമായിരുന്നു ഇംറാൻ. ’80കളിൽ ഇയാൻ ബോതം, കപിൽദേവ്, റിച്ചാർഡ് ഹാർഡ്ലി എന്നിവർക്കൊപ്പം ലോക ക്രിക്കറ്റിലെ നാലംഗ ഓൾറൗണ്ടർ സംഘത്തിലെ അംഗം. പാക് ക്രിക്കറ്റ് ലോകക്രിക്കറ്റിന് സമ്മാനിച്ച റിവേഴ്സ് സ്വിങ്ങിെൻറ ആശാനായിരുന്നു ഇംറാൻ. സർഫറാസ് നവാസിൽനിന്ന് കിട്ടിയ ഈ രഹസ്യായുധം മികച്ച രീതിയിൽ ഉപയോഗിച്ചതിന് പുറമെ വസിം-വഖാർമാർക്ക് പകർന്നുനൽകുകയും ചെയ്തു അദ്ദേഹം.
’92ലെ ലോകകപ്പ് കിരീടനേട്ടം തന്നെയാണ് ഇംറാെൻറ കായിക കരിയറിലെ ഹൈലൈറ്റ്. പുറത്താകലിെൻറ വക്കിൽനിന്ന് ഉയിർത്തെഴുന്നേറ്റ് ഇംറാനും സംഘവും നടത്തിയ കുതിപ്പ് സമാനതകളില്ലാത്തതാണ്. ആ കിരീടം കൈയിൽ പിടിച്ച് അന്താരാഷ്ട്ര കരിയറിന് വിരാമമിട്ട ഇംറാൻ അതിന് നാലുവർഷത്തിന് ശേഷമാണ് രാഷ്ട്രീയ ഇന്നിങ്സിന് തുടക്കമിട്ടത്.
കളി കാര്യമാക്കിയവർ
ന്യൂഡൽഹി: മാന്ത്രികത ഒളിപ്പിച്ച പ്രകടനവുമായി നീണ്ടകാലം കളിയിടങ്ങളിൽ വാഴുകയും പിന്നീട് രാഷ്ട്രീയത്തിൽ പുതിയ കരിയർ കെട്ടിപ്പടുക്കുകയും ചെയ്തവരിൽ അവസാനത്തെ കണ്ണിയാണ് ഇംറാൻ ഖാൻ. രാഷ്ട്രത്തിെൻറ അമരത്ത് ഇരുന്നവരും അവരിലുണ്ട്. പാക് രാഷ്ട്രീയത്തിെൻറ എല്ലാമെല്ലാമായി ഇനി ഇംറാൻ വാഴുേമ്പാൾ ഒാർത്തുവെക്കേണ്ട പട്ടികയിലെ ചിലർ ഇവർ:
ജോർജ് വിയ്യ
ഫിഫ ലോക പുരസ്കാരം നേടിയ ഏക ആഫ്രിക്കൻ താരം. എ.സി മിലാൻ, മോണകോ, പി.എസ്.ജി, ചെൽസി, മാഴ്സെ തുടങ്ങി യൂറോപ്പിലെ ഏറ്റവും മുന്തിയ കളിമുറ്റങ്ങളിൽ നീണ്ട 18 വർഷം പന്തുതട്ടിയ താരത്തെ 2017ലാണ് ആഫ്രിക്കൻ രാജ്യമായ ലൈബീരിയയുടെ പ്രസിഡൻറായി ജനം തിരഞ്ഞെടുക്കുന്നത്. ഒരു ഹോളിവുഡ് ചിത്രത്തിന് വേണ്ടതെല്ലാം ചേർന്നതാണ് വിയ്യയുടെ ജീവിതമെന്ന് പറഞ്ഞത് ആഴ്സനൽ മുൻ േകാച്ച് ആഴ്സൻ വെങ്ങർ.
രാജ്യവർധൻ സിങ് റാത്തോഡ്
2002ലെ മാഞ്ചസ്റ്റർ കോമൺവെൽത്ത് ഗെയിംസിലും 2003ലെ ലോക ചാമ്പ്യൻഷിപ്പിലും 2004ലെ ആതൻസ് ഒളിമ്പിക്സിലും ഇന്ത്യയുടെ അഭിമാനമായ ഷൂട്ടിങ് താരമായ രാജ്യവർധൻ സിങ് റാത്തോഡ് 2013ലാണ് ബി.ജെ.പിയിൽ ചേർന്ന് രാഷ്ട്രീയം അഭ്യസിച്ചുതുടങ്ങിയത്. 2017ൽ കേന്ദ്ര കായിക മന്ത്രിയായി.
ജാക് കെംപ്
അമേരിക്കൻ ഫുട്ബാൾ ലീഗിലെ മിന്നും താരമായിരുന്ന ജാക് കെംപിനെ ലോകം കൂടുതലറിയുന്നത് പക്ഷേ, അദ്ദേഹം രാഷ്ട്രീയം തുടങ്ങിയപ്പോഴാണ്. ’70കളിൽ കളിനിർത്തിയ കെംപ് 1996ൽ യു.എസ് വൈസ് പ്രസിഡൻറ് പദത്തിലേക്ക് മത്സരിച്ചു. അർബുദ ബാധിതനായി 2009ൽ മരിച്ചു.
ഇദി അമീൻ
ലക്ഷങ്ങളെ അറുകൊല ചെയ്ത് യുഗാണ്ടയെ ഭീതിയിൽ നിർത്തിയ ഏകാധിപതിയായിരുന്ന ഇദി അമീൻ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുംമുമ്പ് അറിയപ്പെട്ട ബോക്സറായിരുന്നു. യുഗാണ്ടയിൽ ലൈറ്റ് ഹെവിവെയ്റ്റ് ബോക്സിങ് ചാമ്പ്യൻപട്ടം 1951 മുതൽ നീണ്ട 10 വർഷം ഇദി അമീനിനായിരുന്നു.
റൊമാരിയോ
1994ൽ ഫിഫ ലോകകപ്പിൽ മുത്തമിട്ട സാംബ ടീമിെൻറ നെടുംതൂണായിരുന്ന റൊമാരിയോ പെലെക്കും റൊണാൾഡോക്കും ശേഷം ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോളുകൾ സ്കോർ ചെയ്ത മൂന്നാമനായാണ് കളി നിർത്തിയത്. നിലവിൽ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട റൊമാരിയോ റിയോ ഡെ ജനീറോ സംസ്ഥാന ഗവർണർ പദവിയിലേക്ക് മത്സരിക്കാനിരിക്കുകയാണ്.
നവ്ജോത് സിങ് സിദ്ദു
ഇന്ത്യൻ ബാറ്റിങ്ങിെൻറ െനടുംതൂണായിരുന്ന നവ്ജോത് സിങ് സിദ്ദു 1987 ലോകകപ്പിൽ തുടരെ അർധ സെഞ്ച്വറികൾ നേടി റെക്കോഡിട്ടിരുന്നു. 2004ൽ ബി.ജെ.പിക്കൊപ്പം ചേർന്ന് പാർലമെൻറിലെത്തിയ താരം 2017ൽ കൂടുമാറി കോൺഗ്രസിലെത്തി പഞ്ചാബ് സർക്കാർ മന്ത്രിയായി.
ഗാരി കാസ്പറോവ്
ചെസിൽ എക്കാലത്തെയും മികച്ച കളിക്കാരനായി വാഴ്ത്തപ്പെടുന്ന ഗാരി കാസ്പറോവ് 2005ൽ കളിനിർത്തി രാഷ്ട്രീയത്തിൽ കടന്നത് നിലവിലെ പ്രസിഡൻറ് വ്ലാദ്മിർ പുടിെൻറ എതിരാളിയായി. ‘അദർ റഷ്യ’ സഖ്യത്തിെൻറ സ്ഥാനാർഥിയായി പ്രസിഡൻറ് പദത്തിലേക്ക് അങ്കം കുറിച്ചെങ്കിലും സമ്മർദങ്ങൾ അതിജീവിക്കാനാവാതെ ഒടുവിൽ പിന്മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.