‘സ്ക്രീനിൽ തൊടാതെ ചെയ്യാം കാര്യങ്ങൾ’; കലക്കൻ ഫീച്ചറുകളുമായി ആപ്പിൾ വാച്ച്
text_fieldsഐഫോൺ പോലെ തന്നെ ആപ്പിൾ വാച്ചിനും ഏറെ ആരാധകരുണ്ട്. സ്മാർട്ട് വാച്ചുകളുടെ രാജാവായാണ് ആപ്പിൾ വാച്ചിനെ ടെക് ലോകം കാണുന്നത്. ഹെൽത്ത് - സ്‍പോർട്സ് ആക്ടിവിറ്റി ട്രാക്കിങ്ങുകൾ ഐവാച്ചുകളേക്കാൾ മികച്ച രീതിയിൽ സാധ്യമാക്കുന്ന മറ്റൊരു സ്മാർട്ട് വാച്ചുണ്ടോ എന്ന് സംശയമാണ്. ആപ്പിൾ വാച്ചിന്റെ ഒമ്പതാം സീരീസാണ് ഇന്നലെ അവതരിപ്പിക്കപ്പെട്ടത്. അതിനൊപ്പം പുതിയ ആപ്പിൾ വാച്ച് അൾട്രായും വാച്ച് എസ്.ഇയുമുണ്ട്. അവയുടെ വിലയും വിശേഷങ്ങളും അറിയാം.
ആപ്പിൾ വാച്ച് സീരീസ് 9 ഫീച്ചറുകൾ
ആപ്പിൾ വാച്ച് സീരീസ് 9 പുതിയതും വേഗതയേറിയതുമായ S9 ചിപ്പുമായാണ് എത്തുന്നത്. മുൻഗാമിയായ സീരീസ് 8 നെ അപേക്ഷിച്ച് 30% വേഗതയുള്ള ജിപിയു ആണ് എസ് 9 ചിപ്പിന്. ഇക്കാരണത്താൽ ആനിമേഷനുകൾ (ട്രാൻസിഷനുകൾ) വളരെ സ്മൂത്തായിരിക്കും.
പുതിയ ആപ്പിൾ വാച്ചിൽ എടുത്തുപറയേണ്ട ഏറ്റവും കിടിലൻ ഫീച്ചർ ‘ഡബിൾ ടാപ്പ്’ ജെസ്ചറാണ്. നിങ്ങളുടെ വിരൽ ചലനങ്ങൾ വായിക്കാൻ ആപ്പിൾ വാച്ച് സീരീസ് 9 അതിന്റെ ഗൈറോസ്കോപ്പും ആക്സിലറോമീറ്ററും ഉപയോഗിക്കുന്നു. തള്ളവിരലും ചൂണ്ടുവിരലും യോജിപ്പിച്ചുള്ള ആംഗ്യത്തിലൂടെ, ആപ്പിൾ വാച്ചിൽ സ്പർശിക്കാതെ തന്നെ നിങ്ങൾക്ക് പ്രവർത്തനങ്ങൾ ചെയ്യാനാകും.
ഇൻകമിങ് കോൾ എടുക്കുന്നതിനും, കോൾ അവസാനിപ്പിക്കുന്നതിനും, ടൈമറുകൾ ആരംഭിക്കുന്നതിനും നിയന്ത്രിക്കുന്നതിനും, അലാറങ്ങൾ നിർത്തുന്നതിനും, വിൻഡോകളിലൂടെ സ്ക്രോൾ ചെയ്യുന്നതിനും, ആപ്പിൾ ടിവിയിൽ പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന സിനിമ പുനരാരംഭിക്കുന്നതിനും, കൂടാതെ മറ്റു പലതിനും ആപ്പിൾ വാച്ച് സീരീസ് 9 - ഡബിൾ ടാപ്പ് ഫീച്ചർ ഉപയോഗിക്കുന്നതായി ആപ്പിൾ ഇവന്റിലെ ഡെമോൺസ്ട്രേഷനിൽ നാം കണ്ടു. ഈ പുതിയ ഫീച്ചർ വളരെ അത്ഭുതകരവും ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കാൻ വളരെ സൗകര്യപ്രദവുമാണ്.
പുതിയ ആപ്പിൾ വാച്ച് സീരീസ് 9ൽ രണ്ടാം തലമുറ UWB ചിപ്പാണ് ഉൾകൊള്ളിച്ചിരിക്കുന്നത്. അതുപോലെ വാച്ച് സീരീസ് 9-ലൂടെ നിങ്ങളുടെ ഐഫോൺ കണ്ടെത്തുന്നത് കൂടുതൽ മികച്ചതാക്കിയിട്ടുണ്ട്, വാച്ച് ഉപയോഗിച്ച് നിങ്ങളുടെ ഫോൺ എവിടെയാണെന്ന് തിരയവേ, നിങ്ങൾ അതിനോട് അടുക്കുമ്പോൾ വൈബ്രേറ്റ് ചെയ്യുന്ന രീതിയിലാണ് ഈ സംവിധാനം.
സിരി, ബാറ്ററി ലൈഫ്, ഡിസ്‌പ്ലേ തുടങ്ങിയ നിലവിലുള്ള ഫീച്ചറുകൾ എല്ലാം മെച്ചപ്പെട്ടിട്ടുണ്ട്. ഡിസ്‍പ്ലേക്ക് 2000 നിറ്റ്‌സ് ബ്രൈറ്റ്നസും നൽകിയിട്ടുണ്ട്. ഇത് ഔട്ട്‌ഡോർ സാഹചര്യങ്ങളിൽ മികച്ച ബാഹ്യ കാഴ്‌ചക്ഷമത കൊണ്ടുവരുന്നു. അതുപോലെ ഡിസ്‌പ്ലേ തെളിച്ചം 1 നിറ്റ് വരെ താഴുകയും ചെയ്യും.
ആപ്പിളിന്റെ വോയ്സ് അസിസ്റ്റന്റായ സിരി വാച്ചിലൂടെയുള്ള എല്ലാ അഭ്യർത്ഥനകളും മികച്ച രീതിയിൽ പ്രോസസ്സ് ചെയ്യും. വാച്ച് 18 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ആപ്പിൾ വാച്ച് അൾട്രാ ഫീച്ചറുകൾ
വില കൂടിയ ആപ്പിൾ വാച്ച് അൾട്ര രണ്ടാം ജനറേഷനിലും എസ് 9 ചിപ്പും ഡബിൾ ടാപ് ഫീച്ചർ കൊണ്ടുവന്നിട്ടുണ്ട്. അൾട്രാ വാച്ചിന്റെ ബാറ്ററി 36 മണിക്കൂർ വരെ നിലനിൽക്കും. ലോ-പവർ ക്രമീകരണം ഉപയോഗിച്ചാൽ, വാച്ച് അൾട്രാ 72 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുമെന്നും ആപ്പിൾ പറയുന്നു. 3000 നിറ്റ്സ് വരെ പോകുന്ന ബ്രൈറ്റ്നസ് ഔട്ട് ഡോർ സാഹചര്യങ്ങളിൽ ഏറ്റവും മികച്ച അനുഭവം നൽകും.
കാഡൻസ്, സ്പീഡ്, പവർ എന്നിങ്ങനെയുള്ള നിങ്ങളുടെ കായിക പ്രവർത്തനങ്ങൾ അളക്കാൻ വാച്ചിനെ ബ്ലൂടൂത്ത് അടിസ്ഥാനമാക്കിയുള്ള സൈക്ലിംഗ് ആക്‌സസറികളുമായി പെയർ ചെയ്യാൻ സാധിക്കും. തത്സമയ ആക്ടിവിറ്റികൾ ഐഫോണുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും.
മുമ്പത്തെ ആപ്പിൾ വാച്ച് അൾട്രാ പോലെ, രണ്ടാം തലമുറക്കും MIL-STD-810H റേറ്റിങ്ങുണ്ട്. കൂടാതെ, ഇതിന് WR100 എന്ന ജല റെസിസ്റ്റൻസ് റേറ്റിങ്ങുമുണ്ട്, അതായത് വെള്ളത്തിൽ 100 മീറ്റർ ആഴത്തിൽ വരെ വാച്ച് ധരിച്ച് പോയാലും കുഴപ്പമില്ല. രണ്ടാം തലമുറ ആപ്പിൾ വാച്ച് അൾട്രായ്ക്ക് മാപ്പബിൾ ആക്ഷൻ ബട്ടൺ ഉണ്ട്. മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് വലിയ സൈഡ് ബട്ടണും ഡിജിറ്റൽ ക്രൗണുമുണ്ട്. വാച്ചിന്റെ ബാൻഡുകൾ കടുത്ത രീതിയിലുള്ള ഔട്ട്ഡോർ പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
ആപ്പിൾ വാച്ച് എസ്.ഇ ഫീച്ചറുകൾ
ആപ്പിൾ വാച്ചുകളിൽ ഏറ്റവും വില കുറഞ്ഞ വകഭേദമാണ് വാച്ച് എസ്.ഇ ആക്റ്റിവിറ്റി ട്രാക്കിങ്, ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, ഫാള്‍ ഡിറ്റക്ഷന്‍, എമര്‍ജന്‍സി എസ്ഒഎസ്, ക്രാഷ് ഡിറ്റക്ഷന്‍, വാച്ച് ഓഎസ് 10 എന്നിവ എസ്.ഇ മോഡലിൽ ലഭ്യമാണ്. 40 എംഎം, 44 എംഎം അലൂമിനിയം കേസുകളുമായാണ് ഇത് എത്തുന്നത്. 29900 രൂപ മുതലാണ് ഇതിന് വില.
എയർപോഡ്സ് പ്രോ 2 - യു.എസ്.ബി -സി
ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ എയർപോഡ്സ് പ്രോ രണ്ടാം തലമുറയും അവതരിപ്പിച്ചിട്ടുണ്ട്. യു.എസ്.ബി-സി പോർട്ടുമായി എത്തുന്ന പുതിയ എയർപോഡ്സ് 2-ന് മാഗ്സേഫ് ചാർജിങ് പിന്തുണയും നൽകിയിട്ടുണ്ട്. അതുപോലെ, മെച്ചപ്പെട്ട IP54 റേറ്റിങ്ങും ആപ്പിൾ വിഷൻ പ്രോയ്‌ക്കൊപ്പം ലോസ്‌ലെസ് ഓഡിയോ പിന്തുണയുണ്ട്. മുൻഗാമിയേക്കാൾ 2 മടങ്ങ് മികച്ച ആക്റ്റീവ് നോയിസ് ക്യാൻസലേഷനും പുതിയതിലുണ്ട്. സ്പേഷ്യൽ ഓഡിയോ അനുഭവവും മെച്ചപ്പെടുത്തിയിട്ടുണ്ട്. പുതിയ അഡ്വാൻസ്ഡ് ട്രാൻസ്പരൻസി മോഡും ഉണ്ട്. പൊടി പ്രതിരോധ ശേഷിയും വർദ്ധിച്ചതായി ആപ്പിൾ അവകാശപ്പെടുന്നു. 24900 രൂപ മുതലാണ് വില.
വില വിശേഷങ്ങൾ
- ആപ്പിൾ വാച്ച് സീരീസ് 9-ന്റെ വില 399- ഡോളറിലും ആപ്പിൾ വാച്ച് അൾട്രാ 2-ന്റെ വില $799-ഡോളറിലും ആരംഭിക്കുന്നു.
- ആപ്പിൾ വാച്ച് സീരീസ് 9 അലുമിനിയം കെയ്‌സ് 41 എംഎം ജിപിഎസ്: 41,900 രൂപ
- ആപ്പിൾ വാച്ച് സീരീസ് 9 അലുമിനിയം കെയ്‌സ് 41mm GPS + സെല്ലുലാർ: 51,900 രൂപ
- ആപ്പിൾ വാച്ച് സീരീസ് 9 അലുമിനിയം കെയ്‌സ് 45 എംഎം ജിപിഎസ്: 44,900 രൂപ
- ആപ്പിൾ വാച്ച് സീരീസ് 9 അലുമിനിയം കെയ്‌സ് 45mm GPS + സെല്ലുലാർ: 54,900 രൂപ
- ആപ്പിൾ വാച്ച് സീരീസ് 9 സ്റ്റെയിൻലെസ് സ്റ്റീൽ കെയ്‌സ് 41 എംഎം ജിപിഎസ് + സെല്ലുലാർ: 70,900 രൂപ
- ആപ്പിൾ വാച്ച് സീരീസ് 9 സ്റ്റെയിൻലെസ്സ് സ്റ്റീൽ കെയ്‌സ് 45 എംഎം ജിപിഎസ് + സെല്ലുലാർ: 75,900 രൂപ
- ആപ്പിൾ വാച്ച് അൾട്ര 2 49mm GPS + സെല്ലുലാർ: 89,900 രൂപ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.