ജയിക്കാനെന്ത് വിദ്യ
text_fieldsലണ്ടൻ: ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ലോകകിരീടമെന്ന അപൂർവനേട്ടത്തിനുള്ള പോരാട്ടം കൂടിയായിരുന്നു കഴിഞ്ഞ ദിവസം ഓവലിൽ സമാപിച്ച ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ. ഏകദിന, ട്വന്റി20 ലോകകപ്പുകൾ കൈക്കലാക്കിയ ഇന്ത്യക്കും ആസ്ട്രേലിയക്കും ഒരേപോലെ ലഭിച്ച അവസരം.
ഒന്നു പൊരുതാൻപോലും നിൽക്കാതെ രോഹിത് ശർമയും കൂട്ടരും ബാറ്റ് വെച്ച് കീഴടങ്ങുന്നതാണ് കണ്ടത്. ഇതോടെ ആ നേട്ടം ഓസീസിന് സ്വന്തമായി. ഇന്ത്യയെ സംബന്ധിച്ച് തുടർച്ചയായ രണ്ടാം ഫൈനൽ തോൽവി. രണ്ടാം ലോക ചാമ്പ്യൻഷിപ്പിലും സുദീർഘ യാത്ര കഴിഞ്ഞ് ടീം കിരീടപ്പടിക്കൽ കലമുടച്ചു.
വിദേശ പിച്ചുകൾ ഇനിയും പേടിസ്വപ്നം
മൂന്നുമാസം മുമ്പ് ഇതേ ആസ്ട്രേലിയയെ 2-1ന് തോല്പിച്ചാണ് ഇന്ത്യ ബോർഡർ ഗവാസ്കർ ട്രോഫി നിലനിർത്തിയത്. അത് പക്ഷേ, സ്വന്തം മണ്ണിലായിരുന്നു. സ്പിന്നർമാരെ തുണക്കുന്ന പിച്ചിൽ എതിരാളികളെ വരിഞ്ഞുമുറുക്കി ആദ്യ രണ്ടു മത്സരങ്ങൾ രണ്ടര ദിവസം കൊണ്ട് ജയിച്ച ഇന്ത്യയോട് പക്ഷേ, മൂന്നാം ടെസ്റ്റിൽ അതേ നാണയത്തിൽ തിരിച്ചടിച്ചു ആസ്ട്രേലിയ. വിദേശത്തെത്തുമ്പോൾ പ്രത്യേകിച്ച് ടെസ്റ്റ് മത്സരങ്ങളിൽ വലിയ സ്കോറുകൾ നേടുന്നതിൽ ലോകോത്തര ഇന്ത്യൻ ബാറ്റർമാർ പലപ്പോഴും പരാജയപ്പെടുകയാണ്. അതിവേഗ പിച്ചുകളിൽ പേസർമാർ ഉത്തരവാദിത്തം നിർവഹിക്കാൻ ശ്രമിക്കുന്നുണ്ട് താനും. ഓവലിൽ രണ്ട് ഇന്നിങ്സിലും 300 റൺസിൽ താഴെ മാത്രമാണ് 11 ബാറ്റർമാരും ചേർന്ന് നേടിയത്. ഒന്നാം ഇന്നിങ്സിൽ രണ്ട് ആസ്ട്രേലിയൻ ബാറ്റർമാർ, ട്രാവിസ് ഹെഡും സ്റ്റീവൻ സ്മിത്തും, ശതകങ്ങൾ നേടിയെങ്കിൽ ഇന്ത്യൻ ഭാഗത്ത് ഒരാൾപോലും മൂന്നക്കം കടന്നില്ല.
ഐ.പി.എല്ലിൽനിന്ന് നേരെ ലോക ടെസ്റ്റ് ഫൈനലിന്
രണ്ടുമാസം നീണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി20 മത്സരങ്ങൾക്ക് ശേഷമാണ് താരങ്ങൾ ലണ്ടനിലേക്ക് പറന്നത്. ചേതേശ്വർ പുജാരയൊഴിച്ച് മുഴുവൻ പേരും എത്തിയത് ട്വന്റി20 തിരക്കിൽനിന്ന്. ഇംഗ്ലണ്ടിൽ മിക്കവർക്കും ഒരുങ്ങാൻ കിട്ടിയത് ഒരാഴ്ച മാത്രം. സന്നാഹ മത്സരങ്ങൾപോലും ഉണ്ടായിരുന്നില്ല. വിദേശ സാഹചര്യങ്ങളുമായും കാലാവസ്ഥയുമായും പൊരുത്തപ്പെടാൻ കഴിയാതെ പോയി. ഫൈനൽ ഒരു മത്സരമാക്കരുതെന്നാണ് ക്യാപ്റ്റൻ രോഹിത് ശർമ നിർദേശിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയെങ്കിലുമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അനുഭവ സമ്പത്തുള്ള ആറോ ഏഴോ ബാറ്റർമാർ ഉണ്ടായിട്ടും വലിയ സ്കോറുകൾ കണ്ടെത്താനായില്ലെന്ന് രോഹിത് പരിഭവിക്കുന്നു.
ആദ്യ ദിനം ഒന്നാം ഇന്നിങ്സിൽ ഓസീസിനെ മൂന്ന് വിക്കറ്റിന് 70 റൺസിൽ പിടിച്ചിട്ടും 469 റൺസുവരെ വഴങ്ങിയതാണ് തോൽവിക്ക് കാരണമായതെന്നാണ് പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ കണ്ടെത്തൽ. അത്രയും റൺസടിക്കാൻ പാകത്തിലുള്ള പിച്ചല്ല അതെന്നും ദ്രാവിഡ് പറയുന്നു.
ആസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസാവട്ടെ അനായാസ ജയത്തിന്റെ പ്രധാന ക്രെഡിറ്റ് നൽകുന്നത് പേസർ സ്കോട്ട് ബോളണ്ടിനാണ്. അധികം റൺസ് വഴങ്ങാതിരുന്ന ബോളണ്ട്, രണ്ടാം ഇന്നിങ്സിലെ ഒറ്റ ഓവറിൽ വിരാട് കോഹ് ലിയെയും രവീന്ദ്ര ജദേജയെയും പുറത്താക്കിയതാണ് നിർണായകമായതെന്നും കമ്മിൻസ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.