ഗുകേഷ്-ലിറെൻ അഞ്ചാം റൗണ്ട് പോരാട്ടവും സമനിലയിൽ; ആറാം മത്സരം നാളെ
text_fieldsസിംഗപൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറെനും തമ്മിലുള്ള അഞ്ചാം റൗണ്ട് മത്സരവും സമനിലയിൽ.
40 നീക്കങ്ങൾക്കൊടുവിലാണ് ഇരുവരും സമനിലയിൽ പിരിഞ്ഞത്. വെള്ളിയാഴ്ചത്തെ നാലാം റൗണ്ട് മത്സരവും സമനിലയിൽ കലാശിച്ചിരുന്നു. നിലവിൽ 2.5 പോയന്‍റ് വീതവുമായി ഇരുവരും ഒപ്പത്തിനൊപ്പമാണ്. ആറാം ഗെയിം മത്സരം ഞായറാഴ്ച നടക്കും.
മത്സരത്തിനിടെ ഗുകേഷിനു സംഭവിച്ച പിഴവിൽ നിലവിലെ ചാമ്പ്യനായ ചൈനീസ് താരത്തിനു ചെറിയ ആധിപത്യം ലഭിക്കുമെന്നു തോന്നിച്ചെങ്കിലും ഗുകേഷ് സമനില പിടിച്ചു. വെള്ളക്കരുക്കൾ ഉപയോഗിച്ചായിരുന്നു ഗുകേഷിന്റെ കളി. 14 റൗണ്ടുകളടങ്ങിയ പരമ്പരയിൽ ആദ്യം 7.5 പോയന്റ് നേടുന്നയാളാകും ചാമ്പ്യൻ. ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി കരുക്കൾ നീക്കുന്ന 18 കാരനായ ഗുകേഷ് മൂന്നാം മത്സരം ജയിച്ചിരുന്നു.
ആദ്യ അങ്കം ജയിച്ച് ലിറെൻ ലീഡെടുത്തതിനു പിറകെയായിരുന്നു സമനിലയും ജയവുമായി ഇന്ത്യൻ താരം ഒപ്പം പിടിച്ചത്. വിശ്വനാഥൻ ആനന്ദ് മാത്രമാണ് ഇന്ത്യയിൽനിന്ന് ലോക ചെസ് ചാമ്പ്യനായത്. കരിയറിൽ അഞ്ചുതവണയാണ് ആനന്ദ് ഇതേ കിരീടം സ്വന്തമാക്കിയത്.
റിസ്കെടുക്കാതെ ഇരുവരും
ഇന്നലത്തെ ഗെയിമിൽ ഡിങ് ലിറെന്റെ ഫ്രഞ്ച് ഓപണിങ്ങിനെതിരെ എക്സ്ചേഞ്ച് വേരിയേഷൻ ആണ് ഡി. ഗുകേഷ് തിരഞ്ഞെടുത്തത്. സാധാരണഗതിയിൽ വെള്ള കരുക്കൾക്കു കിട്ടുന്ന ഇനിഷ്യേറ്റിവ് ഈ വേരിയേഷനിൽ
ലഭിക്കില്ല. ഒമ്പതാമത്തെ നീക്കത്തിൽതന്നെ രണ്ടുപേരുടെയും രാജ്ഞികൾ കളത്തിന് പുറത്തായി. നാലാം ഗെയിമിലെ പോലെ 26ാം നീക്കം കഴിഞ്ഞപ്പോൾ ബോർഡിൽ അവശേഷിച്ചത് റൂക്കും ബിഷപ്പും ആറ് വീതം കാലാളുകളും. അതിൽതന്നെ ഓപ്പോസിറ്റ് കളർ ബിഷപ്പുകൾ. ഇങ്ങനെ വന്നാൽ ഒന്നിൽ കൂടുതൽ കാലാളുകൾ അധികം ഉണ്ടെങ്കിൽ പോലും കളി സമനിലയിൽ ആവാൻ സാധ്യത അധികമാണ്. 34ാം നീക്കത്തിൽ ഗുകേഷിന് ഒരു കാലാളിന്റെ ലീഡ് ലഭിച്ചെങ്കിലും ജയിക്കാൻ തക്ക ഒരു മുൻതൂക്കം അല്ലായിരുന്നു.
കെ. രത്നാകരൻ (ഇന്റർനാഷനൽ മാസ്റ്റർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.