എ.സി വാങ്ങാൻ ഇറങ്ങുകയാണോ? ശ്രദ്ധിക്കേണ്ടതുണ്ട് ചില കാര്യങ്ങൾ
text_fieldsഒരു വേനൽക്കാലം കൂടി പടിവാതിലിലെത്തി നിൽക്കുകയാണ്. ചൂട് സഹിക്കാതെയാകുമ്പോൾ അവസാനം ചെന്നെത്തുക എയർകണ്ടീഷനറുകളുടെ മുന്നിൽ തന്നെയാകുമല്ലോ. ചൂടാണെന്ന് കരുതി കണ്ണുമടച്ച് എ.സി വാങ്ങരുത്. നമ്മുടെ ആവശ്യവും ഉപയോഗവും ഒക്കെ പരിഗണിച്ച് വേണം എ.സി വാങ്ങാൻ.
എ.സി വാങ്ങാൻ ഇറങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നത് സംബന്ധിച്ച് കെ.എസ്.ഇ.ബി നിർദേശങ്ങൾ നൽകിയിരിക്കുകയാണ്.
1. മുറിയുടെ വലിപ്പം നോക്കി വേണം എ.സി തെരഞ്ഞെടുക്കാൻ. ചെറിയ മുറിക്ക് വലിയ എ.സി വച്ചാൽ അധിക തണുപ്പിനും ആരോഗ്യപ്രശ്നങ്ങൾക്കുമൊപ്പം വിലയും കൂടും. 100 ചതുരശ്ര അടിയിൽ താഴെ വലിപ്പമുള്ള മുറിക്ക് മുക്കാൽ ടൺ, 100-140 ചതുരശ്രയടി വരെ വലിപ്പമുള്ള മുറിക്ക് ഒരു ടൺ, 180 ചതുരശ്രയടി വരെ വലിപ്പമുള്ള മുറിക്ക് 1.5 ടൺ, 200 ചതുരശ്രയടിവരെയുള്ളതിന് രണ്ട് ടൺ എന്നിങ്ങനെ കപ്പാസിറ്റിയുള്ള എ.സി വാങ്ങുന്നതാണ് നല്ലത്.
2. സ്റ്റാർ റേറ്റിങ് കൂടിയ എ.സിയോ ഇൻവർട്ടർ എ.സിയോ വാങ്ങിയാൽ വൈദ്യുതിച്ചെലവ് ലാഭിക്കാം. 3 സ്റ്റാർ ഇൻവർട്ടർ എ.സി സാധാരണ 5 സ്റ്റാർ എ.സി യെക്കാൾ കുറവ് വൈദ്യുതിയാണ് ഉപയോഗിക്കുക.
3. സ്റ്റാർ എന്നതിനൊപ്പം ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി (BEE) ഔദ്യോഗിക മുദ്രയും നോക്കി വാങ്ങുക.
4. കോപ്പർ കണ്ടൻസറുള്ള എ.സി തെരഞ്ഞെടുക്കുക. ഇവ ഈട് നിൽക്കും. പ്രവർത്തനക്ഷമതയും കൂടുതലാണ്. അലോയ് കണ്ടൻസറുള്ള എ.സികൾ എളുപ്പത്തിൽ കേട് വരാനുള്ള സാധ്യതയുണ്ട്.
5. മികച്ച സർവിസ് ഉറപ്പാക്കുക. എ.സി സ്ഥാപിച്ച് കഴിഞ്ഞ് പിന്നീടുണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം സർവിസ് സെന്‍ററിനെ ആശ്രയിക്കേണ്ടി വന്നേക്കും. അതിനാൽ അടുത്ത് സർവിസ് സെന്‍ററുള്ള, മികച്ച സർവിസ് പിന്തുണ നൽകുന്ന ബ്രാൻഡ് തെരഞ്ഞെടുക്കുക.
6. വിലക്കുറവ് മാത്രം നോക്കി എ.സി വാങ്ങരുത്. ഉപയോഗിക്കുന്ന മെറ്റീരിയലുകൾ, ശബ്ദം, വൃത്തിയാക്കാനുള്ള എളുപ്പം തുടങ്ങിയ കാര്യങ്ങൾ കൂടി പരിഗണിക്കണം. എ.സിയുടെ ഗുണനിലവാരത്തിൽ കാര്യത്തിൽ ബ്രാൻഡിന് വലിയ പ്രാധാന്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.