ഗാംഗുലി തന്ന പിന്തുണ കോഹ്ലിയിൽ നിന്നോ ധോണിയിൽ നിന്നോ ലഭിച്ചിട്ടില്ല -യുവരാജ്
text_fieldsഅന്താരാഷ്ട്ര ക്രിക്കറ്റിൽ തന്നെ വട്ടം കറക്കിയ ബൗളറെ വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം യുവ്രാജ് സിങ്. ശ്രീലങ്കയുടെ ദൂസര വീരൻ മുത്തയ്യ മുരളീധരനാണ് യുവരാജിനെ വെള്ളം കുടിപ്പിച്ചതെന്ന് ‘ദ ഹിന്ദുവിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു. വിജയകരമായ ക്രിക്കറ്റ് കരിയറിൽ ഏറ്റവും കൂടുതൽ ആശങ്ക വിധച്ച ബൗളർമാരെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘ഞാൻ മുത്തയ്യ മുരളീധരെൻറ ബൗളിങ്ങിലാണ് ഏറ്റവും ബുദ്ധിമുട്ടിയിരുന്നത്. എനിക്ക് അദ്ദേഹത്തിെൻറ ബൗളിങ്ങിനെ കുറിച്ച് യാതൊരു സൂചനയുമില്ലായിരുന്നു. ഒടുവിൽ ആ ബൗളിങ്ങിന് ബാറ്റ് ചെയ്യാൻ എങ്ങനെ പരിശീലിച്ചുവെന്നും യുവരാജ് വെളിപ്പെടുത്തി. ഇന്ത്യൻ ഇതിഹാസം സചിൻ ടെണ്ടുൽക്കറാണ് മുത്തയ്യ മുരളീധരെൻറ ബോൾ നേരിടാൻ യുവിയെ പഠിപ്പിച്ചിതത്രേ. മുരളീധരെൻറ ബോളുകൾക്ക് സ്വീപ്പ് ഷോട്ടുകൾ പായിക്കാനാണ് സചിൻ ഉപദേശിച്ചതെന്നും അതിൽ താൻ വിജയിച്ചെന്നും യുവി പറഞ്ഞു.
ഗ്ലെൻ മഗ്രാത്താണ് എവേ ഗോയിങ് ഡെലിവറിയിൽ എന്നെ ഏറെ ബുദ്ധിമുട്ടിച്ചിരുന്ന മറ്റൊരു താരം. എന്നാൽ ഭാഗ്യത്തിന് അദ്ദേഹത്തിനെതിരെ ബാറ്റ് ചെയ്യാൻ എനിക്ക് അധികം അവസരം ലഭിച്ചിട്ടില്ല. കാരണം ടെസ്റ്റ് പരമ്പരകളിൽ ഞാൻ മിക്കപ്പോഴും ഗാലറിയിരുന്ന് സീനിയർ താരങ്ങളെ പ്രോത്സാഹിപ്പിക്കലായിരുന്നു. ഇന്ത്യയുടെ രണ്ട് വമ്പൻ കിരീട നേട്ടങ്ങളായ 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ടീമിെൻറ വിജയ ശിൽപ്പികളിലൊരാളായിരുന്നു യുവി.
ഗാംഗുലിയുടെ നായകത്വത്തിൽ 2000ൽ ആസ്ട്രേലിയക്കെതിരെ ചാമ്പ്യൻസ് ട്രോഫിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച യുവരാജിന് പക്ഷെ മഹിയാണോ ദാദയാണോ മികച്ച നായകൻ എന്ന ചോദ്യത്തിന് ഉത്തരമില്ല. സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വിരേന്ദർ സെവാഗ്, ഗൗതം ഗംഭീർ, മഹേന്ദ്ര സിങ് ധോണി, വിരാട് കോഹ്ലി തുടങ്ങിയ താരങ്ങളുടെ കീഴിൽ കളിച്ച യുവിക്ക് ഏറ്റവും പ്രിയപ്പെട്ട നായകൻ ദാദ തന്നെയാണ്. ഗാംഗുലിയുടെ കീഴിൽ കളിച്ച ഓർമകളാണ് എന്നിൽ കൂടുതലുള്ളത്. അദ്ദേഹം തന്ന പിന്തുണ അളവറ്റതാണ്. ആ പിന്തുണ കോഹ്ലിയിൽ നിന്നോ, മഹിയിൽ നിന്നോ ലഭിച്ചിട്ടില്ല. -യുവരാജ് പറഞ്ഞു.
കരിയറിലെ ഏറ്റവും ഇഷട്മുള്ള ഇന്നിങ്സിനെ കുറിച്ചും യുവി വാചാലനായി. 2007ൽ ബംഗളൂരുവിൽ നടന്ന മത്സരത്തിൽ ഇന്ത്യ 61ന് നാലെന്ന നിലയിൽ തകർന്നടിയുന്ന സമയത്ത് അടിച്ചുകൂട്ടിയ 169 റൺസാണ് യുവിക്ക് ഏറ്റവും ഇഷ്ടമുള്ള ഇന്നിങ്സ്. അതോടൊപ്പം 2011ലെ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ആസ്ട്രേലിയക്കെതിരെ നേടിയ 59 റൺസ് നോട്ട് ഒൗട്ടും അതുപോലെ ആറ് പന്തിൽ ആറ് സിക്സ് നേടിയ നിമിഷവുമൊക്കെ യുവി ഒാർമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.