അപകടത്തിൽ പെട്ട് റോഡിൽ രക്തം വാർന്നുകിടന്നു; ജീവൻ രക്ഷിച്ചത് ആപ്പിൾ വാച്ച്, സംഭവം ഇങ്ങനെ...!
text_fieldsടെക് പ്രേമികൾ ആപ്പിൾ വാച്ചിനെ സ്മാർട്ട് വാച്ചുകളുടെ രാജാവായി വിശേഷിപ്പിക്കുന്നതിന് കാരണങ്ങളേറെയാണ്. രൂപഭംഗിയും ഫീച്ചറുകളും മികച്ചതാണെങ്കിലും ഐ-വാച്ചിൽ ആളുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് അതിന്റെ ട്രാക്കിങ് സംവിധാനവും 'ഫാൾ ഡിറ്റക്ഷൻ ഫീച്ചറു'മൊക്കെയാണ്.
ആപ്പിൾ വാച്ച് ജീവൻ രക്ഷിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തവണ അമേരിക്കയിലെ കാലിഫോർണിയ സ്വദേശിക്കാണ് വാച്ച് രക്ഷകനായത്. അർധരാത്രി തന്റെ ഇലക്ട്രിക് സൈക്കിളിൽ യാത്ര ചെയ്യവേ അദ്ദേഹം വലിയൊരു അപകടത്തിൽപെടുകയായിരുന്നു.
തലയിൽ നിന്ന് രക്തം വാർന്ന് റോഡിൽ കിടക്കുകയായിരുന്നു അയാൾ. എന്നാൽ, ആപ്പിൾ വാച്ച് ഉടൻ തന്നെ 911 എന്ന അടിയന്തിര സേവന നമ്പറിലേക്ക് ഡയൽ ചെയ്ത് സ്ഥലവിവരങ്ങൾ അടക്കം അധികൃതരെ അറിയിച്ചു. പിന്നാലെ ലോസാഞ്ചലസ് കൗണ്ടിയിലെ ഹെർമോസ ബീച്ച് പൊലീസ് സംഭവസ്ഥലത്തെത്തി അയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ദിവസങ്ങളോളം ആശുപത്രയിൽ കഴിഞ്ഞ അയാളുടെ ആരോഗ്യസ്ഥിതി ഇപ്പോൾ മെച്ചപ്പെട്ടതായും പൊലീസ് അറിയിച്ചിട്ടുണ്ട്.
വാച്ചിലെ ഈയടുത്ത് നവീകരിച്ച 'ഫാൾ ഡിറ്റക്ഷൻ ഫീച്ചർ', ഉടൻ തന്നെ ധരിച്ചിരിക്കുന്ന ആൾക്ക് അപകടം സംഭവിച്ചത് സെൻസർ മുഖേന മനസിലാക്കുകയും അടുത്തുള്ള അടിയന്തര സേവനങ്ങളെ വിളിച്ച് അപകടത്തെക്കുറിച്ചും കൃത്യമായ സ്ഥലത്തെക്കുറിച്ചും അറിയിക്കുകയും ചെയ്യുകയായിരുന്നു. വാച്ച് ധരിച്ചിരുന്നില്ലെങ്കിൽ അദ്ദേഹത്തിന് ജീവൻ പോലും നഷ്ടമാകുമായിരുന്നു.
എന്താണ് ജീവൻ രക്ഷിച്ച ആ ഫീച്ചർ...?
ആപ്പിൾ വാച്ച് ധരിച്ചയാൾ അപകടകരമായ രീതിയിൽ വീണാൽ അത് വാച്ച് കണ്ടെത്തും. പിന്നാലെ വൈബ്രേറ്റ് ചെയ്യുകയും അലാറം മുഴക്കി ഒരു അലേർട്ട് തരികയും ചെയ്യും. അടിയന്തര സേവനങ്ങളുമായി ബന്ധപ്പെടാനായി സ്ക്രീനിൽ വിവരങ്ങൾ ദൃശ്യമാക്കും. വീണ വ്യക്തിക്ക് അനക്കമുണ്ടെങ്കിൽ പ്രതികരണത്തിനായി വാച്ച് അൽപ്പനേരം കാത്തിരിക്കും. ഒരു മിനിറ്റ് നേരം കഴിഞ്ഞാൽ, വാച്ച് സ്വമേധയാ അധികൃതരെ വിവരമറിയിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.