വനിത ട്വന്റി 20 ലോകകപ്പ്: പാകിസ്താന് തോൽവി; ഇന്ത്യയും പുറത്ത്
text_fieldsദുബൈ: വനിത ട്വന്റി 20 ലോകകപ്പിൽ പാകിസ്താൻ ന്യൂസിലാൻഡിനോട് തോറ്റതോടെ ഇന്ത്യയും പുറത്ത്. ഗ്രൂപ് എയിലെ രണ്ടാം സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതിൽ ഇന്ത്യ, ന്യൂസിലൻഡ്, പാകിസ്താൻ ടീമുകൾക്ക് അതീവ നിർണായകമായ മത്സരത്തിൽ ന്യൂസിലാൻഡ് 54 റൺസിന് ജയിച്ച് സെമിയിലേക്ക് മുന്നേറിയതോടെ പാകിസ്താന് പുറമെ ഇന്ത്യയുടെയും വഴിയടയുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാൻഡിനെ ആറ് വിക്കറ്റ് നഷ്ടത്തിൽ 110 റൺസിലൊതുക്കാൻ പാകിസ്താന് കഴിഞ്ഞിരുന്നു. നാലോവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സ്പിന്നർ നഷ്റ സന്ധുവിന്റെ ബൗളിങ്ങാണ് പാകിസ്താനെ തുണച്ചത്. കിവി നിരയിൽ ഓപണർമാരായ സൂസി ബാറ്റസ് (28), ജോർജിയ പ്ലിമ്മർ (17), ക്യാപ്റ്റൻ സോഫി ഡിവൈൻ (19), ബ്രൂക് ഹല്ലിഡേ (22) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
എന്നാൽ, കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്താൻ ബാറ്റിങ്നിര തകർന്നടിഞ്ഞു. 11.4 ഓവറിൽ 56 റൺസെടുക്കുമ്പോഴേക്കും മുഴുവൻ വിക്കറ്റും നിലംപൊത്തുകയായിരുന്നു. 23 പന്തിൽ 21 റൺസെടുത്ത ക്യാപ്റ്റൻ ഫാത്തിമ സനയാണ് അവരുടെ ടോപ് സ്കോറർ. ഇതിന് പുറമെ ഓപണർ മുനീബ അലിക്ക് (11 പന്തിൽ 15) മാത്രമാണ് രണ്ടക്കം കടക്കാനായത്. നാലുപേർ പൂജ്യരായി മടങ്ങി. കിവികൾക്കായി അമേലിയ കെർ മൂന്നുപേരെ മടക്കി വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
പാകിസ്താൻ ജയിച്ചാൽ റൺശരാശരിയിൽ അവരെ പിന്തള്ളി സെമിയിൽ കടന്നുകൂടാമെന്ന ഇന്ത്യയുടെ പ്രതീക്ഷകൾ അവരുടെ തോൽവിയോടെ അവസാനിക്കുകയായിരുന്നു. നാല് മത്സരങ്ങളും ജയിച്ച ആസ്ട്രേലിയയാണ് (8) ഗ്രൂപ് ചാമ്പ്യന്മാർ. കിവികൾക്ക് ആറും ഇന്ത്യക്ക് നാലും പാകിസ്താന് രണ്ടും പോയന്റാണുള്ളത്. നാലും തോറ്റ് ശ്രീലങ്ക മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.