താക്കോലും പഴ്സും കാണാതായാൽ ഇനി ജിയോ ടാഗ് കണ്ടെത്തും; ആപ്പിൾ എയർടാഗിന് ചെക്ക് വെച്ച് റിലയൻസ്
text_fields‘വീട്ടിൽ നിന്ന് ഒരു അത്യാവശ്യത്തിന് പുറത്തേക്ക് പോകാനൊരുങ്ങുമ്പോൾ കാറിന്റെ താക്കോൽ, കാണാനില്ല. ഏറെ നേരം പരതി നോക്കിയിട്ടും രക്ഷയില്ല. ഫോണായിരുന്നെങ്കിൽ മിസ് കോൾ അടിച്ച് നോക്കാമായിരുന്നു എന്ന് പോലും ചിന്തിച്ച് പോയി’. ഇതുപോലുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകാത്തവർ ചുരുക്കമായിരിക്കും. ഇങ്ങനെയുള്ളവർക്ക് ഏറെ ഉപകാരപ്പെടുന്ന ചെറിയൊരു ഉത്പന്നവുമായി എത്തിയിരിക്കുകയാണ് റിലയൻസ് ജിയോ.
ജിയോ ടാഗ് (Jio Tag) എന്ന ബ്ലൂടൂത്ത് ട്രാക്കറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ പേഴ്സിലും കീചെയിനിലും ബാഗിലുമൊക്കെ ജിയോ ടാഗ് ഇട്ടുവെച്ചാൽ, അവ ഏതെങ്കിലും സാഹചര്യത്തിൽ കാണാതാവുകയാണെങ്കിൽ സ്മാർട്ട്ഫോൺ ഉപയോഗിച്ച് എളുപ്പം കണ്ടെത്താം. ആപ്പിളിന്റെ എയർടാഗുമായി മത്സരിക്കുന്ന ജിയോ ടാഗ് അതേ ഫീച്ചറുകളാണ് നൽകുന്നത്, അതും കുറഞ്ഞ വിലയ്ക്ക്.
നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തുന്നതിനൊപ്പം മറന്നുവെക്കാതിരിക്കാനും ജിയോ ടാഗ് ഓർമിപ്പിക്കും. ഉപകരണം ബന്ധിപ്പിച്ച ഫോണിൽ സന്ദേശമയക്കുകയാണ് ചെയ്യുക.
9.5 ഗ്രാം മാത്രം ഭാരമുള്ള ജിയോ ടാഗ് കാണാതായ നിങ്ങളുടെ വസ്തുക്കൾ അതിവേഗം ട്രാക്ക് ചെയ്ത് കണ്ടുപിടിക്കാൻ സഹായിക്കുമെന്നും ഒരു വർഷത്തോളം അതിന് ബാറ്ററി ലൈഫുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. വെള്ള നിറത്തിൽ ചതുരാകൃതിയിലാണ് ഉപകരണത്തിന്റെ നിർമാണം. ജിയോ ടാഗിന് കെട്ടിടങ്ങള്‍ക്കുള്ളില്‍ 20 മീറ്ററും, പുറത്ത് 50 മീറ്ററും റേഞ്ചും ലഭിക്കും. ടാഗിന്റെ അവസാന ലൊക്കേഷന്‍ തിരിച്ചറിയാനായി കമ്മ്യൂണിറ്റി ഫൈന്റ് നെറ്റ്വര്‍ക്ക് ഓപ്ഷനും നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
749 രൂപയാണ് ജിയോ ടാഗിന്റെ വില. ഇത് ആപ്പിൾ എയർടാഗിനേക്കാൾ (3000 രൂപ) ഏറെ കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.