‘ആപ്പിൾ വാച്ചിൽ ക്യാമറ’; കമ്പനി സ്വന്തമാക്കിയ പുതിയ പേറ്റന്റ് നൽകുന്ന സുചനയിങ്ങനെ...
text_fieldsസ്മാർട്ട് വാച്ച് വിപണിയിലെ രാജാവാണ് ‘ആപ്പിൾ വാച്ച്’. സാംസങ്ങും, ഹ്വാവേയുമടക്കം മത്സര രംഗത്തുണ്ടെങ്കിലും വിപണിയിൽ ആപ്പിളിന്റെ വാച്ചിനൊരു വെല്ലുവിളിയാകാൻ അവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആളുകളെ ആകർഷിക്കാനായി ഓരോ വർഷവും തങ്ങളുടെ സ്മാർട്ട് വാച്ചിന്റെ പുത്തൻ പതിപ്പുകളിൽ കിടിലൻ ഫീച്ചറുകളാണ് ആപ്പിൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം തങ്ങളുടെ സ്മാർട്ട് വാച്ചിൽ ക്യാമറ സംവിധാനവും ഉൾപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ആപ്പിൾ. അമേരിക്കൻ ടെക് ഭീമൻ ഈയിടെ സ്വന്തമാക്കിയ ഒരു പേറ്റന്റാണ് അതിന്റെ സൂചന നൽകുന്നത്.
കൈയ്യിൽ കെട്ടിയിരിക്കെ തന്നെ സ്ട്രാപ്പിൽ നിന്ന് വാച്ച് അഴിച്ചെടുത്ത് എളുപ്പം തിരിച്ച് ഫിറ്റ് ചെയ്യാവുന്ന ‘ഡിറ്റാച്ചബിൾ ബാൻഡ് സിസ്റ്റത്തെ’ കുറിച്ചും’ ഒരു സംയോജിത ക്യാമറ യൂണിറ്റിലേക്ക് എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്ന ക്വിക് റിലീസ് മെക്കാനിസത്തെ കുറിച്ചുമാണ് ആപ്പിൾ സ്വന്തമാക്കിയ പേറ്റന്റിലുള്ളതെന്ന് ടെക്‌സ്‌പോട്ട് റിപ്പോർട്ട് ചെയ്യുന്നു.
ഉപയോക്താവിന് വേഗത്തിൽ ബാൻഡ് റിലീസ് ചെയ്യാനും വാച്ചിന്റെ അടിയിൽ സജ്ജീകരിച്ചിരിക്കുന്ന ക്യാമറയിൽ നിന്ന് ഫോട്ടോകൾ എടുത്ത്, അത് തിരികെ സ്ട്രാപ്പിൽ ഫിറ്റ് ചെയ്യാനും സാധിക്കുന്നതാണ് സംവിധാനം.
അതേസമയം, സ്മാർട്ട് വാച്ച് ക്യാമറ സംവിധാനം ആദ്യമായി വിപണിയിൽ എത്തിക്കാൻ പോകുന്നത് ആപ്പിളല്ല. സാംസങ് അവരുശട ‘ഗാലക്‌സി ഗിയറി’ൽ 1.9 മെഗാപിക്‌സൽ ക്യാമറ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ആ വാച്ച് വിപണിയിൽ ശ്രദ്ധ നേടിയിരുന്നില്ല. സാംസങ് അത്തരം വാച്ചുമായി പിന്നീട് വന്നതുമില്ല.
അതേസമയം, സ്മാർട്ട് വാച്ചിലെ ക്യാമറ സ്വകാര്യതാ ആശങ്കകളും ഉയർത്തുന്നുണ്ട്. സ്മാർട്ട്ഗ്ലാസുകളിലെ ക്യാമറാ ഇൻഡിക്കേറ്ററുകൾ പോലെ, വാച്ചിലെ ക്യാമറ ഉപയോഗിക്കുമ്പോൾ ആളുകൾക്ക് അത് തിരിച്ചറിയാൻ കഴിയുന്ന സുരക്ഷാ ഫീച്ചറുകൾ സ്മാർട്ട് വാച്ചുകൾക്കും ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.