വനിത ഫുട്ബാൾ ലോകകപ്പിന് ഇന്ന് കിക്കോഫ്
text_fieldsസിഡ്നി/ഓക്ലൻഡ്: വിശ്വരാജ്ഞിയെ തീരുമാനിക്കാൻ ലോക ഫുട്ബാളിൽ 32 ടീമുകൾ പന്തുമായി മൈതാനത്തേക്ക്. ഒമ്പതാമത് ഫിഫ വനിത ലോകകപ്പിന് വ്യാഴാഴ്ച മുതൽ ആസ്ട്രേലിയയും അയൽക്കാരായ ന്യൂസിലൻഡും വേദിയാവും. ആതിഥേയരായ ഇരു രാജ്യങ്ങളും ഇന്ന് ആദ്യ മത്സരങ്ങൾക്കും ഇറങ്ങും. ഓക്ലൻഡിലെ ഈഡൻപാർക്കിൽ ന്യൂസിലൻഡും നോർവേയും തമ്മിൽ ഏറ്റുമുട്ടും. സിഡ്നിയിലെ സ്റ്റേഡിയം ആസ്ട്രേലിയയിൽ ആസ്ട്രേലിയയെ റിപ്പബ്ലിക് ഓഫ് അയർലൻഡും നേരിടും. യഥാക്രമം ഇന്ത്യൻ സമയം ഉച്ചക്ക് 12.30നും വൈകീട്ട് 3.30നുമാണ് മത്സരങ്ങൾ.
ഇക്കുറി ടീമുകൾ 32; പത്ത് വേദികളിൽ
1991ലാണ് വനിത ലോകകപ്പ് തുടങ്ങുന്നത്. ആദ്യ രണ്ടു തവണ 12 ടീമുകളായിരുന്നു. പിന്നെ 16ലേക്കും 24ലേക്കും ഉയർന്നു. ഇതാദ്യമായി 32 ടീമുകളാണ് ഇക്കുറി പോരിനിറങ്ങുന്നത്. എട്ടിൽ നാലു പ്രാവശ്യവും യു.എസായിരുന്നു ജേതാക്കൾ. ജർമനി രണ്ടും നോർവേയും ഏഷ്യൻ പ്രതിനിധികളായ ജപ്പാനും ഓരോ തവണയും കിരീടം ചൂടി. യു.എസാണ് നിലവിലെ ചാമ്പ്യന്മാർ. ഇവരും ജർമനി, നോർവേ, ജപ്പാൻ, സ്വീഡൻ, ബ്രസീൽ, ചൈന, നെതർലൻഡ്സ് ടീമുകളും ഓരോ വട്ടം റണ്ണറപ്പുകളായി.
പത്ത് വേദികളിലായാണ് കളി. ആസ്ട്രേലിയയിൽ സിഡ്നിക്കു പുറമെ മെൽബൺ, ബ്രിസ്ബേൻ, അഡലെയ്ഡ്, പെർത്ത് എന്നിവിടങ്ങളിലും ന്യൂസിലൻഡിൽ ഓക്ലൻഡ് കൂടാതെ വെലിങ്ടൺ, ഡുനേഡിൻ, ഹാമിൽട്ടൺ എന്നിവിടങ്ങളിലും മത്സരങ്ങൾ നടക്കും. സിഡ്നിയിൽ രണ്ടു സ്റ്റേഡിയങ്ങളിലുണ്ട്. ആഗസ്റ്റ് നാലു വരെയാണ് ഗ്രൂപ് റൗണ്ട്. 20ന് സിഡ്നിയിലെ സ്റ്റേഡിയം ആസ്ട്രേലിയയിൽ ഫൈനൽ മത്സരം.
കിരീട ഫേവറിറ്റുകൾ
യു.എസ്, ഇംഗ്ലണ്ട്, സ്പെയിൻ, ജർമനി എന്നിവരാണ് കിരീടസാധ്യത കൽപിക്കപ്പെടുന്നവരിൽ മുന്നിൽ. ആദ്യ ലോകകപ്പിൽ കിരീടം നേടിയ അമേരിക്കക്കാർ പിന്നീട് 1999ലും 2015, 19 വർഷങ്ങളിലും ചാമ്പ്യന്മാരായി. ലക്ഷ്യമിടുന്നത് ഹാട്രിക്കാണ്. മേഗൻ റാപിനോ, അലക്സ് മോർഗൻ, റോസ് ലാവെല്ലെ തുടങ്ങിയ വൻതാരനിര യു.എസിനുണ്ട്. ‘ത്രീ ലയൺസ്’ എന്നറിയപ്പെടുന്ന ഇംഗ്ലണ്ട് ഇതുവരെ ലോകകപ്പ് ജയിച്ചിട്ടില്ലെങ്കിലും ഇക്കുറി അത് സംഭവിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്. ബ്രസീലിനെതിരെ ഫൈനലിസിമ നേടിയ ബലത്തിലാണ് ഇംഗ്ലണ്ട് എത്തുന്നത്. ഒരു വർഷത്തിലേറെ നീണ്ട വിവാദങ്ങൾക്കൊടുവിൽ 15ഓളം പ്രധാന താരങ്ങൾ ടീം വിട്ടെങ്കിലും സ്പെയിനിനെ എഴുതിത്തള്ളാനാവില്ല. സൂപ്പർ താരം അലക്സിയ പുറ്റെല്ലസടക്കമുള്ള വൻനിരയുണ്ട്. ഫിഫ റാങ്കിങ്ങിൽ രണ്ടാമന്മാരായ ജർമനി യൂറോപ്യൻ ചാമ്പ്യൻഷിപ് ഫൈനലിസ്റ്റാണ്. എട്ടു യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളും രണ്ടു ലോകകപ്പുകളും സ്വന്തമായുണ്ട്.
അരങ്ങേറാൻ മൊറോക്കോ
വനിത ലോകകപ്പിന് യോഗ്യത നേടിയ ആദ്യ അറബ് രാജ്യമെന്ന ചരിത്രവുമായാണ് മൊറോക്കോ എത്തുന്നത്. ഖത്തറിൽ പുരുഷ ലോകകപ്പ് സെമി ഫൈനലിലെത്തി അത്ഭുതം കാട്ടി ഇവരുടെ പുരുഷ സംഘം. ഫിഫ റാങ്കിങ്ങിൽ 72ാം സ്ഥാനത്താണ് മൊറോക്കൻ വനിത ടീം. 2020ലെ യുനാഫ് ടൂർണമെന്റിൽ ചാമ്പ്യന്മാരായതും 2022ലെ വനിത ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിലെ റണ്ണറപ്പായതുമാണ് സമീപകാലത്തെ പ്രധാന നേട്ടങ്ങൾ. ലോകകപ്പിൽ കൊളംബിയ, ജർമനി, ദക്ഷിണ കൊറിയ ടീമുകളുൾപ്പെടുന്ന ഗ്രൂപ് എച്ചിലാണ് മൊറോക്കോ. ജൂലൈ 24നാണ് ജർമനിയുമായി ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.