രാജ്യത്തിന്‍റെ മകൾക്കുവേണ്ടി...; വീരേന്ദർ സിങ്ങും പത്മശ്രീ ബഹുമതി മടക്കി നൽകും
text_fieldsന്യൂഡൽഹി: ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്‍റെ അടുത്ത അനുയായി സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച റിയോ ഒളിമ്പിക് മെഡൽ ജേത്രി സാക്ഷി മലിക്കിന് പിന്തുണയേറുന്നു.
സാക്ഷിക്ക് പിന്തുണ പ്രഖ്യാപിച്ച് പത്മശ്രീ ബഹുമതി മടക്കി നൽകുമെന്ന് 2005 സമ്മർ ബധിര ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാവായ വീരേന്ദർ സിങ് യാദവ് അറിയിച്ചു. ഒളിമ്പിക് മെഡൽ ജേതാവ് ബജ്റങ് പൂനിയയും പത്മശ്രീ തിരിച്ചുകൊടുക്കാൻ തീരുമാനിച്ചിരുന്നു. 2021ലാണ് വീരേന്ദറിന് പത്മശ്രീ ലഭിക്കുന്നത്. 2015ൽ അർജുന പുരസ്കാരം നൽകിയും ഗുസ്തി താരത്തെ രാജ്യം ആദരിച്ചിരുന്നു. ‘എന്‍റെ സഹോദരിക്കും രാജ്യത്തിന്‍റെ മകൾക്കും വേണ്ടി ഞാൻ പത്മശ്രീ മടക്കി നൽകും, ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങളുടെ മകളും എന്‍റെ സഹോദരിയുമായ സാക്ഷി മാലിക്കിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു’ -വീരേന്ദർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ, ഒളിമ്പിക് ജാവലിൻ ത്രോ സ്വർണ മേഡൽ ജേതാവ് നീരജ് ചോപ്ര എന്നിവർ ഉൾപ്പെടെയുള്ള രാജ്യത്തെ മുതിർന്ന കായിക താരങ്ങൾ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലൈംഗിക പീഡനക്കേസിലുൾപ്പെട്ട ബി.ജെ.പി എം.പിയും ഡബ്ല്യു.എഫ്.ഐ മുൻ പ്രസിഡന്‍റുമായ ബ്രിജ്ഭൂഷണിന്‍റെ അടുത്ത അനുയായിയാണ് യു.പിയിൽനിന്നുള്ള സഞ്ജയ് സിങ്.
ലൈംഗികാരോപണക്കേസിലടക്കം ആത്മാർഥമായി പൊരുതിയിട്ടും ബ്രിജ്ഭൂഷന്‍റെ അടുത്ത അനുയായിയും കച്ചവട പങ്കാളിയുമായ സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനാൽ ഗുസ്തിയോട് വിടപറയുകയാണെന്ന് വാർത്തസമ്മേളനത്തിലാണ് സാക്ഷി അറിയിച്ചത്. ഷൂ അഴിച്ച് മേശപ്പുറത്തുവെച്ച് വികാരാധീനയായാണ് സാക്ഷി മാധ്യമങ്ങളോട് സംസാരിച്ചത്. വെള്ളിയാഴ്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സാക്ഷിയെ വീട്ടിലെത്തി കണ്ടിരുന്നു.
സഞ്ജയ് സിങ്ങിനെ ഫെഡറേഷൻ പ്രസിഡന്‍റാക്കിയതിൽ പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിയെ നേരിട്ട് കാണാനെത്തിയ ബജ്റങ്ങിനെ ഡൽഹി പൊലീസ് വഴിയിൽ തടഞ്ഞിരുന്നു. പിന്നാലെയാണ് പത്മശ്രീ തിരിച്ചുനൽകുമെന്ന് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ താരം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.