ഇനി ഏത് കാട്ടിലും പോയി ജീവിക്കാം..! ഭീമൻ പവർബാങ്കുമായി ഒരു യൂട്യൂബർ - വിഡിയോ
text_fieldsഫോണും ലാപ്ടോപ്പും മറ്റ് ചെറിയ ഗാഡ്ജെറ്റുകളും ചാർജ് ചെയ്യാൻ കെൽപ്പുള്ള പല കമ്പനികളുടെ പവർ ബാങ്കുകൾ ഇന്ന് വിപണിയിലുണ്ട്. എന്നാൽ, ടി.വിയും വാഷിങ് മെഷീനുമടങ്ങുന്ന മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ മണിക്കൂറുകളോളം പ്രവർത്തിപ്പിക്കാൻ കഴിയുന്ന പവർ ബാങ്ക് കിട്ടുകയാണെങ്കിൽ ഏത് കാട്ടിലും പോയി ജീവിക്കാൻ കഴിഞ്ഞേനെ എന്ന് ചിന്തിച്ചിട്ടുണ്ടോ...? എങ്കിൽ ചൈനീസ് യൂട്യൂബറായ ഹാൻഡി ഗെങ് അത് യാഥാർത്ഥ്യമാക്കിക്കഴിഞ്ഞു.
27,000,000 എം.എ.എച്ച് കപ്പാസിറ്റിയുള്ള ഈ പവര്‍ബാങ്ക് പോക്കറ്റിൽ വെച്ച് നടക്കാമെന്ന് കരുതേണ്ട. മുന്നിലൊരു കയറ് കെട്ടി വലിച്ച് കൊണ്ടുപോകാൻ കഴിയും വിധം ടയറുകൾ ഘടിപ്പിച്ച ഭീമൻ പവർ ബാങ്കാണ് ഗെങ് നിർമിച്ചിരിക്കുന്നത്. ഫോണും ടിവിയും വാഷിംഗ് മെഷീനും കൂടാതെ മൈക്രോവേവ് ഓവന്‍ വരെ ഈ പവര്‍ബാങ്ക് ഉപയോഗിച്ച് ഒരേസമയം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. കയ്യില്‍ കൊണ്ടുനടക്കാന്‍ കഴിയില്ലെന്ന പോരായ്മ മറന്നുകൊണ്ട് നിരവധി പേര്‍ ഭീമൻ പവര്‍ബാങ്കിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.
പവർ ബാങ്ക് നിർമിക്കാൻ ഇലക്ട്രിക് കാറിന്‍റെ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി അഞ്ച് വ്യത്യസ്ത തരം സ്ട്രിപ്പുകളും ഉപയോഗിച്ചിട്ടുണ്ട്. ഉപകരണങ്ങൾ ബന്ധിപ്പിക്കാനായി അറുപതോളം പ്ലഗുകളും ഘടിപ്പിച്ചിട്ടുണ്ട്. അതേസമയം ഈ പവർ ബാങ്ക് ചാർജ് ചെയ്തെടുക്കാൻ വേണ്ട സമയത്തെക്കുറിച്ചോ, ഇതിന്‍റെ നിർമാണച്ചെലവിനെക്കുറിച്ചോ വിഡിയോയിൽ പരാമർശിക്കുന്നില്ല. ആറടിയോളം നീളവും നാലടിയോളം വീതിയും പവർബാങ്കിനുണ്ട്. ടേബിളായും ഉപയോഗിക്കാൻ കഴിയുന്ന വിധമാണ് പവര്‍ബാങ്ക് രൂപകല്‍പന ചെയ്തിരിക്കുന്നത്. 900 സാധാരണ പവർബാങ്കുകൾക്ക് തുല്യമാണ് തന്റെ ഒറ്റ പവർബാങ്കെന്ന് ഹാൻഡി ഗെങ് പറയുന്നു. 5000 ഫോണുകൾ പവർബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യാൻ കഴിയുമത്രേ..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.