സ്വപ്നിലിന്റെ സ്വപ്നങ്ങൾക്ക് വിലങ്ങിട്ടിരുന്നതാര്?; ഒളിമ്പിക്സ് മെഡൽ നേട്ടത്തിന് പിന്നാലെ ചർച്ചയായി റെയിൽവേയുടെ പ്രമോഷൻ തടയൽ
text_fieldsപാരിസ്: ഒളിമ്പിക്സ് ഷൂട്ടിങ്ങിൽ വെങ്കലം നേടി ഇന്ത്യയുടെ അഭിമാന താരമായ സ്വപ്നിൽ കുശാലെക്ക് അധികൃതരിൽനിന്ന് നേരിടേണ്ടിവന്നത് കടുത്ത അവഗണന. റെയിൽവേയിൽ ടിക്കറ്റ് കലക്ടറായി (ടി.സി) ജോലി ചെയ്യുന്ന സ്വപ്നിലിന്റെ സ്വപ്നങ്ങൾക്ക് വിലങ്ങിടാൻ ഉദ്യോഗസ്ഥ ലോബി തന്നെയുണ്ടായിരുന്നു. വർഷങ്ങളായി താരത്തിന്റെ പ്രമോഷൻ ഫയൽ സെൻട്രൽ റെയിൽവേ ഓഫിസിൽ അനങ്ങാതെ കിടക്കുകയാണ്.
2015ൽ ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതിന് പിന്നാലെ അതേവർഷമാണ് റെയിൽവേയിൽ ടിക്കറ്റ് കലക്ടറായി ജോലി ലഭിച്ചത്. ഇതോടെ, പരിശീലനത്തിനുള്ള വരുമാനം സ്വന്തമായി കണ്ടെത്താനായി. എന്നാൽ, ഇതുവരെ ഒരുതവണ പോലും പ്രമോഷൻ ലഭിച്ചിട്ടില്ല. സീനിയർ ഓഫിസർമാരുടെ പെരുമാറ്റങ്ങളിൽ സ്വപ്നിലിന് കടുത്ത അതൃപ്തിയുണ്ടായിരുന്നെന്നും പ്രമോഷനെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം പരുഷമായ മറുപടികളാണ് ലഭിച്ചിരുന്നതെന്നും താരത്തിന്റെ സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.
മെഡൽ നേട്ടത്തിന് പിന്നാലെ അവഗണന പുറത്തുവന്നതോടെ വെള്ളിയാഴ്ചയോടെ സ്വപ്നിലിന് ഇരട്ട പ്രമോഷൻ നൽകുമെന്ന വാഗ്ദാനവുമായി സെൻട്രൽ റെയിൽവേ അസി. സ്പോർട്സ് ഓഫിസറും മുൻ ട്രിപ്പിൾ ജംപ് താരവുമായ രഞ്ജിത് മഹേശ്വരി രംഗത്തെത്തി. ജറൽ മാനേജറുമായി സംസാരിച്ചിട്ടുണ്ടെന്നും ഇരട്ട പ്രമോഷൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. സ്വപ്നിലിന്റെ പ്രമോഷൻ തടഞ്ഞതുമായി ബന്ധപ്പെട്ട ചോദ്യമുയർന്നപ്പോൾ അതിനെ കുറിച്ച് അന്വേഷിക്കുമെന്നായിരുന്നു സെൻട്രൽ റെയിൽവേ ചീഫ് പബിക് റിലേഷൻ ഓഫിസർ അറിയിച്ചത്.
13ാം വയസ്സിൽ മഹാരാഷ്ട്ര സർക്കാരിന്റെ സ്കൂൾതല കായികപദ്ധതിയിൽ ചേർന്നതാണ് സ്വപ്നിലിന്റെ കരിയറിൽ വഴിത്തിരിവായത്. ഷൂട്ടിങ് പരിശീലനത്തിന് ചേർന്നെങ്കിലും അതിന് വരുന്ന ചെലവുകൾ കുടുംബത്തിന് വെല്ലുവിളിയായിരുന്നു. മകന് ഈ കായികയിനത്തിൽ ഭാവിയുണ്ടെന്ന് പരിശീലകൻ വിശ്വജിത് ഷിൻഡെ പിതാവ് സുനിലിനോട് പറഞ്ഞതോടെ അദ്ദേഹം മകന് മികച്ച റൈഫിൾ വാങ്ങാൻ ബാങ്കിൽനിന്ന് വായ്പയെടുത്തത് 10 ലക്ഷം രൂപയാണ്. ഇത് ജീവിതത്തിൽ വഴിത്തിരിവാകുകയും ഒളിമ്പിക്സ് വെങ്കല മെഡൽ നേട്ടത്തിൽ വരെ എത്തുകയുമായിരുന്നു. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിലാണ് സ്വപ്നിൽ മൂന്നാമതെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.