ടെസ്‍ല കാർ ലോക്ക് തുറക്കാൻ കൈ തുരന്ന് ചിപ് ഘടിപ്പിച്ച് യുവാവ്; ആപ്പുകളും ഇൻസ്റ്റാൾ ചെയ്യാം, -വിഡിയോ
text_fieldsഫോൺ കീ ഉപയോഗിച്ച് ടെസ്‌ല കാർ അൺലോക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ നേരിടുന്ന നിരന്തരമായ പ്രശ്‌നങ്ങളിൽ അസ്വസ്ഥനായി ഒരു യുവാവ് ചെയ്ത പ്രവർത്തി ഇപ്പോൾ ഇന്റർനെറ്റിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ടെസ്‍ല ഇലക്ട്രിക് കാർ ഉടമയായ ബ്രാൻഡൻ ദലാലി, തന്റെ കാർ എളുപ്പം അൺലോക്ക് ചെയ്യാനായി സ്വന്തം കൈയ്യിൽ ഒരു ചിപ് ഘടിപ്പിച്ചു.
ചിപ്പിന്റെ പ്രവർത്തനം വ്യക്തമാക്കുന്ന ഒരു വീഡിയോ ദലാലി ട്വിറ്ററിൽ പങ്കുവച്ചതോടെ അദ്ദേഹത്തിന്റെ വിചിത്രമായ സാഹസം ഓൺലൈനിൽ വൈറലായിരിക്കുകയാണ്. "എന്റെ ബ്ലൂടൂത്ത് കീ പരാജയപ്പെടുമ്പോഴോ കൈയ്യിൽ കീ കാർഡ് ഇല്ലാതിരിക്കുമ്പോഴോ ഞാൻ ഇത് എന്റെ താക്കോലായി ഉപയോഗിക്കുന്നു, നിങ്ങൾ നിങ്ങളുടെ കൈ ഉപയോഗിക്കുക." - അദ്ദേഹം ടെസ്‍ല ഉടമകളോടായി പറഞ്ഞു.
എല്ലായ്പ്പോഴും കാർ അൺലോക്ക് ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ് ഫോൺ കീയിൽ താൻ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമെന്ന് ദലാലി ട്വിറ്ററിൽ കുറിച്ചു. അത്തരം സാഹചര്യങ്ങളിൽ കൈയ്യുടെ തൊലിക്കുള്ളിൽ ഘടിപ്പിച്ച ചിപ് ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറയുന്നു.
വിഡിയോ കാണാം....
എന്നാലേ... ഇത് വെറുമൊരു ടെസ്‍ല ചാവിയല്ല...!!
കാർ അൺലോക്ക് ചെയ്യുന്നതിനായി എൻ.എഫ്.സി (NFC) സാങ്കേതികവിദ്യയുടെ പിന്തുണയുള്ള ഒരു വിവോകീ അപെക്‌സ് ചിപ്പ് (Vivokey Apex chip) ആണ് ദലാലിയുടെ കയ്യിൽ ഘടിപ്പിച്ചിരിക്കുന്നത് - എന്നാൽ ഇലക്ട്രിക് വാഹനം അൺലോക്ക് ചെയ്യുന്നത് കൂടാതെ, ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ചിപ്പി'ന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഡാറ്റ ശേഖരിക്കാനും, ആക്സസ് കൺട്രോൾ, ഒ.ടി.പി 2 ഫാക്ടർ ഒതന്റിക്കേഷൻ, സെക്യുവർ ക്രിപ്റ്റോ വാലറ്റ്, ഭാവിയിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ അടക്കമുള്ള കാര്യങ്ങളും ചിപ് ഉപയോഗിച്ച് നടത്താൻ സാധിക്കുമെന്ന് ദലാലി പറഞ്ഞു. ഇത് വെറുമൊരു ടെസ്‍ല താക്കോലല്ല, എന്റെ കൈയ്യിൽ ഒന്നുള്ളതിനാൽ, ഇപ്പോൾ ഞാൻ അതിന് വേണ്ടിയും ഉപയോഗിക്കുന്നു എന്ന് മാത്രം, -ദലാലി വ്യക്തമാക്കി.
എല്ലാവർക്കും ഉപയോഗിക്കുന്നതിനായി വിപണിയിൽ എത്തിക്കുന്നതിന് മുമ്പ് ചിപ്പ് പരീക്ഷിക്കുന്നതിനുള്ള 100 ഓളം പേരടങ്ങിയ ബീറ്റാ ഗ്രൂപ്പിന്റെ ഭാഗമാണ് താനെന്നും ദലാലി പറഞ്ഞു.
"ഇതിന് പിന്നിലുള്ള കമ്പനിക്ക് സ്വന്തം ആപ്പ് സ്റ്റോർ ഉണ്ട്, ഈ ചിപ്പുകൾ ഉപയോഗിച്ച് നിങ്ങളുടെ ശരീരത്തിൽ വയർലെസായി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. ആപ്പുകളിൽ ഒന്ന് ''ടെസ്‌ല കീ കാർഡാ''ണ്. എനിക്ക് ടെസ്‌ല കാർ ഉള്ളതിനാൽ ഞാൻ അതിൽ ഇൻസ്റ്റാൾ ചെയ്ത ആദ്യത്തെ ആപ്പ് അതായിരുന്നു, "അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.