ലൂണ ‘സ്മാർട്ട് മോതിര’വുമായി നോയ്സ്; ഏഴ് ദിവസം വരെ ബാറ്ററി ലൈഫും കിടിലൻ ഫീച്ചറുകളും
text_fieldsഇന്ത്യൻ ബ്രാൻഡായ ബോട്ടിന് പിന്നാലെ സ്മാർട്ട് റിങ്ങുമായി ‘നോയ്സും’ വിപണിയിലേക്ക്. സ്മാർട്ട് വാച്ചുകൾ ചെയ്യുന്ന ഹെൽത്ത് ട്രാക്കിങ് സേവനം ചെയ്യാൻ കഴിയുന്ന നോയ്സിന്റെ സ്മാർട്ട് മോതിരത്തിന്റെ പേര് ലൂണ റിങ് എന്നാണ്.
മൂന്ന് മില്ലീമീറ്റർ മാത്രം കട്ടിയുള്ള സ്മാർട്ട് മോതിരത്തിന് കനംകുറഞ്ഞതും മെലിഞ്ഞതുമായ രൂപകൽപ്പനയാണ് നോയ്സ് നൽകിയിരിക്കുന്നത്. ഫൈറ്റർ-ജെറ്റ് ഗ്രേഡ് ടൈറ്റാനിയം ബിൽഡ് ഉള്ള ഇതിന് ഡയമണ്ട് പോലുള്ള കോട്ടിങ്ങുമുണ്ട്. അത് ഏത് തരത്തിലുള്ള പോറലും പ്രതിരോധിക്കും. അതുപോലെ ഏത് തരത്തിലുള്ള ചർമ്മമുള്ളവർക്കും ധരിക്കാൻ അനുയോജ്യമാക്കുന്നതിനായി സ്മാർട്ട് റിങ്ങിന് ഹൈപ്പോഅലെർജെനിക് ആയ മിനുസമാർന്ന ആന്തരിക ഷെല്ലാണ് നൽകിയിരിക്കുന്നത്. പല വലിപ്പത്തിൽ റിങ് ലഭ്യമാവുകയും ചെയ്യും. വാട്ടര്‍ റെസിസ്റ്റന്റ് ആയതിനാൽ നീന്തുമ്പോള്‍ പോലും മോതിരം ധരിക്കാനാവും.
ഇൻഫ്രാറെഡ് ഫോട്ടോപ്ലെത്തിസ്മോഗ്രാഫി (പിപിജി) സെൻസറുകൾ, സ്കിൻ ടെമ്പറേച്ചർ സെൻസറുകൾ, 3-ആക്സിസ് ആക്സിലറോമീറ്റർ സെൻസർ എന്നിവയുമായാണ് ലൂണ റിങ് എത്തുന്നത്. ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ് - SpO2 ലെവലുകൾ, ശരീര താപനില എന്നിവ ട്രാക്ക് ചെയ്യാനും മോതിരത്തിന് കഴിയും. എത്രനേരം ഉറങ്ങുന്നു, എത്രനേരം സജീവമായിരിക്കുന്നു എന്നിങ്ങനെ ശരീരത്തിലെ 70 ലേറെ കാര്യങ്ങള്‍ ട്രാക്ക് ചെയ്യാൻ നോയിസിന്റെ മോതിരം ഉപയോഗപ്പെടുത്താം. ഈ വിവരങ്ങളെല്ലാം NoiseFit ആപ്പ് വഴി ട്രാക്ക് ചെയ്യാനാകും.
7 ദിവസം വരെ ബാറ്ററി ലൈഫ് ഉള്ള നോയിസ് സ്മാർട്ട് റിങ്ങിന് ബ്ലൂടൂത്ത് ലോ-എനർജി (BLE 5) സാങ്കേതികവിദ്യയുടെ പിന്തുണയുമുണ്ട്.
നോയ്‌സിന്റെ വെബ്‌സൈറ്റില്‍ പോയി ലൂണാ റിങ്ങ് ആവശ്യമുള്ളവർക്ക് പ്രീ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. 2000 രൂപയുടെ പ്രിയോറിറ്റി ആക്‌സസ് എന്ന സ്‌പെഷ്യല്‍ പാസും കമ്പനി നല്‍കുന്നുണ്ട്. അതിലൂടെ റിങ്ങ് വാങ്ങുമ്പോള്‍ 1000 രൂപയുടെ ഡിസ്‌കൗണ്ടും 2000 രൂപയുടെ തെഫ്റ്റ് ഇന്‍ഷുറന്‍സും ഡാമേജ് കവറേജും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.