അന്നാബികൾക്ക് പിന്തുണയുമായി നടുമുറ്റം ഖത്തർ
text_fieldsദോഹ: ബ്രസീലിന്റെ മഞ്ഞക്കുപ്പായക്കാരും അർജൻറീനയുടെ നീലക്കുപ്പായക്കാരും കടലായി ഒഴുകിയ ദോഹ കോർണിഷിൽ ആതിഥേയ സംഘത്തിന് പിന്തുണയുമായി മലയാളി വനിതകളുടെ ഒത്തുചേരൽ. 'നടുമുറ്റം ഖത്തർ' നേതൃത്വത്തിലാണ് ഖത്തർ ദേശീയ ടീമിന്റെ നിറമായ മറൂൺ കുപ്പായവും കൊടിയും പിടിച്ച ശനിയാഴ്ച വൈകീട്ടോടെ ആരാധകസംഗമം ഒരുക്കിയത്.
കോർണിഷിലെ കൗണ്ട്ഡൗൺ ക്ലോക്കിന് സമീപത്തായി ഒത്തുചേർന്നവർ തങ്ങളുടെ പ്രിയപ്പെട്ട നാടിന്റെ ആഘോഷത്തിൽ പങ്കാളികളായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുന്നൂറിലധികം പേർ ഖത്തറിന് പിന്തുണയർപ്പിച്ച് പങ്കെടുത്തു. ലോകകപ്പ് ആവേശം പുരുഷന്മാരിലേക്ക് മാത്രം ചുരുങ്ങുമ്പോൾ സ്ത്രീകളെക്കൂടി അതിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടുമുറ്റം ഖത്തറിന് പിന്തുണയർപ്പിച്ച് ഫാൻ ഫെസ്റ്റ് സംഘടിപ്പിച്ചത്. പൂർണമായും സ്ത്രീകളുടെ നിയന്ത്രണത്തിലായിരുന്നു സംഘാടനവും ആഘോഷവും.
കുട്ടികളുടെയും മുതിർന്നവരുടെയും ഫ്ലാഷ്മോബ്, കുട്ടികളുടെ ഖത്തർ പരമ്പരാഗത നൃത്തം, സ്ത്രീകള്‍ നയിച്ച ശിങ്കാരിമേളം തുടങ്ങിയവ ആഘോഷത്തിന് കൊഴുപ്പേകി. ഉച്ചക്ക് രണ്ടോടെ ആരംഭിച്ച പരിപാടികള്‍ വൈകീട്ടോടെയാണ് അവസാനിച്ചത്. നടുമുറ്റം കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, വിവിധ ഏരിയ കോഓഡിനേറ്റർമാർ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.