വെസ്റ്റ് ഏഷ്യൻ അത്ലറ്റിക്സ്; ഖത്തർ ജേതാക്കൾ
text_fieldsദോഹ: ലോക അത്ലറ്റിക്സിലെ സൂപ്പർ താരങ്ങൾ മത്സരിക്കുന്ന ഡയമണ്ട് ലീഗിന് മുമ്പായി സുഹൈം ബിൻ ഹമദ് സ്റ്റേഡിയം സാക്ഷ്യംവഹിച്ച വെസ്റ്റ് ഏഷ്യൻ അത്ലറ്റിക്സിൽ കിരീടമണിഞ്ഞ് ആതിഥേയർ.പുരുഷ-വനിത വിഭാഗങ്ങളിലായി 13 സ്വർണം ഉൾപ്പെടെ 28 മെഡലുകളുമായി ഖത്തർ ജേതാക്കളായി. അവസാന ദിനത്തിൽ നാല് സ്വർണം, മൂന്ന് വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെ 10 മെഡലുകളാണ് ഖത്തരി താരങ്ങൾ പോക്കറ്റിലാക്കിയത്. ഗൾഫ് രാജ്യങ്ങളും അറബ് രാജ്യങ്ങളും ഉൾപ്പെടെ മേഖലയിലെ 12 രാജ്യങ്ങൾ മേളയിൽ പങ്കെടുത്തിരുന്നു.
200 മീറ്ററിൽ ഖത്തറിന്റെ അതിവേഗ താരം ഫെമി ഒഗുനോഡെ, ഹാമർത്രോയിൽ അഹമ്മദ് അൽ സൈഫി, 1500 മീറ്ററിൽ അബ്ദുൽ റഹ്മാൻ സഈദി എന്നിവർ അവസാനദിനം സ്വർണമണിഞ്ഞു. മുസാബ് ആദം (1500), യാസിർ സലിം (5000 മീ), വനിതാ 4x400 മീ റിലേ എന്നിവയിൽ ആതിഥേയർ അവസാന ദിനം വെള്ളി നേടി.
ഖലിൽ ബദവി (ഹാമർത്രോ), 4x100 മീ റിലേ പുരുഷ വിഭാഗം, സമർ അൽ മൻസൂരി (ഹെപ്റ്റാത്ലൺ) എന്നിവർ വെങ്കലവും നേടി.വിവിധ രാജ്യങ്ങളിൽനിന്നുള്ള മികച്ച കായിക താരങ്ങൾ മാറ്റുരച്ച വെസ്റ്റ് ഏഷ്യൻ അത്ലറ്റിക്സ് നിലവാരം പുലർത്തിയതായി ഖത്തർ അത്ലറ്റിക്സ് ഫെഡറേഷൻ സെക്രട്ടറി ജനറലും മുൻ അത്ലറ്റുമായ തലാൽ മൻസൂർ പറഞ്ഞു.
അന്താരാഷ്ട്രതലത്തിൽ മേഖലയിൽനിന്നുള്ള താരങ്ങൾ സമീപഭാവിയിൽ മികച്ച പ്രകടനങ്ങളുമായി നേട്ടംകൊയ്യുമെന്നും പ്രതിഭകളായ താരങ്ങൾ വിവിധ രാജ്യങ്ങൾക്കുവേണ്ടി ഇവിടെ കളത്തിലിറങ്ങിയെന്നും അദ്ദേഹം പ്രതികരിച്ചു.13 സ്വർണവും എട്ട് വെള്ളിയും ഏഴ് വെങ്കലവുമായി 28 മെഡലാണ് ഖത്തർ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.