‘മൊബൈൽ ഫോൺ യുഗത്തിന്റെ അന്ത്യമടുത്തു’; പകരം വരുന്ന ഡിവൈസ് ഇതെന്ന് സക്കർബർഗ്
text_fieldsമാർക്ക് സക്കർബർഗ്
സ്മാർട്ട് ഫോണുകൾ ജീവിതത്തിലെ അവിഭാജ്യ ഘടകമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മൊബൈൽ ഫോൺ വിപ്ലവത്തിന് സാക്ഷ്യം വഹിച്ച രണ്ട് പതിറ്റാണ്ടിനിടെ സാങ്കേതികവിദ്യ പല മാറ്റങ്ങൾക്കും വിധേയമായിട്ടുണ്ട്. മൊബൈൽ ഫോണുകൾ ഫീച്ചർ ഫോണുകളും സ്മാർട്ട് ഫോണുകളുമായി രൂപാന്തരം പ്രാപിച്ചതുപോലും അറിയാതെയാണ് നാം അവയുടെ ഉപയോക്താക്കാളായതും. ഊണിലും ഉറക്കത്തിലും സ്മാർട്ട് ഫോണുകൾക്കൊപ്പമാണ് ഇന്ന് പലരും ജീവിക്കുന്നതുതന്നെ. അത്തരമൊരു സാഹചര്യത്തിൽ സ്മാർട്ട് ഫോണിന് പകരം എന്താവും വരികയെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇക്കാര്യത്തിൽ പ്രതികരണവുമായി വന്നിരിക്കുകയാണ് മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ്.
മൊബൈൽ ഫോൺ യുഗത്തിന്റെ അന്ത്യമടുത്തെന്ന് പറയുന്ന സക്കർബർഗ്, ഇതിനു പകരം സ്മാർട്ട് ഗ്ലാസുകൾ കളം പിടിക്കുമെന്നാണ് പ്രവചിക്കുന്നത്. ഡിജിറ്റൽ ഇൻഫർമേഷനുകൾ ലഭിക്കുകയെന്നത് ഇന്ന് ഒഴിച്ചുകൂടാനാകാത്ത കാര്യമാണെന്നും ഇതിന് സഹായിക്കുന്ന ഡിവൈസായി സ്മാർട്ട് ഗ്ലാസുകൾ മാറിക്കഴിഞ്ഞുവെന്നും സക്കർബർഗ് ചൂണ്ടിക്കാണിക്കുന്നു. അടുത്ത പത്തു വർഷത്തിനുള്ളിൽ സ്മാർട്ട് ഫോണുകൾക്ക് ബദലായി സ്മാർട്ട് ഗ്ലാസുകൾ പ്രചാരം നേടുമെന്നാണ് സക്കർബർഗ് അഭിപ്രായപ്പെടുന്നത്.
ആളുകൾക്ക് സാങ്കേതിക വിനിമയത്തിനുള്ള പ്രധാന മാർഗമായി സ്മാർട്ട് ഗ്ലാസ്സുകൾ മാറും. ഇതോടെ നമ്മൾ സാങ്കേതിക വിദ്യയുമായി സമ്പർക്കം പുലർത്തുന്ന രീതിയിൽ വൻ മാറ്റമുണ്ടാകും. പോക്കറ്റിൽനിന്ന് പുറത്തെടുക്കാൻ പോലും മെനക്കെടേണ്ടാത്ത ഡിവൈസുകളിലൂടെയുള്ള ഡിജിറ്റൽ കണ്ടന്റുകളുമായി ആശയവിനിമയം നടത്താൻ സ്മാർട്ട് ഗ്ലാസുകളിലൂടെ സാധിക്കും. ആവശ്യമായ കാര്യങ്ങളെല്ലാം കണ്ണുചിമ്മി തുറക്കുന്നതോടെ മുന്നിൽ തെളിയുന്ന തരത്തിലുള്ള ഡിസൈൻ ആണ് സ്മാർട്ട് ഗ്ലാസ്സുകളുടേതെന്നും സക്കർബർഗ് പറയുന്നു.
ആഗോള ടെക് ഭീമൻമാരായ മെറ്റ, ആപ്പിൾ തുടങ്ങിയ കമ്പനികൾ ബില്യൺ കണക്കിന് ഡോളറാണ് ഓഗ്മെന്‍റഡ് റിയാലിറ്റിക്കും വെയറബിൾ ഡിവൈസുകൾക്കുമായി ചെലവഴിക്കുന്നത്. ആപ്പിൾ ഇത്തരത്തിൽ വിഷൻ പ്രോ എന്ന ഡിവൈസുമായി എത്തിയപ്പോൾ മെറ്റ ശ്രമിക്കുന്നത് സ്മാർട്ട് ഗ്ലാസ്സുകളെ ജനകീയമാക്കാനാണ്. ഫോൺ സ്ക്രീനിൽ നോക്കാതെ സാങ്കേതിക വിവരങ്ങൾ യഥാർഥ ലോകത്തിന്റെ ഭാഗമായി വിളംബരം ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ടെക്സ്റ്റിങ്, കാളിങ്, വാർത്തകൾ അറിയൽ, നാവിഗേഷൻ മാപ്പ് തുടങ്ങിയവയെല്ലാം സ്മാർട്ട് ഗ്ലാസുകളിലൂടെ ലഭിക്കും.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും ഓഗ്മെന്‍റഡ് റിയാലിറ്റിയും ജനകീയമാകുന്നതോടെ സ്മാർട്ട് ഫോണുകൾ പടിക്ക് പുറത്താകും. ആളുകൾ ആവശ്യമുള്ള വ്യക്തിഗത വിവരങ്ങളെല്ലാം അവരിലേക്ക് സ്വാഭാവികമായെത്തും. ഗൂഗ്ളിൽ സെർച്ച് ചെയ്യാതെ ആവശ്യമായ വിവരമെല്ലാം കൺമുന്നിൽ തെളിയും. നിലവിൽ സ്മാർട്ട് ഗ്ലാസുകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ ബാറ്ററിയുടെ ആയുസ്, പ്രോസസിങ് പവർ, സ്വകാര്യതയുടെ സംരക്ഷണം എന്നിവയാണ്. ഇവ പരിഹരിക്കപ്പെടുന്ന മുറയ്ക്ക് സ്മാർട്ട് ഗ്ലാസുകൾക്ക് പ്രചാരമേറുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.