വില കുറഞ്ഞ ടി.ഡബ്ല്യു.എസ് ഇയർഫോണുമായി ഗൂഗ്ൾ; പിക്സൽ ബഡ്‌സ്-എ സീരീസ് ലോഞ്ച് ചെയ്തു
text_fieldsപിക്സൽ ഫോണുകൾക്ക് പിന്നാലെ ഗൂഗ്ൾ അവരുടെ ഗാഡ്ജറ്റ് നിരയിലേക്ക് പ്രതീക്ഷയോടെ അവതരിപ്പിച്ച പ്രൊഡക്ടായിരുന്നു പിക്സൽ ബഡ്‌സ് എന്ന ട്രൂലി വയർലെസ് (ടി.ഡബ്ല്യു.എസ്) ഇയർഫോൺ. എന്നാൽ, വിപണിയിൽ ആപ്പിൾ എയർപോഡിനൊപ്പമെത്താൻ ഇതുവരെ പിക്സൽ ബഡ്സിന് കഴിഞ്ഞിട്ടില്ല. 3000 രൂപമുതൽ വിവിധ കമ്പനികളുടെ ടി.ഡബ്ല്യു.എസ് ഇയർഫോണുകൾ ഇപ്പോൾ ലഭ്യമാണ്. അവിടെയാണ് 13,000ത്തിലധികം വിലയിട്ട് ഗൂഗ്ൾ, പിക്സൽ ബഡ്‌സ് അവതരിപ്പിച്ചത്. എന്നാലിപ്പോൾ വില കുറഞ്ഞ ടി.ഡബ്ല്യ.എസ് ഇയർഫോണുകളുമായി എത്തിയിരിക്കുകയാണ് ഗൂഗ്ൾ. പുതിയ പിക്സൽ ബഡ്‌സ്-എ സീരീസ് നിലവിൽ യു.എസിലും കാനഡയിലുമാണ് ഒൗദ്യോഗികമായി ലോഞ്ച് ചെയ്തിരിക്കുന്നത്.
മികച്ചതും വ്യക്തവുമായ ശബ്‌ദം നൽകുന്നതിന് ബാസ് ബൂസ്റ്റ് ഓപ്ഷനോടൊപ്പം കസ്റ്റം മെയ്ഡ് 12 എംഎം ഡൈനാമിക് സ്പീക്കർ ഡ്രൈവറാണ് പിക്‌സൽ ബഡ്‌സ്-എയിലുള്ളത്. പാസീവ് നോയിസ് കാൻസലേഷനാണ് ബഡ്‌സ്-എയുടെ മറ്റൊരു പ്രത്യേകത. എന്നാൽ, ആക്ടീവ് നോയിസ് കാൻസലേഷൻ നൽകിയിട്ടില്ല. കണക്ടിവിറ്റിക്കായി ബ്ലൂടൂത്ത് 5.0 ആണ് പിക്സൽ ബഡ്‌സ് എ ഉപയോഗിക്കുന്നത്. ഫോണുമായും മറ്റ് ഉപകരണങ്ങളുമായും പെട്ടന്ന് കണക്ടാവാനായി ഫാസ്റ്റ് പെയർ പിന്തുണയും നൽകിയിട്ടുണ്ട്.
പിക്സൽ ബഡ്‌സ് സ്റ്റാൻഡേർഡ് മോഡലിലുണ്ടായിരുന്ന ശബ്‌ദം ക്രമീകരിക്കാനായുള്ള സ്വൈപ് കൺട്രോൾ സംവിധാനം ബഡ്‌സ്-എ സീരീസിലില്ല, വില കുറക്കാനായി ഇയർ ബഡ്സിെൻറ വയർലെസ് ചാർജിങ് സപ്പോർട്ടും എ സീരീസിൽ ഒഴിവാക്കിയിട്ടുണ്ട്. ഒറ്റ ചാർജിൽ അഞ്ച് മണിക്കൂർ വരെ തുടർച്ചയായി പിക്സൽ ബഡ്‌സ്-എ ഉപയോഗിക്കാം. ഫുൾ ചാർജുള്ള ചാർജിങ് കെയ്സ് ഉപയോഗിച്ച് അഞ്ച് തവണയോളം ചാർജ് ചെയ്യാനും സാധിക്കും. 99 ഡോളറാണ് (7,225 രൂപ) പിക്സൽ ബഡ്‌സ്-എയുടെ വില. പുതിയ മോഡൽ വൈകാതെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.