ബൈഡന്‍റെ പരിപാടിയിൽ ഫലസ്തീൻ അനുകൂല പ്രതിഷേധം; നടി ഹണ്ടർ ഷെയ്ഫർ അറസ്റ്റിൽ
text_fieldsന്യൂയോർക്ക്: യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പങ്കെടുത്ത പരിപാടിക്കിടെ ഫലസ്തീൻ അനുകൂല പ്രതിഷേധത്തിൽ അണിനിരന്ന നടിയും മോഡലുമായ ഹണ്ടർ ഷെയ്ഫർ അറസ്റ്റിൽ. സൂപ്പര്‍ ഹിറ്റ് സീരീസായ യൂഫോറിയയിലൂടെ പ്രശസ്തയായ നടിയാണ് എൽ.ജി.ബി.ടി.ക്യു ആക്ടിവിസ്റ്റ് കൂടിയായ ഹണ്ടർ ഷെയ്ഫർ.
ജോ ബൈഡൻ പങ്കെടുത്ത 'ലേറ്റ് നൈറ്റ് വിത്ത് സേത് മേയേഴ്സ്' എന്ന പരിപാടിക്കിടെയായിരുന്നു പ്രതിഷേധം. ജൂതന്മാരുടെ നേതൃത്വത്തിലുള്ള സയണിസ്റ്റ് വിരുദ്ധ സംഘടനയായ 'ജ്യൂയിഷ് വോയിസ് ഫോർ പീസ്' ആണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ഗസ്സയിൽ എത്രയും വേഗം വെടിനിർത്തൽ നടപ്പാക്കണമെന്ന മുദ്രാവാക്യമടങ്ങിയ ടീഷർട്ട് ധരിച്ചാണ് ഹണ്ടർ ഷെയ്ഫർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തത്. വംശഹത്യ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുള്ള ബാനറുകളും ഉയർത്തിയിരുന്നു.
50ഓളം പേരാണ് പ്രസിഡന്‍റിനു മുന്നിൽ പ്രതിഷേധത്തിൽ അണിനിരന്നത്. മുഴുവൻ പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗസ്സയിലെ വംശഹത്യയെ ജോ ബൈഡൻ നിരന്തരം പിന്തുണക്കുകയാണെന്ന് 'ജ്യൂയിഷ് വോയിസ് ഫോർ പീസ്' വക്താവ് ചൂണ്ടിക്കാട്ടി. ജീവിതം ഏറ്റവും വിലപ്പെട്ടതാണെന്നാണ് ജൂത സംസ്കാരം പഠിപ്പിക്കുന്നത്. എന്നാൽ, ഗസ്സയിൽ ഇസ്രായേൽ വംശഹത്യയാണ് നടപ്പാക്കുന്നത് -സംഘടന ആരോപിച്ചു. ഹണ്ടർ ഷെയ്ഫർ ഉൾപ്പെടെ പ്രതിഷേധക്കാർ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.
അതേസമയം, ആഗോള പ്രതിഷേധം വകവെക്കാതെ ഗസ്സയിൽ കൂട്ടക്കൊല തുടരുകയാണ് ഇസ്രായേൽ. ഗസ്സ ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം ബുധനാഴ്ച വരെ 29,954 പേരാണ് കൊല്ലപ്പെട്ടത്. 70,325 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി മാത്രം 76 പേരെയാണ് കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.