27 വർഷത്തിന് ശേഷം ലങ്കക്കെതിരെ പരമ്പര നഷ്ടമാവുമോ?; അവസാന ഏകദിനത്തിൽ ഇന്ത്യക്ക് മുന്നിൽ കടുത്ത വെല്ലുവിളി
text_fieldsകൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിന് ബുധനാഴ്ച ഇന്ത്യയിറങ്ങുമ്പോൾ മുന്നിലുള്ളത് വൻ വെല്ലുവിളി. ഈ മത്സരം തോൽക്കുകയോ ടൈയാവുകയോ ചെയ്താൽ നീണ്ട 27 വർഷത്തിന് ശേഷം അവർക്കെതിരെ പരമ്പര നഷ്ടമായെന്ന നാണക്കേടാണ് രോഹിത് ശർമയെയും സംഘത്തെയും കാത്തിരിക്കുന്നത്. ഇന്നുച്ചക്ക് ഇന്ത്യൻ സമയം 2.30 മുതൽ കൊളംബോയിലെ ആർ. പ്രേമദാസ ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. 1997ലാണ് ഇന്ത്യക്കെതിരെ ശ്രീലങ്ക അവസാനമായി ഏകദിന പരമ്പര സ്വന്തമാക്കിയത്.
ട്വന്റി 20 പരമ്പര 3-0ത്തിന് തൂത്തുവാരിയ ഇന്ത്യക്ക് ഏകദിന പരമ്പര പ്രതീക്ഷിച്ച പോലെയായില്ല. ആദ്യ മത്സരത്തിൽ ശ്രീലങ്ക നേടിയ 230 റൺസിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയും അതേ സ്കോറിന് പുറത്താവുകയായിരുന്നു. ജയിക്കാൻ 14 പന്തിൽ ഒരു റൺസ് മാത്രം വേണ്ടിയിരിക്കെ അവിശ്വസനീയമായി രണ്ട് വിക്കറ്റ് നഷ്ടമായതോടെയാണ് ഇന്ത്യയുടെ കൈയിൽനിന്ന് ജയം വഴുതിമാറിയത്.
രണ്ടാം ഏകദിനത്തിലും അനായാസ ജയത്തിലേക്കെന്ന് തോന്നിച്ച ശേഷം ഇന്ത്യൻ ബാറ്റിങ് അവിശ്വസനീയമായി തകർന്നടിയുകയായിരുന്നു. ശ്രീലങ്കയൊരുക്കിയ 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 208 റൺസിന് പുറത്തായി. 13.3 ഓവറിൽ ഒരു വിക്കറ്റിന് 97 റൺസെന്ന ശക്തമായ നിലയിൽനിന്നായിരുന്നു സന്ദർശകരുടെ തകർച്ച. ആറ് വിക്കറ്റ് നേടിയ ജെഫ്രി വാൻഡർസെയുടെയും മൂന്ന് വിക്കറ്റ് നേടിയ ചരിത് അസലങ്കയുടെയും സ്പിന്നിന് മുമ്പിൽ ഇന്ത്യൻ ബാറ്റർമാർ കറങ്ങി വീഴുകയായിരുന്നു.
മൂന്നാം ഏകദിനത്തിനിറങ്ങുമ്പോൾ വിരാട് കോഹ്‍ലിയടക്കമുള്ള ബാറ്റർമാരുടെ മോശം ഫോമാണ് ഇന്ത്യയെ അലട്ടുന്നത്. രണ്ട് മത്സരങ്ങളിൽ 38 റൺസാണ് കോഹ്‍ലിയുടെ സംഭാവന. ശിവം ദുബെക്ക് പകരം റിയാൻ പരാഗിനെ െപ്ലയിങ് ഇലവനിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. ബാൾ കൊണ്ട് കൂടുതൽ ഉപയോഗപ്പെടുത്താമെന്നതാണ് പരാഗിനെ പരിഗണിക്കാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.