ലോക ക്ലബ്ബ് വോളി; വീണ്ടും തോൽവി, അഹ്മദാബാദ് പുറത്ത്
text_fieldsബംഗളൂരു: ലോക ക്ലബ് വോളി ചാമ്പ്യൻഷിപ്പിൽ രണ്ടാം തോൽവിയോടെ ആതിഥേയരായ അഹ്മദാബാദ് ഡിഫൻഡേഴ്സ് പുറത്ത്. കോറമംഗല നാഷനൽ ഗെയിംസ് വില്ലേജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ചാമ്പ്യൻ ക്ലബ് സർ സികോമ പെറൂജിയയാണ് നേരിട്ടുള്ള സെറ്റുകൾക്ക് ഇന്ത്യൻ പ്രതീക്ഷ തകർത്തത്. മൂന്നാം സെറ്റിൽ ഡിഫൻഡേഴ്സിനെ നിലംതൊടീക്കാതെയായിരുന്നു പെറൂജിയയുടെ ആക്രമണം. സ്കോർ: (25- 18, 25- 19, 25- 11). പെറൂജിയക്കായി ജീസസ് ഹെരീറ 17ഉം ഒലേ പ്ലാറ്റനിസ്കി ഒമ്പതും പോയന്റ് വാരി. മനോജ് മഞ്ജുനാഥയും (ഏഴ് പോയന്റ്) അംഗമുത്തു രാമസ്വാമിയുമാണ് (ആറ് പോയന്റ്) ഡിഫൻഡേഴ്സ് നിരയിലെ ടോപ് സ്കോറർമാർ.
മറ്റൊരു മത്സരത്തിൽ തുർക്കി ക്ലബായ ഹൾക് ബാങ്ക് ബ്രസീലിയൻ ക്ലബായ സഡ ക്രുസേറോയെ വീഴ്ത്തി. സ്കോർ: (26- 24, 25- 18, 28- 26 ). പൂൾ എയിൽ ആറു പോയന്റുമായി പെറൂജിയയും പൂൾ ബിയിൽ നാലു പോയന്റുമായി സൺബേഡ്സും ഗ്രൂപ്പ് ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനക്കാരായി ഇതംബെ മിനാസും ഹൾക് ബാങ്കും സെമിഫൈനലിൽ ഇടം പിടിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന ആദ്യ സെമിയിൽ ഹൾക്ക്ബാങ്കിനെ പെറൂജിയയും രാത്രി 8.30ന് നടക്കുന്ന രണ്ടാം സെമിയിൽ ഇതാംബെ മിനാസിനെ സൺബേഡ്സും നേരിടും.
ആദ്യ കളി തോറ്റതോടെ പോയന്റൊന്നും കൈയിലില്ലാത്ത ഹൾക്ബാങ്ക് സെമി ബർത്ത് ലക്ഷ്യംവെച്ച് ജീവന്മരണ പോരാട്ടത്തിനാണിറങ്ങിയത്. രണ്ടു പോയന്റുള്ള ക്രുസേറോക്കായിരുന്നു കണക്കിൽ മുൻതൂക്കം. ഒപ്പത്തിനൊപ്പം നീങ്ങിയ ഒന്നാം സെറ്റ് വരുതിയിലാക്കിയ ഹൾക്ക് ബാങ്ക് ഔട്ട്സൈഡ് ഹിറ്റുകൾകൊണ്ട് പ്രകമ്പനം തീർത്ത ക്യാപ്റ്റൻ നിമിർ അബ്ദുൽ അസീസിന്റെയും ഇയർവിന്റെയും മികവിൽ രണ്ടാം സെറ്റ് എളുപ്പംപിടിച്ചു. തകർപ്പൻ ജയം മാത്രമേ സെമി ബർത്തിലേക്ക് വഴിയൊരുക്കൂ എന്നതിനാൽ മൂന്നാം സെറ്റിൽ ഹൾക്ക് ബാങ്ക് ലീഡിൽതന്നെ തുടങ്ങി. ഒപ്പത്തിനൊപ്പം നിന്നതിനൊടുവിൽ സെറ്റ് 28-26ൽ ഹൾക്ക് ബാങ്ക് ഫിനിഷ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.