ലാപ്ടോപ്പ്, ടാബ്ലെറ്റ്, കമ്പ്യൂട്ടർ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: ന്യൂഡൽഹി: ലാപ്ടോപ്, ടാബ്ലെറ്റ്, ഓൾ-ഇൻ-വൺ പേഴ്സനൽ കമ്പ്യൂട്ടർ, അൾട്രാ സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടർ, സെർവർ എന്നിവയുടെ ഇറക്കുമതിക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. സുരക്ഷാകാരണങ്ങൾ മുൻനിർത്തി ചൈന, കൊറിയ പോലുള്ള രാജ്യങ്ങളിൽനിന്ന് ഇത്തരം ഉൽപന്നങ്ങളുടെ ഇറക്കുമതി കുറച്ച് ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനാണ് നടപടി.
നിയന്ത്രണമുള്ള ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ ഇനിമുതൽ സർക്കാറിൽനിന്ന് അനുമതിയോ ലൈസൻസോ നേടേണ്ടതുണ്ട്. ലൈസൻസിനായി വെള്ളിയാഴ്ച മുതൽ അപേക്ഷ നൽകാം. ലൈസൻസിന് അപേക്ഷിക്കുന്ന വ്യാപാരി സ്ഥിരമായി ഇറക്കുമതി നടത്തുന്നയാളാകണം. നിരവധി കാരണങ്ങൾകൊണ്ടാണ് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് ഇതിൽ പ്രധാനം. രാജ്യത്ത് ഇന്റർനെറ്റ് സേവനം അതിവേഗം വ്യാപിക്കുകയാണ്. ഈ സാഹചര്യത്തിൽ, സൈബർ സുരക്ഷ അപകടത്തിലാക്കുന്ന ഉപകരണങ്ങൾ പൗരന്മാർ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ചില ഹാർഡ് വെയറുകൾ അതിരഹസ്യമായി സൂക്ഷിക്കേണ്ട വ്യക്തിഗത വിവരങ്ങൾ അപകടത്തിലാക്കുന്നവയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകിയിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) വിജ്ഞാപനത്തിൽ പറഞ്ഞു. ഗവേഷണ-വികസന പ്രവർത്തനങ്ങൾ, ടെസ്റ്റിങ്, അറ്റകുറ്റപ്പണി, റിട്ടേൺ, ഉൽപന്ന വികസന ആവശ്യങ്ങൾ എന്നിവക്കായി ഓരോന്നിലും 20 ഇനങ്ങൾക്ക് ഇറക്കുമതി ലൈസൻസ് തേടുന്നതിൽനിന്ന് ഇളവുണ്ട്. ബാഗേജ് നിയമങ്ങൾക്ക് അനുസരിച്ചുള്ള ഇറക്കുമതിക്കും ഈ നിയന്ത്രണങ്ങൾ ബാധകമല്ല.
മൈക്രോ കമ്പ്യൂട്ടറുകൾ, വലിയ കമ്പ്യൂട്ടറുകൾ, ചില ഡേറ്റ പ്രോസസിങ് മെഷീനുകൾ എന്നിവയിലും നിയന്ത്രണങ്ങളുണ്ട്. ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ ഈ ഉൽപന്നങ്ങളുടെ ഇറക്കുമതി അനുവദിക്കൂ. 2021-22ൽ 737 കോടി ഡോളറിന്റെയും 2022-23ൽ 533 കോടി ഡോളറിന്റെയും ലാപ്ടോപ്പുകൾ ഉൾപ്പെടെയുള്ള പേഴ്സനൽ കമ്പ്യൂട്ടറുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.