വനിത ട്വന്റി 20 ലോകകപ്പ്: സെമിയിലെത്താൻ ഇന്ത്യക്ക് കടമ്പകളേറെ
text_fieldsദുബൈ: വനിത ട്വന്റി20 ലോകകപ്പിലെ രണ്ടാം മത്സരം ജയിച്ചെങ്കിലും ഇന്ത്യക്ക് സെമി ഫൈനൽ പ്രവേശനം കടുക്കും. ഗ്രൂപ് എയിൽ രണ്ട് മത്സരങ്ങളിൽ രണ്ട് പോയന്റോടെ നിലവിൽ നാലാമതാണ് ഹർമൻപ്രീത് കൗറും സംഘവും. ഓരോ കളികളിൽ രണ്ട് വീതം പോയന്റ് നേടി ന്യൂസിലൻഡും ആസ്ട്രേലിയയും ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ട്. രണ്ട് മത്സരങ്ങൾ കളിച്ച പാകിസ്താൻ (2) മൂന്നും ശ്രീലങ്ക (0) അഞ്ചും സ്ഥാനങ്ങളിലാണ്. ആദ്യ രണ്ടിലെത്തുന്നവർക്ക് മാത്രമാണ് സെമി. ലങ്കയെയും ആസ്ട്രേലിയെയും തോൽപിച്ചാൽ ഇന്ത്യക്ക് ലഭിക്കുക ആറ് പോയന്റാണ്. ഇതുകൊണ്ട് മാത്രം കാര്യമില്ല. മറ്റു മത്സരങ്ങളുടെ ഫലവും നോക്കണം.
ആസ്ട്രേലിയക്ക് ഇന്ന് ന്യസിലൻഡാണ് എതിരാളികൾ. ഇതിൽ ജയിക്കുന്നവർക്ക് സെമിയിലേക്ക് ഒരുപടി കൂടി അടുക്കാം. ഇനി ഇന്ത്യക്കുപുറമെ പാകിസ്താനെയും നേരിടാനുണ്ട് ആസ്ട്രേലിയക്ക്. പാകിസ്താന് ആസ്ട്രേലിയയും ന്യൂസിലൻഡുമാണ് അടുത്ത എതിരാളികൾ. കിവികൾക്ക് എതിരാളികളായി ലങ്ക കൂടി വരാനുണ്ട്. ശ്രീലങ്കയുടെ സാധ്യതകൾ അടഞ്ഞതിനാൽ മറ്റു മൂന്ന് ടീമുകളിൽ രണ്ടെണ്ണമെങ്കിലും നാല് പോയന്റിൽ പോരാട്ടം നിർത്തിയാലേ കാര്യങ്ങൾ ഇന്ത്യയുടെ വഴിക്കാവൂ. ഒന്നിലധികം കൂട്ടർക്ക് ആറ് പോയന്റാവാനുള്ള സാധ്യതകളും തെളിയുന്നുണ്ട്. ഈ സാഹചര്യത്തിൽ നെറ്റ് റൺറേറ്റ് പരിഗണിക്കും. നിലവിൽ -1.217 ആണ് ഇന്ത്യയുടെ റൺറേറ്റ്. ന്യൂസിലൻഡിനോടേറ്റ തോൽവിക്ക് പുറമെ പാകിസ്താനെതിരായ കളിയിലെ മെല്ലെപ്പോക്കിനും ടീം വലിയ വില കൊടുക്കേണ്ടിവരും.
റൺറേറ്റിൽ ഏറെ പിറകിലായതിനാൽ അടുത്ത മത്സരങ്ങളിൽ മികച്ച മാർജിനിലെ ജയം അനിവാര്യമാണെന്നർഥം. ആദ്യ മത്സരത്തിൽ ന്യൂസിലന്‍ഡിനോട് തോറ്റതോടെ റൺ റേറ്റ് -2.90ലേക്ക് വീണെങ്കിലും പിന്നീട് പാകിസ്താനെതിരെ ജയിച്ചതോടെ അൽപം മെച്ചപ്പെട്ടു. പാക് സംഘത്തോട് 11 ഓവറില്‍ വിജയം നേടാനായിരുന്നെങ്കില്‍ ഇന്ത്യയുടെ റൺ റേറ്റ് +0.084 ആവുമായിരുന്നു. എന്നാൽ, വിക്കറ്റുകൾ കൈയിലുണ്ടായിട്ടും പ്രതിരോധിച്ചു കളിക്കുകയാണ് ഇന്ത്യ ചെയ്തത്. ഇതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 105 റൺസിൽ ഒതുക്കിയിരുന്നു. മറുപടി ബാറ്റിങ്ങിൽ 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.