നാടിന്‍റെ ആവേശത്തിലേക്ക് പറന്നിറങ്ങി ഗുകേഷ്; ചെന്നൈ വിമാനത്താവളത്തിൽ ചെസ് ചാമ്പ്യന് രാജകീയ സ്വീകരണം
text_fieldsചെന്നൈ: ലോക ചെസ് ചാമ്പ്യനായ ദൊമ്മരാജു ഗുകേഷിന് ജന്മനാട്ടിൽ രാജകീയ സ്വീകരണം. സിംഗപ്പുരിൽ നടന്ന ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ച് ജേതാവായ ശേഷം ആദ്യമായാണ് ഗുകേഷ് നാട്ടിലെത്തുന്നത്.
ചെന്നൈ വിമാനത്താവളത്തിൽ അധികൃതരും ആരാധകരും ചേർന്നാണ് ലോക ചെസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനെ വരവേറ്റത്. സായ് അധികൃതരും വേലമ്മാൾ സ്കൂളിലെ അധ്യാപകരും ചേർന്ന് ഗുകേഷിനെ ബൊക്കെ നൽകി സ്വീകരിച്ചു. തമിഴ്നാട് കായിക മന്ത്രി ചാമ്പ്യനെ സ്വീകരിച്ചു. ആശംസകൾ അറിയിക്കുന്നതിനും സ്വീകരണം നൽകുന്നതിനും നിരവധി പേരാണ് വിമാനത്താവളത്തിൽ എത്തി ചേർന്നത്.
വമ്പിച്ച സ്വീകരണത്തിനും പിന്തുണക്കും ഗുകേഷ് ആരാധകരോട് നന്ദി പറഞ്ഞു. ‘വളരെ സന്തോഷമുണ്ട്, ഈ പിന്തുണയും ഇന്ത്യക്ക് ഈ വിജയം അർഥമാക്കുന്നതെന്തെന്നും മനസിലാകുന്നുണ്ട്. എല്ലാവരും തനിക്ക് വളരെയധികം ഊർജം നൽകി’ -ഗുകേഷ് പ്രതികരിച്ചു. പിന്നാലെ പൂക്കൾകൊണ്ട് അലങ്കരിച്ച കാറിലാണ് താരം വീട്ടിലേക്ക് പോയത്. വിശ്വനാഥൻ ആനന്ദിനുശേഷം ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ജേതാവാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഗുകേഷ്.
ഏഴര പോയന്റ് നേടിയാണ് ഗുകേഷ് വിശ്വവിജയിയായത്. ലോക ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഗുകേഷിന് സ്വന്തമായി. 22ാം വയസ്സിൽ ചാമ്പ്യനായ റഷ്യൻ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ റെക്കോഡാണ് താരം മറികടന്നത്. ഗുകേഷിന് തമിഴ്‌നാട് സർക്കാർ പ്രോത്സാഹനമായി അഞ്ചുകോടി രൂപ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.