13ാം റൗണ്ട് മത്സരവും സമനിലയിൽ; നാളെ ജയിക്കുന്നയാൾക്ക് കിരീടം
text_fieldsസിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ് സൂപ്പർ ക്ലൈമാക്സിലേക്ക്. ബുധനാഴ്ച 13ാം ഗെയിമിൽ നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറെനും ഇന്ത്യൻ ചലഞ്ചർ ഡി. ഗുകേഷും സമനിലയിൽ പിരിഞ്ഞതോടെ വ്യാഴാഴ്ച നടക്കുന്ന 14ാമത്തെയും അവസാനത്തെയും പോരാട്ടത്തിൽ ജയിക്കുന്നയാൾക്ക് കിരീടം സ്വന്തമാവും.
നിലവിൽ രണ്ടുപേർക്കും ആറര പോയന്റ് വീതമാണുള്ളത്. ഏഴര പോയന്റ് ലഭിക്കുന്നയാൾക്ക് ലോക ചാമ്പ്യനാവാം. ഇന്നും സമനിലയാണ് ഫലമെങ്കിൽ വെള്ളിയാഴ്ച ടൈ ബ്രേക്കർ ജേതാവിനെ തീരുമാനിക്കും. 68 നീക്കങ്ങൾക്കൊടുവിലാണ് 13ാം ഗെയിം സമനിലയിൽ പിരിഞ്ഞത്. ഒന്ന്, 12 റൗണ്ടുകളിൽ ലിറെനും മൂന്ന്, 11 ഗെയിമുകളിൽ ഗുകേഷും ജയിച്ചപ്പോൾ ഒമ്പത് മത്സരങ്ങളിൽ രണ്ടുപേരും പോയന്റ് പങ്കിടുകയായിരുന്നു.
കൊണ്ടും കൊടുത്തും - കെ. രത്നാകരൻ (ഇന്റർനാഷനൽ മാസ്റ്റർ)
വെള്ളക്കരുക്കൾ വെച്ച് രാജാവിന്റെ മുന്നിലെ കാലാളിനെ രണ്ട് കളം നീക്കിക്കൊണ്ട് തുടങ്ങിയ ഗുകേഷിനെതിരെ ലോകചാമ്പ്യൻ മൂന്നാം വട്ടവും ഫ്രഞ്ച് പ്രതിരോധമുറയാണ് പുറത്തെടുത്തത്. ആദ്യത്തെയും മൂന്നാമത്തെയും കളികളിൽ ഫ്രഞ്ച് പ്രാരംഭ മുറ ആയിരുന്നു ഡിങ് ലിറെൻ ഉപയോഗിച്ചത്. ആദ്യ കളിയിലെ സ്റ്റെയിനിസ് വേരിയേഷൻ തന്നെയാണ് ഗുകേഷ് തിരഞ്ഞെടുത്തത്. ഗുകേഷ് എട്ടാം നീക്കത്തിൽ ബിഷപ്പിനെ ഇ ഫയലിലെ മൂന്നാം കളത്തിൽ വെച്ചതിനെതിരെ മറുപടി നീക്കം നടത്താൻ എടുത്തത് 37 നിമിഷങ്ങൾ ആയിരുന്നു.
ഏഴമത്തെ നീക്കത്തിനു വേണ്ടി 17 നിമിഷങ്ങൾ ഉപയോഗിച്ച ശേഷം ആയിരുന്നു ഇത്രയും സമയം എടുത്തത്. 11ാം നീക്കം മുതൽ ആവശ്യത്തിന് സമയം ഉപയോഗിച്ചുകൊണ്ട് ഒന്നിനൊന്നു മികച്ച നീക്കങ്ങൾ നടത്തി നേരിയ മുൻതൂക്കം നേടാൻ ഗുകേഷിന് സാധിച്ചു. 21ാം നീക്കത്തിൽ ലോക ചാമ്പ്യന് സംഭവിച്ച ചെറിയ വീഴ്ച മുതലാക്കി ഗുകേഷ് അടുത്ത മൂന്ന് നീക്കങ്ങൾ കൃത്യമായി നടത്തി. എന്നാൽ, 25ാം നീക്കത്തിൽ ചൈനീസ് താരത്തിന്റെ കുതിരയെ തന്റെ കറുത്ത ബിഷപ് കൊണ്ട് വെട്ടിമാറ്റിയത് ഗുകേഷിന്റെ മുൻതൂക്കം കുറയാൻ ഇടയായി. 25ാം നീക്കത്തിൽ തന്റെ എഫ് കളത്തിലെ റൂക്കിനെ ഇ കളത്തിലേക്കു വെച്ചിരുന്നെങ്കിൽ ബോർഡിലെ സമ്മർദം കൂട്ടാൻ സാധിക്കുമായിരുന്നു.
30ാം നീക്കം ഡിങ്ങിന് പിഴച്ചപ്പോൾ 31ാം നീക്കത്തിൽ ഗുകേഷിന്റെയും കണക്കുകൂട്ടൽ പിഴച്ചു. ഇ ഫയലിലെ റൂക്കുകൾ തമ്മിൽ വെട്ടിമാറ്റിയശേഷം കുതിരയെ കളിക്കുന്നതിനു പകരം കുതിരയെ നേരിട്ടു ഇ ഫയലിലെ നാലാമത്തെ കളത്തിൽ വെച്ചതോടെ ഗുകേഷിന്റെ എല്ലാ മുൻതൂക്കവും നഷ്ടപ്പെട്ടു. ഒരു എക്സ്ചേഞ്ച് അധികം ലഭിക്കുമെന്ന ധാരണയിൽ ആവാം ഈ നീക്കം നടത്തിയത്. സമയ സമ്മർദത്തിനിടയിലും ലോകചാമ്പ്യൻ തന്റെ റൂകിനെ എഫ് 8 എന്ന കളത്തിലേക്കു വെച്ചത് അതി മനോഹരമായ ഡിഫൻസ് ആയിരുന്നു. അതായിരുന്നു കളിയിലേക്കുള്ള ഡിങ്ങിന്റെ തിരിച്ചുവരവും ഗുകേഷ് കാണാതെപോയ നീക്കവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.