‘ടിം കുക്കിന് നന്ദി’; ആപ്പിൾ വാച്ച് ജീവൻ രക്ഷിച്ച അനുഭവം പങ്കിട്ട് ഡൽഹി സ്വദേശിനി, മറുപടിയുമായി ആപ്പിൾ സി.ഇ.ഒ
text_fieldsകഴിഞ്ഞ കുറച്ചുവർഷങ്ങളായി ആപ്പിൾ വാച്ച് പലരുടേയും ജീവൻ രക്ഷിച്ച വാർത്തകളും സോഷ്യൽ മീഡിയ പോസ്റ്റുകളും നാം കാണുന്നുണ്ട്. പ്രധാനമായും അമേരിക്കയിൽ നിന്നാണ് അത്തരം വാർത്തകൾ വരാറുള്ളത്. ഇപ്പോഴിതാ ഇന്ത്യയിലും ആപ്പിളിന്റെ സ്മാർട്ട് വാച്ച് ഒരാളുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ്.
ഡൽഹി സ്വദേശിനിയായ 35-കാരിയുടെ ജീവൻ രക്ഷിക്കുന്നതിലാണ് ആപ്പിൾ വാച്ച് നിർണായക പങ്കുവഹിച്ചത്. ജെ.എൻ.യുവിലെ പോളിസി ഗവേഷകയായ സ്നേഹ സിൻഹയാണ് ആപ്പിൾ വാച്ചിന് നന്ദി പറഞ്ഞുകൊണ്ട് രംഗത്തുവന്നിരിക്കുന്നത്. ഏട്രിയൽ ഫൈബ്രിലേഷൻ (AFib) എന്ന ഗുരുതര പ്രശ്നമായിരുന്നു അവർ നേരിട്ടിരുന്നത്.
രണ്ട് വർഷമായി അവർ ആപ്പിൾ വാച്ച് ഉപയോഗിക്കുന്നുണ്ടായിരുന്നു. എന്നാൽ, കാര്യമായ അസുഖങ്ങളൊന്നും അവർക്കുണ്ടായിരുന്നില്ല. എന്നാൽ, കഴിഞ്ഞ ഏപ്രിലിൽ ആപ്പിൾ വാച്ച് അവർക്കൊരു മുന്നറിയിപ്പ് നൽകി. ഹൃദയമിടിപ്പ് ഉയർന്ന അളവിലാണെന്നായിരുന്നു അതിലുണ്ടായിരുന്നത്. വീട്ടിലെത്തിയപ്പോൾ ഹൃദയമിടിപ്പിലുള്ള വ്യത്യാസം സ്നേഹ ശ്രദ്ധിക്കുകയും ചെയ്തു. വാച്ച് ചാർജിലിട്ടതിന് ശേഷം വീണ്ടും ധരിച്ചപ്പോൾ അതേ മുന്നറിയിപ്പ് വീണ്ടും വരികയായിരുന്നു. അപകടകരമായ വിധത്തിലുള്ള ഹൃദയമിടിപ്പാണെന്നായിരുന്നു ഉപകരണം പറയുന്നത്.
വിശ്രമിച്ചാൽ മാറ്റമുണ്ടാകുമെന്ന് കരുതി റെറ്റ് എടുത്തതിന് ശേഷവും ഹൃദയമിടിപ്പ് പഴയപടിയായില്ല, ഒന്നര മണിക്കൂറിന് ശേഷം വാച്ച് ‘ഏട്രിയൽ ഫൈബ്രിലേഷൻ’ സന്ദേശം കാണിച്ചതോടെ സുഹൃത്തിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് പോയതായി സ്നേഹ ടൈംസ് നൗവിനോട് പറഞ്ഞു.
ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ മിനിറ്റിൽ 250-ലധികം ഹൃദയമിടിപ്പുകളായിരുന്നു രേഖപ്പെടുത്തിയത്. രക്ത സമ്മർദ്ദം അളക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. പ്രാഥമിക ചികിത്സ എന്ന നിലയിൽ ഹൃദയമിടിപ്പ് നോർമലാക്കാനായി ഡോക്ടർമാർ യുവതിക്ക് ഡിസി ഷോക്ക്സ് എന്ന ട്രീറ്റ്മെന്റ് നൽകുകയും ചെയ്തു.
താനിപ്പോൾ ജീവനോടെയിരിക്കുന്നതിന് കാരണം ആപ്പിൾ വാച്ചാണെന്ന് സ്നേഹ സിൻഹ പറയുന്നു. വാച്ച് നൽകിയ മുന്നറിയിപ്പ് അവഗണിച്ചിരുന്നെങ്കിൽ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ ഹൃദയസ്തംഭനം അല്ലെങ്കിൽ രക്തം കട്ടപിടിക്കുന്നത് പോലുള്ള ഗുരുതരമായ സങ്കീർണതകളിലേക്ക് ‘ഏട്രിയൽ ഫൈബ്രിലേഷൻ’ താൻ പോയേനെ എന്നും അവർ പറയുന്നു.
ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ ശേഷം, സിഇഒ ടിം കുക്കിന് സ്നേഹ ഇമെയിൽ അയക്കുകയും ചെയ്തു. ആപ്പിൾ വാച്ചിനെ കൃത്യമായ ആരോഗ്യ ഡാറ്റ രേഖപ്പെടുത്താൻ കഴിയുന്ന വിശ്വസനീയമായ ഫിറ്റ്നസ് ഗിയറാക്കിയതിന് അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ ടീമിനും അവർ നന്ദി പറഞ്ഞു. പിന്നാലെ ടിം കുക്കിൽ നിന്ന് അവർക്ക് പ്രതികരണം ലഭിച്ചിരുന്നു. അനുഭവം പങ്കുവെച്ചതിന് നന്ദി പറഞ്ഞ ആപ്പിൾ സി.ഇ.ഒ, യുവതിക്ക് വൈദ്യസഹായവും പെട്ടെന്ന് തന്നെ ശരിയായ ചികിത്സയും ലഭിച്ചതിൽ സന്തോഷമറിയിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം ജൂലൈ മുതലായിരുന്നു ആപ്പിൾ വാച്ചുകളിലെ ചില ആരോഗ്യ നിരീക്ഷണ ഫീച്ചറുകൾ ഇന്ത്യയിലും പ്രവർത്തിച്ചു തുടങ്ങിയത്.അതേസമയം, AFib തിരിച്ചറിയാനുള്ള ഫീച്ചർ 2022-ലെ വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ ( WWDC ) ആണ് ആപ്പിൾ വാച്ചുകളിൽ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.