100 മീറ്റർ ലോകചാമ്പ്യൻ കോൾമാന് വിലക്ക് കുറച്ചു; എന്നിട്ടും ടോകിയോ ഒളിമ്പിക്സ് നഷ്ടമാകും
text_fieldsവാഷിങ്ടൺ: ഉത്തേജക മരുന്ന് നിയമങ്ങൾ ലംഘിച്ചതിന് ലഭിച്ച രണ്ടു വർഷത്തെ വിലക്കുമായി പുറത്തിരിക്കുന്ന 100 മീറ്റർ ലോക ചാമ്പ്യൻ ക്രിസ്റ്റ്യൻ കോൾമാന് ടോകിയോ ഒളിമ്പിക്സിൽ കൊടുങ്കാറ്റാനാകില്ല. രണ്ടു വർഷത്തെ വിലക്ക് നീക്കാനാവശ്യപ്പെട്ട് നൽകിയ അപ്പീലിൽ കോടതി ഇളവു നൽകിയെങ്കിലും അത് ആറു മാസത്തേക്ക് മാത്രമായതോടെയാണ് പങ്കെടുക്കാൻ അവസരം നഷ്ടമായത്. 2020 മേയ് 14 വരെയായിരുന്നു നേരത്തെ വിലക്കുകാലം. ആറു മാസം ഇളവു ലഭിച്ചതോടെ അത് നവംബർ 14 ആയി ചുരുങ്ങിയെങ്കിലും ഒളിമ്പിക്സ് അതിനുള്ളിൽ അവസാനിക്കും. ജൂലൈയിലാണ് ഒളിമ്പിക്സ് ആരംഭം. ആഗസ്റ്റ് എട്ടിന് അവസാനിക്കും.
തുടർച്ചയായ മൂന്നു തവണ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ ഒക്ടോബറിൽ കോൾമാന് അത്ലറ്റിക്സ് ഇന്‍റഗ്രിറ്റി യൂനിയൻ വിലക്ക് പ്രഖ്യാപിച്ചത്. നേരത്തെ യു.എസ് ഏജൻസിയും താരത്തിന് വിലക്ക് പ്രഖ്യാപിക്കേണ്ടതായിരുന്നുവെങ്കിലും സാങ്കേതികതയിൽ രക്ഷപ്പെടുകയായിരുന്നു. അതുവഴിയാണ് ദോഹയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ സ്വർണവുമായി ഒളിമ്പിക്സ് ടിക്കറ്റുറപ്പിച്ചത്. വിലക്ക് ഈ നവംബറിൽ അവസാനിക്കുന്നതിനാൽ അടുത്ത വർഷം നടക്കുന്ന ലോക ഇൻഡോർ, ഔട്ട്ഡോർ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.