ഇബ്രാഹിമോവിച്ചിന്റെ മകൻ എ.സി മിലാനിൽ
text_fieldsസ്റ്റോക്ക്ഹോം: സ്വീഡന്റെ വിഖ്യാത ഫുട്ബാളർ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ മകനും പ്രഫഷനൽ ഫുട്ബാളിലേക്ക്. മൂത്ത മകൻ മാക്സിമിലിയനാണ് ഇറ്റാലിയൻ വമ്പന്മാരും പിതാവിന്റെ മുൻ ക്ലബുമായ എ.സി മിലാനുമായി കരാറിലൊപ്പിട്ടത്. താരത്തിന്റെ ആദ്യ പ്രഫഷനൽ കരാറാണിത്.
സീരി സിയിൽ ‘മിലാൻ ഫ്യുചൂറോ’ ടീമിലാകും 17കാരനായ സ്ട്രൈക്കർ ബൂട്ട് കെട്ടുക. കഴിഞ്ഞ സീസണിൽ ക്ലബിന്റെ അണ്ടർ -18 സ്ക്വാഡിൽ മാക്സിമിലിയൻ അംഗമായിരുന്നു. 2027 ജൂൺ വരെയാണ് കരാർ. പാരിസ് സെന്റ് ജെർമെയ്ൻ, മാഞ്ചസ്റ്റർ യുനൈറ്റഡ് അക്കാദമികളിൽനിന്നാണ് താരം കളിയഭ്യസിച്ചത്.
സ്വീഡന്റെ എക്കാലത്തെയും മികച്ച ഗോൾസ്കോററാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്. 122 മത്സരങ്ങളിൽ 62 ഗോളുകളാണ് രാജ്യത്തിനായി അദ്ദേഹം നേടിയത്. ബാഴ്സലോണ, മാഞ്ചസ്റ്റർ യുനൈറ്റഡ്, പി.എസ്.ജി, യുവന്റസ്, ഇന്റർ മിലാൻ തുടങ്ങിയവക്കായി ബൂട്ടണിഞ്ഞ ഇബ്രാഹിമോവിച് ക്ലബുകൾക്കായി 637 മത്സരങ്ങളിൽ 405 ഗോളുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ സമ്മറിൽ എ.സി മിലാനുമായുള്ള കരാർ അവസാനിച്ചതോടെയാണ് ബൂട്ടഴിച്ചത്. നിലവിൽ ക്ലബിൽ ഉപദേശകനായി തുടരുകയാണ്. ഇബ്രാഹിമോവിച്ചിന്റെ ഇളയ മകൻ വിൻസന്റും ക്ലബ് യൂത്ത് ടീമിൽ അംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.