പോരിന്റെ പൂരം ഇന്ന്; ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം
text_fieldsചെന്നൈ: പോരിടം ഒരുങ്ങി. കപ്പ് തേടിയുള്ള ഇന്ത്യയുടെ യാത്രക്ക് ഇന്ന് തുടക്കം. ലോകകപ്പ് ഏകദിന ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ രോഹിത് ശർമയും സംഘവും ഇന്ന് ചിരവൈരികളായ ആസ്ട്രേലിയയെ നേരിടും. ഉച്ചക്ക് രണ്ടിനാണ് മത്സരം.
ഒരു പതിറ്റാണ്ടിന്റെ ഇടവേളക്കുശേഷം സ്വന്തം മണ്ണിൽ ഐ.സി.സി ചാമ്പ്യൻഷിപ് ലക്ഷ്യമിടുന്ന ഇന്ത്യക്ക് ആറാം കിരീടം തേടിയെത്തിയ ആസ്ട്രേലിയ ചില്ലറ എതിരാളികളല്ല. കപ്പിന് തൊട്ടുമുമ്പ് നടന്ന ഏകദിന പരമ്പര 2-1ന് നേടിയതിന്റെ കരുത്ത് ഇന്ത്യക്കുണ്ടെങ്കിലും ലോകകപ്പ് റെക്കോഡുകൾ ഓസീസിനൊപ്പമാണ്. താരബലത്തിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന തുല്യശക്തികൾ തമ്മിലെ പോരിടം ക്രിക്കറ്റിന്റെ ആവേശാരവങ്ങൾ ഏറ്റുവാങ്ങുമെന്നുറപ്പ്. ഉച്ചവെയിലിന്റെ കാഠിന്യത്തിൽ ചെന്നൈ കാത്തിരിക്കുന്നതും അത്തരമൊരു വീറും വാശിയും നിറഞ്ഞ ക്രിക്കറ്റിന്റെ വിസ്ഫോടന കാഴ്ചകളിലേക്കാണ്.
കളിയുടെ സമസ്ത മേഖലകളിലും സന്തുലിതമാണ് ഇരു ടീമുകളും. സ്വന്തം കാണികൾക്ക് മുന്നിൽ പരിചിതമായ അന്തരീക്ഷത്തിൽ കളിക്കുന്നുവെന്നതാണ് ഇന്ത്യയുടെ ബലം. ഏതു തരം വെല്ലുവിളിയും എവിടെയും നേരിടാനാവുമെന്ന ആത്മവിശ്വാസം കൂട്ടിനുണ്ടെങ്കിലും പ്രായമേറുന്ന ആസ്ട്രേലിയയുടെ താരനിര ഇന്ത്യയുടെ കരുത്ത് എങ്ങനെ അതിജയിക്കുമെന്ന് കണ്ടറിയണം. എന്തായാലും ബാറ്റും ബാളും കരുത്തളക്കുന്ന മാസ്മരിക നിമിഷങ്ങൾ പിറവിയെടുക്കുന്ന ഉജ്ജ്വല പോരിനാണ് ചിദംബരം സ്റ്റേഡിയം ഇന്ന് സാക്ഷിയാവുക. കാത്തിരിപ്പിന് ഇനി മണിക്കൂറുകളുടെ ദൈർഘ്യം മാത്രം.
സ്പിന്നർമാരെ തുണക്കുന്ന വേഗം കുറഞ്ഞ വിക്കറ്റിൽ വലിയൊരു റണ്ണൊഴുക്ക് ആരും കണക്കുകൂട്ടുന്നില്ല. അതിവേഗ ക്രിക്കറ്റിന്റെ അത്യാധുനിക കാലത്ത് മുന്നൂറിനടുത്ത സ്കോർ പോലും ഇവിടെ വിജയപ്രതീക്ഷ നൽകുന്നതാവും. നിറയുന്ന ഗാലറികളുടെ ഹർഷോന്മാദവുമായി കളിക്കുന്ന ആതിഥേയർക്ക് രോഹിത് ശർമ, വിരാട് കോഹ്ലി, ബുംറ, ജദേജ, മുഹമ്മദ് ഷമി എന്നിവരുടെ പരിചയസമ്പത്ത് കൂട്ടിനുണ്ട്. എന്നാൽ, ഉജ്ജ്വല ഫോമിലുള്ള ശുഭ്മാൻ ഗിൽ ഡെങ്കി ബാധിച്ച് കിടപ്പിലായത് ആതിഥേയർക്ക് അപ്രതീക്ഷിത തിരിച്ചടിയാണ്. ഗില്ലിന്റെ സാധ്യത നായകൻ രോഹിത് തള്ളിക്കളയുന്നില്ലെങ്കിലും ഇഷാൻ കിഷന് നറുക്കു വീഴാനാണ് സാധ്യത. മധ്യനിരയിൽ കെ.എൽ. രാഹുലും ശ്രേയസ് അയ്യരും സൂര്യകുമാർ യാദവും ഇടം പിടിക്കും.
ഇന്നലെ നെറ്റ്സിൽ കോഹ്ലി എത്താത്തത് സന്ദേഹമുയർത്തിയെങ്കിലും വിശ്രമം അനുവദിക്കുകയായിരുന്നുവെന്നാണ് ടീം മാനേജ്മെന്റ് നൽകുന്ന വിശദീകരണം. ഉപനായകൻ ഹാർദിക് പാണ്ഡ്യ ഓൾറൗണ്ടറാണെങ്കിലും ബൗളറുടെ റോളിലാവും ടീം കൂടുതൽ ആശ്രയിക്കുകയെന്ന് രോഹിത് വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു ഓൾ റൗണ്ടർ രവീന്ദ്ര ജദേജക്കൊപ്പം ചെന്നൈ ബോയ് ആർ. അശ്വിനും കുൽദീപ് യാദവും സ്പിൻ ആക്രമണത്തിന്റെ കുന്തമുനയാവും. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും പേസ് പട നയിക്കും.
മിച്ചൽ മാർഷും ഡേവിഡ് വാർണറും തുടക്കമിടുന്ന ഓസീസ് ബാറ്റിങ്ങിന് പരിചയസമ്പന്നരായ സ്റ്റീവ് സ്മിത്തും മാർനസ് ലബുഷെയ്നും കാമറൂൺ ഗ്രീനും വിക്കറ്റ് കീപ്പർ അലക്സ് കാരിയും മധ്യനിരക്ക് കരുത്താവും. പരിക്കേറ്റ ഓപണർ ട്രാവിസ് ഹെഡ് കളിക്കില്ലെന്നുറപ്പാണെങ്കിലും മാർകസ് സ്റ്റോയിനിസിന്റെ കാര്യത്തിൽ തീരുമാനം ഇന്നാവും. ഗ്ലെൻ മാക്സ് വെൽ ഉൾപ്പെടെ ഓൾറൗണ്ടർമാരുടെ സാന്നിധ്യമാവും ആസ്ട്രേലിയയുടെ ശക്തി. പേസ് ആക്രമണം നയിക്കുന്ന നായകൻ പാറ്റ് കമ്മിൻസ് വരെ കളി ജയിപ്പിക്കുന്ന ബാറ്ററുടെ റോളിൽ തിളങ്ങും.
ഇന്ത്യക്കെതിരെ എന്നും മികവ് കാട്ടുന്ന ആഡം സാംപ മികച്ച ഫോമിലാണ്. കമ്മിൻസിനൊപ്പം മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡുമായിരിക്കും പേസ് പട നയിക്കുക. ഏകദിനത്തിൽ ഏഷ്യ കപ്പടക്കം അവസാനം കളിച്ച നാലു പരമ്പരകൾ ജയിച്ച കരുത്തുമായാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുന്നത്. അതേസമയം, ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും പരമ്പര തോറ്റതിന്റെ ക്ഷീണം തീർക്കുകയാവും കമ്മിൻസിന്റെ സംഘം ലക്ഷ്യമിടുന്നത്.
കണക്കിലെ കളികളിൽ ആസ്ട്രേലിയ
ആസ്ട്രേലിയയുടെ ഭാഗ്യവേദിയാണ് എന്നും എം.എ. ചിദംബരം സ്റ്റേഡിയം. കങ്കാരുപ്പട ഇവിടെ കളിച്ച ആറു മത്സരങ്ങളിൽ അഞ്ചിലും ജയിച്ചു. നീലക്കുപ്പായക്കാർ സ്വന്തം തട്ടകമായ ചെപ്പോക്കിൽ 14 മത്സരങ്ങളിൽ ഏഴെണ്ണം മാത്രമാണ് ജയിച്ചത്. ആറെണ്ണം തോറ്റു. 1987 ലോകകപ്പിൽ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോൾ ആസ്ട്രേലിയക്കൊപ്പമായി ഒന്നു ഒരു റണ്ണിന്റെ ജയം.
ഇരു ടീമുകളും ഇതുവരെ ലോകകപ്പിൽ 12 തവണ ഏറ്റുമുട്ടിയപ്പോഴും എട്ടു വിജയം ആസ്ട്രേലിയക്കൊപ്പമായിരുന്നു. നാലെണ്ണം ഇന്ത്യ ജയിച്ചു. ഏകദിന മത്സരങ്ങളിൽ 153 തവണയാണ് പരസ്പരം മത്സരിച്ചത്. ഇതിൽ 80 ആസ്ട്രേലിയയും 53 ഇന്ത്യയും ജയിച്ചു. പത്തെണ്ണം ഫലമില്ലാതെ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.