ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇന്നു തുടക്കം
text_fieldsടോക്യോ: അഞ്ചു തവണ മെഡൽ നേടിയ പി.വി. സിന്ധു ഇല്ലെങ്കിലും പ്രതീക്ഷയോടെയാണ് ഇന്ത്യ തിങ്കളാഴ്ച ടോക്യോയിൽ തുടങ്ങുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ റാക്കറ്റേന്തുന്നത്. കോമൺവെൽത്ത് ഗെയിംസിനിടെ കണങ്കാലിന് പരിക്കേറ്റതാണ് 2019ലെ ചാമ്പ്യനായ സിന്ധുവിന് തിരിച്ചടിയായത്.
പുരുഷ വിഭാഗത്തിൽ ലോക പത്താം നമ്പർ താരവും കഴിഞ്ഞ വർഷത്തെ വെങ്കല മെഡൽ ജേതാവുമായ ലക്ഷ്യ സെൻ, 13ാം സീഡും നിലവിലെ റണ്ണറപ്പുമായ കിഡംബി ശ്രീകാന്ത്, 18ാം സീഡ് മലയാളി താരം എച്ച്.എസ്. പ്രണോയ്, 20ാം നമ്പർ ബി. സായ് പ്രണീത് തുടങ്ങിയവരാണ് മെഡൽപ്രതീക്ഷയുള്ള താരങ്ങൾ.
കോമൺവെൽത്ത് ഗെയിംസിലെ സ്വർണമെഡൽ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ലക്ഷ്യ. 19ാം റാങ്കുകാരനായ ഡെന്മാർക്കിന്റെ പരിചയസമ്പന്നനായ ഹാൻസ് ക്രിസ്റ്റ്യൻ സോൾബർഗ് വിറ്റിൻഗസ് ആണ് ആദ്യ റൗണ്ടിൽ ലക്ഷ്യയുടെ എതിരാളി. പ്രണോയിക്ക് 87ാം റാങ്കുകാരനായ ഓസ്ട്രിയയുടെ ലൂക റാബറിനെയാണ് ആദ്യ റൗണ്ടിൽ നേരിടേണ്ടത്. ആദ്യ രണ്ടു റൗണ്ടുകൾ പിന്നിട്ടാൽ ലക്ഷ്യയും പ്രണോയിയും മൂന്നാം റൗണ്ടിൽ നേർക്കുനേർ വരും.
ശ്രീകാന്തിന് 39ാം റാങ്കിലുള്ള അയർലൻഡിന്റെ നാറ്റ് എൻഗൂയെൻ ആണ് ആദ്യ റൗണ്ടിൽ എതിരാളി. സായ് പ്രണീതിന് ലോക നാലാം നമ്പർ തായ്വാന്റെ ചൗ ടിയൻ ചെന്നിനെയാണ് നേരിടേണ്ടത്.
പുരുഷ ഡബ്ൾസിൽ ഏഴാം റാങ്കുകാരായ ഇന്ത്യൻ ജോടി സാത്വിക് സായ് രാജ് റാൻകി റെഡ്ഡിയും ചിരാഗ് ഷെട്ടിയും മെഡൽപ്രതീക്ഷയിലാണ് ഇറങ്ങുന്നത്. ആദ്യ റൗണ്ടിൽ ബൈ ലഭിച്ച ഇവർക്ക് രണ്ടാം റൗണ്ടിൽ 13ാം സീഡായ മലേഷ്യൻ ജോടി ഗോഹ് ഷെമും ടാൻ വീ കിയോങ്ങും എതിരാളികളായി വന്നേക്കാം.
സിന്ധുവിന്റെ അഭാവത്തിൽ സൈന നെഹ്വാളാണ് വനിത വിഭാഗത്തിൽ ഇന്ത്യയുടെ മുൻനിര താരം. 33ാം റാങ്കുകാരിയായ സൈനക്ക് ആദ്യ റൗണ്ടിൽ ഹോങ്കോങ്ങിന്റെ 50ാം റാങ്കുകാരി ചിയുങ് എൻഗാൻ യി ആണ് എതിരാളി. വനിത ഡബ്ൾസിൽ മലയാളിതാരം ട്രീസ ജോളി ഗായത്രി ഗോപിചന്ദിനൊപ്പം ഇറങ്ങുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.