ഒളിമ്പ്യനെ സമ്മാനിച്ച അമ്മ
text_fieldsവയനാട് തൃശ്ശിലേരിയിലെ വയലരികെയുള്ള കൊച്ചുവീട്ടിൽനിന്ന് റിയോ ഒളിമ്പിക്സും കടന്ന് നാടിെൻറ അഭിമാനമായി കുതിക്കുന്ന ഒ.പി. ജെയ്ഷയെന്ന ഓട്ടക്കാരിയെ മാത്രമേ രാജ്യമറിയൂ. ഇല്ലായ്മയുടെ വറചട്ടിയിൽനിന്ന് ആ പൊൻ താരത്തെ ഉൗതിക്കാച്ചിയെടുത്ത മറ്റൊരു വനിതയെ നാടറിയില്ല. അംഗീകാരങ്ങൾ തേടിയെത്തിയിട്ടുമില്ല. ശ്രീദേവി, ഒളിമ്പ്യൻ ഒ.പി. ജെയ്ഷയുടെ അമ്മ.
ഒരു അപകടത്തിൽപെട്ട് അച്ഛൻ പി.കെ. വേണുഗോപാൽ കിടപ്പിലാവുമ്പോൾ ജെയ്ഷക്ക് അഞ്ചു വയസ്സു മാത്രമായിരുന്നു പ്രായം. ജെയ്ഷ മാത്രമല്ല, അവളുടെ ചേച്ചിമാരായ മറ്റ് മൂന്നു പെൺകുട്ടികളുടെ ഭാവിയും കിടപ്പിലായ ഭർത്താവിെൻറ ചികിത്സയുമെല്ലാം ശ്രീദേവിയിലായിരുന്നു. അരവയർ നിറക്കാൻ നിവൃത്തിയില്ലാത്ത കാലത്ത് ഗൃഹനാഥൻകൂടി അവശനായപ്പോൾ ആ അമ്മ പകച്ചുപോയില്ല. 50 സെൻറ് ഭൂമിയായിരുന്നു ആകെയുണ്ടായിരുന്നത്.
പക്ഷേ, പകുതിയോളം പാറ മാത്രമുള്ള ആ മണ്ണിൽനിന്ന് ജീവിക്കാനുള്ളതൊന്നും കിട്ടുമായിരുന്നില്ല. ഒരു പശുവുള്ളതായിരുന്നു പട്ടിണിയോടു പടവെട്ടാൻ മുന്നിലുള്ള ഏക മാർഗം. അച്ഛെൻറ മരുന്നിനും ആറു പേരുടെ ജീവിതച്ചെലവിനുമൊന്നും അത് തികഞ്ഞിരുന്നില്ല. പലനേരവും അവർ പട്ടിണി കിടന്നു. ഉള്ളത് മക്കളുടെ വിശപ്പകറ്റാൻ മാറ്റിവെക്കുമ്പോൾ ആ അമ്മക്ക് പട്ടിണിയായിരുന്നു ബാക്കി.
പശുവിനെ മേയ്ക്കലും പാൽപാത്രമേറ്റിയുള്ള അരക്കിലോമീറ്റർ നടത്തവും സ്കൂളിലേക്ക് രാവിലെയും ഉച്ചക്കും വൈകീട്ടുമുള്ള ഓട്ടങ്ങളുമായി അമ്മയേൽപിക്കുന്ന ജോലി പൂർത്തിയാക്കാൻ എട്ട്-ഒമ്പത് കിലോമീറ്റർ ദിവസവും ഓടും. ഇതായിരുന്നു തന്നെ ഒളിമ്പിക്സോളമെത്തിച്ച പരിശീലനത്തിെൻറ അടിത്തറയെന്നും ജെയ്ഷ പറയുന്നു.
പത്താം ക്ലാസുകാരിയായിരിക്കെ കേരളോത്സവത്തിൽ ജയിച്ചുതുടങ്ങിയ അത്ലറ്റിക്സ് ജീവിതം തലക്കുളം സ്കൂളിലെ പ്ലസ്ടു വും ചങ്ങനാശ്ശേരി അസംപ്ഷൻ കോളജും കഴിഞ്ഞ് ഇന്ത്യൻ ക്യാമ്പിലെത്തുമ്പോഴും അകലങ്ങളിൽനിന്ന് അദൃശ്യ സാന്നിധ്യമായി അമ്മയുണ്ടായിരുന്നു ഒപ്പം. ജോലി ലഭിച്ച് ജീവിതസാഹചര്യം മെച്ചപ്പെട്ടപ്പോൾ അതെല്ലാം തിരികെനൽകാനും ഞാൻ ശ്രമിച്ചിട്ടുണ്ട് -ജെയ്ഷ പറയുന്നു. എങ്കിലും, ഒന്നുമില്ലായ്മയിൽനിന്ന് ഇത്രത്തോളം ഉയർന്നുപറക്കാൻ ചിറകുനൽകിയ കരങ്ങൾക്ക് ഒന്നും തിരിച്ചുനൽകിയാൽ മതിയാവില്ലെന്ന് ജെയ്ഷ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.