'ഒരു സ്ത്രീയെയും അത്തരത്തിൽ ലക്ഷ്യം വെക്കരുത്'; വിവാദ ട്വീറ്റിൽ സിദ്ധാർഥിന് മറുപടിയുമായി സൈന
text_fieldsതനിക്കെതിരായ വിവാദ പരാമർശത്തിൽ സിനിമാ താരം സിദ്ധാർഥ് മാപ്പുപറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ. ഒരു സ്ത്രീയെയും അത്തരത്തിൽ ലക്ഷ്യം വെക്കരുതെന്ന് സൈന പറഞ്ഞു. ആ പരാമർശത്തിൽ എനിക്കു കുഴപ്പമൊന്നുമില്ല, അത് എന്നെ വിഷമിപ്പിച്ചിട്ടുമില്ല. സിദ്ധാർഥ് മാപ്പ് പറഞ്ഞതിൽ സന്തോഷം. ദൈവം അയാളെ അനുഗ്രഹിക്കെട്ട. -സൈന പ്രതികരിച്ചു.
'അയാൾ ആദ്യം എന്നെകുറിച്ച് എന്തോ പറഞ്ഞു. പിന്നാലെ മാപ്പും പറഞ്ഞു. എനിക്കറിയില്ല, എന്തുകൊണ്ടാണ് അത് അത്രയും വൈറലായതെന്ന്. ട്വിറ്ററിൽ ഞാൻ ട്രെൻറിങ്ങായത് കണ്ട് അമ്പരന്നുപോയി'. - സൈന കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണക്കുന്ന സൈനയുടെ ട്വീറ്റിന് മറുപടി പറയുന്നതിനിടയിലായിരുന്നു സിദ്ധാർഥിന്‍റെ മോശം പരാമർശം. സൈനയുടെ ട്വീറ്റിനെ പരിഹാസ രൂപേണ റീട്വീറ്റ് ചെയ്ത കുറിപ്പിൽ പ്രയോഗിച്ച ലൈംഗിക ചുവയുള്ള വാക്കാണ് സിദ്ധാർഥിന് തലവേദനയായത്. എന്നാൽ, ട്വീറ്റ് കണ്ടപ്പോൾ എനിക്കുണ്ടായ ദേഷ്യമോ പ്രതികരണമോ ഒന്നും ആ പരാമർശത്തിന് ന്യായീകരണമായി പറയാൻ കഴിയില്ലെന്ന് സിദ്ധാർഥ് പറഞ്ഞു. കൂടാതെ താൻ ഉദ്ദേശിച്ച അർഥത്തിലല്ല വാക്കുകളെ വ്യാഖ്യാനിച്ചതെന്നും അതിന് മാപ്പ് ചോദിക്കുന്നതായും സിദ്ധാർഥ് കുറിച്ചു.
'സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്താൽ, രാജ്യത്തിന് സ്വയം സുരക്ഷിതമാണെന്ന് പറയാനാകില്ല. ഇക്കാര്യത്തിൽ ഏറ്റവും ശക്തമായ വാക്കുപയോഗിച്ച് അപലപിക്കുന്നു. പ്രധാനമന്ത്രിക്കെതിരെ അരാജകവാദികൾ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണം' -ഇതായിരുന്നു സൈനയുടെ ട്വീറ്റ്.
അതേസമയം, ട്വിറ്ററിൽ വിശീദകരണ കുറിപ്പുമായെത്തിയാണ് സിദ്ധാർഥ് സൈനയോട് മാപ്പ് പറഞ്ഞത്. 'പ്രിയപ്പെട്ട സൈന, ദിവസങ്ങൾക്ക് മുമ്പ് നിങ്ങളുടെ ട്വീറ്റിന് മറുപടിയായി ഞാൻ നൽകിയ ക്രൂരഫലിതത്തിന് മാപ്പ് പറയുന്നു. നിരവധി കാര്യങ്ങളിൽ നിങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതൊന്നും ട്വീറ്റ് കണ്ടപ്പോൾ എനിക്കുണ്ടായ ദേഷ്യത്തിനോ പ്രതികരണത്തിനും സ്വരത്തിനോ ഒന്നും ന്യായീകരണമായി പറയാൻ കഴിയില്ല. വിശദീകരിക്കപ്പെടേണ്ടി വരുന്നവ തമാശകൾ അല്ലെന്ന് പറയാറില്ലേ. ആ തമാശ ശരിയായി സ്വീകരിക്കപ്പെടാത്തതിൽ ഞാൻ മാപ്പ് ചോദിക്കുന്നു. മറ്റുള്ളവർ പറയുന്നതുപോലെ മോശം അർഥത്തിലല്ല ആ പരമാർശം ഉപയോഗിച്ചത്. ഫെമിനിസ്റ്റ് ആശയങ്ങൾക്കൊപ്പം നിൽക്കുന്നയാളാണ് ഞാൻ. ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങളെ അപമാനിക്കാൻ എന്‍റെ ട്വീറ്റിലൂടെ ശ്രമിച്ചിട്ടില്ല. എന്‍റെ മാപ്പ് സ്വീകരിക്കുമെന്നും വിവാദം മറന്ന് നമുക്ക് മുന്നോട്ടുപോകാനാകുമെന്നും പ്രതീക്ഷിക്കുന്നു. സത്യമായും നിങ്ങൾ എന്നുമെന്‍റെ ചാമ്പ്യനാണ്. സത്യസന്ധതയോടെ' -സിദ്ധാർഥ് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.