വില 2.90 ലക്ഷം മുതൽ, എന്നിട്ടും ആപ്പിൾ വിഷൻ പ്രോയ്ക്ക് വൻ ഡിമാൻഡ്..! പ്രീഓർഡർ തുടങ്ങി
text_fieldsഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിഷൻ പ്രോ മിക്സഡ്-റിയാലിറ്റി ഹെഡ്‌സെറ്റിനായുള്ള പ്രീ-ഓർഡറുകൾ ആപ്പിൾ ഔദ്യോഗികമായി തുറന്നിരിക്കുകയാണ്. 3499 ഡോളർ ( ഏകദേശം 2.90 ലക്ഷം രൂപ) വില വരുന്ന വിഷൻ പ്രോക്ക് പ്രീ-ഓർഡർ ട്രെൻഡ് അനുസരിച്ച് വൻ ഡിമാൻഡാണ് കാണിക്കുന്നത്. ഏറ്റവും വിലയേറിയ എം.ആർ ഹെഡ്സെറ്റ് ആയിട്ടുകൂടി ആളുകൾ ഒരെണ്ണം സ്വന്തമാക്കാനുള്ള ആവേശത്തിൽ തന്നെയാണ്.
ആപ്പിളിന്റെ വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ഇന്നലെ ഈസ്‌റ്റേൺ സമയം രാവിലെ 8 മണി മുതൽ വിഷൻ പ്രോ വാങ്ങാൻ ലഭ്യമായതായി റിപ്പോർട്ടുണ്ട്. ഓൺലൈൻ ഓർഡർ ചെയ്തവർക്കായി, മൂന്ന് മോഡലുകളുടെയും ഡെലിവറി തീയതികൾ മാർച്ച് 8-15 ആണ് കാണിച്ചത്.
വെർച്വൽ റിയാലിറ്റിയുടെയും (വി.ആർ) ഓഗ്മെന്റഡ് റിയാലിറ്റിയുടെയും (എ.ആർ) സാധ്യതകളുപയോഗപ്പെടുത്തുന്ന വിഷൻ പ്രോ മൂന്ന് വകഭേദങ്ങളായാണ് വിപണിയിലെത്തുന്നത്. ബേസ് മോഡലായ 256 ജിബി വകഭേദത്തിനാണ് 3499 ഡോളർ ( ഏകദേശം 2.90 ലക്ഷം രൂപ) വില വരുന്നത്. 512 ജിബി വകഭേദത്തിന് 3,699 ഡോളറും ഒരു ടെറാബൈറ്റ് സ്റ്റോറേജുള്ള വിഷൻ പ്രോയുടെ ടോപ്-എൻഡ് മോഡലിനാകട്ടെ 3,899 ഡോളർ നൽകണം.
വിഷൻ പ്രോ ധരിക്കുന്നതോടെ 100 അടി വലിപ്പമുള്ള വമ്പൻ സ്ക്രീൻ നമ്മുടെ മുന്നിൽ തെളിഞ്ഞുവരും. ടെലിവിഷൻ പരിപാടികളും സിനിമകളും 3ഡി ഉള്ളടക്കവും ഐ.ഒ.എസ്, മാക് ഓ.എസ് അനുഭവങ്ങളുമൊക്കെ അതേവലിപ്പത്തിൽ ആസ്വദിക്കാം. വെർച്വൽ റിയാലിറ്റി - ഓഗ്മെന്റഡ് റിയാലിറ്റികളുടെ അത്ഭുതങ്ങളും ഏറ്റവും തെളിമയിൽ അനുഭവിച്ചറിയാം. രണ്ട് മണിക്കൂർ ബാറ്ററി ലൈഫാണ് വിഷൻ പ്രോയ്ക്കുള്ളത്.
ഹെഡ്‌സെറ്റിനൊപ്പം 199 ഡോളറിന്റെ കാരിയിങ് കെയ്സും 199 ഡോളർ വില വരുന്ന അധിക ബാറ്ററികളും 99 ഡോളർ വിലയുള്ള ഓപ്ഷണലായി ക്രമീകരിക്കാവുന്ന അപ്പർ ഹെഡ്‌ബാൻഡുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഫേസ് സീൽ, സീൽ കുഷ്യൻ, ഫ്രണ്ട് കവർ, , യുഎസ്ബി സി ചാർജിങ്ങ് കേബിളുള്ള 30W യുഎസ്ബി സി അഡാപ്റ്റർ, പോളിഷിങ്ങ് തുണി എന്നിവയും വിഷൻ പ്രോ ഹെഡ്സെറ്റിന്റെ പെട്ടിയിലുണ്ടാകും.
അതേസമയം, വിഷൻ പ്രോ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ കൈയ്യിൽ അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ അല്ലെങ്കിൽ ഐപാഡ് ഉണ്ടായിരിക്കണം. ഉപകരണത്തിന്റെ യുനിക് പർച്ചേസിങ് പ്രക്രിയയിൽ ഒരു ‘ഹെഡ് സ്കാൻ’ ഉൾപ്പെടുന്നുണ്ട്. അതിനായി ആപ്പിൾ ഉപകരണത്തെ തന്നെ ആശ്രയിക്കേണ്ടിവരും. ഒരാളുടെ തലയ്ക്ക് ഇണങ്ങുന്ന തരത്തിലുള്ള കസ്റ്റമൈസേഷന്‍ ഹെഡ്സെറ്റിൽ വരുത്താനാണ് ഇത് ചെയ്യുന്നത്.
തുടക്കത്തിൽ യുഎസിൽ മാത്രമായി വിഷൻ പ്രോയുടെ ലഭ്യത പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം ലഭ്യത യുകെ, കാനഡ, ചൈന അടക്കമുള്ള മറ്റ് വിപണികളിലേക്കും വൈകാതെ വ്യാപിപ്പിക്കാനാണ് ആപ്പിളിന്റെ പദ്ധതി. ഇന്ത്യയിൽ ഹെഡ്‌സെറ്റിന്റെ ഔദ്യോഗിക ലോഞ്ച് തീയതിയെ കുറിച്ച് ഇപ്പോഴും കമ്പനി പ്രതികരിച്ചിട്ടില്ല.
ആപ്പിൾ പൊതുവെ അവരുടെ പുതിയ ഉൽപ്പന്നങ്ങളുടെ സെയിൽസ് പ്രകടനങ്ങളെക്കുറിച്ച് വെളിപ്പെടുത്താറില്ല, എന്നാൽ, വാൾസ്ട്രീറ്റ് അനലിസ്റ്റുകൾ വിഷൻ പ്രോയുടെ പ്രീ ഓർഡർ പ്രകടനങ്ങൾ വിലയിരുത്തിയിട്ടുണ്ട്. ഈ വർഷം 300,000 മുതൽ 400,000 യൂണിറ്റുകൾ വരെ ആപ്പിൾ എം.ആർ ഹെഡ്സെറ്റുകൾ ഷിപ്പ് ചെയ്തേക്കുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. ഇത് 1.4 ബില്യൺ ഡോളർ വരെ വരുമാനം കമ്പനിക്ക് ലഭിക്കുമെന്നും അവർ പറയുന്നു. കനത്ത വിലയൊന്നും ഉപകരണത്തെ ബാധിക്കില്ലെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.