5ജിയും സ്റ്റൈലസ് സപ്പോർട്ടും; റിയൽമിയുടെ പുതിയ ടാബ്‌ലെറ്റ് ഇന്ത്യയിലേക്ക്
text_fields20,000 രൂപയ്ക്ക് താഴെയുള്ള ഏറ്റവും മികച്ച ടാബ്‌ലെറ്റായ 'റിയൽമി പാഡ്' അവതരിപ്പിച്ചുകൊണ്ടായിരുന്നു റിയൽമി ടാബ്‌ലെറ്റ് മാർക്കറ്റിൽ വരവറിയിച്ചത്. പിന്നാലെ, റിയൽമി പാഡ് മിനി എന്ന ബജറ്റ് മോഡലും അവർ അവതരിപ്പിക്കുകയുണ്ടായി. എന്നാൽ, കമ്പനി മിഡ്റേഞ്ചിൽ 'റിയൽമി പാഡ് എക്സ്' (Realme Pad X) എന്ന പേരിൽ പുതിയ മോഡലും കൂടെ ലോഞ്ച് ചെയ്തിരിക്കുകയാണ്.
നേരത്തെ ഇറങ്ങിയ രണ്ട് റിയൽമി പാഡുകളെ അപേക്ഷിച്ച് പാഡ് എക്സിന് 5ജിയും സ്റ്റൈലസ് സപ്പോർട്ടും ഉണ്ട് എന്നതാണ് എടുത്തുപറയേണ്ടത്. ഇന്ത്യയിൽ ഫ്ളിപ്കാർട്ടിലൂടെയും റിയൽമി സ്റ്റോറുകളിലൂടെയും വിൽപ്പനക്കെത്തുന്ന ടാബ്‌ലെറ്റ് 11 ഇഞ്ചുള്ള 2കെ ഡിസ്‍പ്ലേയുമായാണ് എത്തുന്നത്. റെയ്ൻലാൻഡിന്റെ ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷനും 2000 x 1200 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനുമാണ് ഡിസ്‍പ്ലേയുടെ മറ്റ് പ്രത്യേകതകൾ.
ഫ്ലാറ്റായുള്ള അരികുകളും ചെറിയ ചതുരാകൃതിയിലുള്ള പിൻ ക്യാമറ ബമ്പും നൽകിയിട്ടുണ്ട്. ഗ്രേ, നീല, നിയോൺ പച്ച നിറങ്ങളിലായിരിക്കും ടാബ് ലോഞ്ച് ചെയ്യുക.
സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റാണ് ടാബ്‌ലെറ്റിന് കരുത്ത് നൽകുന്നത്. ഇത് 5ജി ചിപ്സെറ്റാണ്. കൂടാതെ 6 ജിബി വരെ റാമും 128 ജിബി സ്റ്റോറേജും സജ്ജീകരിച്ചിരിക്കുന്നു, ഇത് 512 ജിബി വരെ വികസിപ്പിക്കാം. 5 ജിബി വരെ റാം വർധിപ്പിക്കാനുള്ള ഓപ്ഷനും നൽകിയിട്ടുണ്ട്. 13MP പ്രധാന ക്യാമറയും മുൻ ക്യാമറയ്ക്ക് 105-ഡിഗ്രി വ്യൂവുമുണ്ട്. 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 8,340mAh ബാറ്ററിയാണ് ടാബിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ, ഹൈ-റെസ് ഓഡിയോ, നാല് സ്പീക്കറുകൾ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഡോൾബി അറ്റ്‌മോസ് പിന്തുണയും ടാബ്‌ലെറ്റിന് നൽകിയിട്ടുണ്ട്. ഇന്ത്യയിൽ റിയൽമി പാഡ് എക്സ് 20,000 രൂപയിൽ താഴെ വിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.