'ജിയോ ഫോണിന് പിന്നാലെ ജിയോബുക്കുമായി റിലയൻസ്; വൻ വിലക്കുറവിൽ ലാപ്ടോപ് വിപണിയിലെത്തിക്കുമെന്ന് അവകാശവാദം
text_fieldsഏറ്റവും കുറഞ്ഞ വിലയിൽ ജിയോഫോൺ എന്ന പേരിൽ 4ജി ഫോൺ ലോഞ്ച് ചെയ്ത് നേട്ടമുണ്ടാക്കിയ റിലയൻസ് ജിയോ അടുത്തതായി ലക്ഷ്യമിടുന്നത് രാജ്യത്തെ ലാപ്ടോപ് വിപണിയെ. എക്സ്.ഡി.എ ഡെവലപ്പേഴ്സ് പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം ജിയോ, നിലവിൽ 4ജി കണക്ടിവിറ്റി പിന്തുണയുള്ള ലോ-കോസ്റ്റ് ലാപ്ടോപ്പിന്റെ പണിപ്പുരയിലാണ്. 'ജിയോബുക്' എന്ന പേരിൽ രാജ്യത്ത് ലോഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്ന ബജറ്റ് ലാപ്ടോപ്പുകൾ മൈക്രോസോഫ്റ്റിന്റെ വിൻഡോസിന് പകരം ഗൂഗ്ളിന്റെ ആൻഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റത്തിലായിരിക്കും പ്രവർത്തിക്കുക.
2018 -ൽ പ്രമുഖ അമേരിക്കൻ ചിപ്സെറ്റ് നിർമാതാക്കളായ ക്വാൽകോമിലെ പ്രൊഡക്ട് മാനേജ്‌മെന്‍റ് സീനിയർ ഡയറക്ടർ മിഗ്വൽ നൂൺസ് ജിയോ ലാപ്‌ടോപ്പുമായി ബന്ധപ്പെട്ട് റിലയൻസുമായി ചർച്ച നടത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, പിന്നീട് അതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. എന്നാൽ, കഴിഞ്ഞ സെപ്തംബറിൽ തന്നെ ജിയോ അവരുടെ ബജറ്റ് ലാപ്ടോപ്പായ ജിയോബുക്കിന്‍റെ പണിയാരംഭിച്ചതായി എക്സ്.ഡി.എ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം മെയ് പകുതിയോടെ റിലയൻസ് ലാപ്ടോപ്പിന്റെ അസംബ്ലിങ് ആരംഭിക്കും. വർഷാവസാനം രാജ്യത്ത് ലോഞ്ച് ചെയ്യാനും കമ്പനി കോപ്പുകൂട്ടുന്നുണ്ട്. ലാപ്ടോപ്പ് വികസിപ്പിക്കുന്നതിന്, ബ്ലൂബാങ്ക് കമ്മ്യൂണിക്കേഷൻ ടെക്നോളജി എന്ന ചൈനീസ് എഞ്ചിനീയറിങ് സ്ഥാപനവുമായാണ് ജിയോ ചേർന്ന് പ്രവർത്തിക്കുന്നത്. കുറഞ്ഞ ചെലവിലുള്ള ഘടകങ്ങൾ ഉപയോഗിച്ച് ജിയോബുക്കിന്‍റെ പ്രകടനം ചൈനീസ് കമ്പനി പരീക്ഷിച്ചു വരികയാണ്. പ്രത്യേകിച്ച് സാംസങ്, ക്വാൽകോം എന്നിവയിൽ നിന്നും ഇറക്കുമതി ചെയ്ത ഘടകങ്ങളാണ് ഉപയോഗിക്കുന്നത്.
ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 665 എന്ന ലോ ബജറ്റ് പ്രൊസസറായിരിക്കും ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന ജിയോ ബുക്കിന് കരുത്തുപകരുക. ARM- ൽ വിൻഡോസ് 10 നെ പിന്തുണയ്‌ക്കാത്ത പ്രോസസറുകളിൽ ഒന്നാണ് സ്‌നാപ്ഡ്രാഗൺ 665. ഉൽപാദനച്ചെലവ് കുറയ്ക്കാൻ കൂടിയാണ് റിലയൻസ് ഈ പ്രോസസ്സർ ഉപയോഗിക്കുന്നത്. 15000 രൂപയ്ക്ക് താഴെയുള്ള ചില ചൈനീസ് ഫോണുകളിൽ വ്യാപകമായി ഉപയോഗിച്ച പ്രൊസസറാണ് സ്‌നാപ്ഡ്രാഗൺ 665.
ഗൂഗിളിന്‍റെ മൊബൈൽ ഒഎസിനെ അവരുടെ ലാപ്‌ടോപ്പിലേക്ക് സമന്വയിപ്പിച്ച് അതിന് മുകളിൽ ഒരു സ്കിൻ ഇഴക്കിച്ചേർത്ത് JioOS എന്ന് വിളിക്കാനാണ് റിലയൻസ് ഉദ്ദേശിക്കുന്നതെന്ന് എക്സ്.ഡി.എ സൈറ്റിൽ പറയുന്നുണ്ട്. ചില ജിയോബുക്ക് മോഡലുകൾ ബ്ലൂബാങ്ക് കമ്യൂണിക്കേഷൻ ടെക്നോളജി വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2GB LPDDR4X റാമും 32GB eMMC സ്റ്റോറേജുമുള്ള ഒരു മോഡലും 4GB LPDDR4X റാമും 64GB eMMC 5.1 സ്റ്റോറേജുമുള്ള മറ്റൊരു മോഡലുമാണവ.
വിഡിയോ ഒൗട്ട്പുട്ടിനായി മിനി എച്ച്.ഡി.എം.ഐ കണക്ടറും 2.4GHz ഉം 5GHz ഫ്രീക്വൻസികളിലുള്ള ബ്ലൂടൂത്ത് വൈ-ഫൈ സപ്പോർട്ടും ക്വാൽകോം ഓഡിയോ ചിപ്സെറ്റ്, ത്രീ-ആക്സിസ് ആക്സിലറോ മീറ്റർ എന്നിവയും ജിയോ ബുക്കിന്‍റെ പ്രത്യേകതളായിരിക്കും. ഗൂഗ്ളിന്റെ ഒ.എസിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പാണെങ്കിലും ഗൂഗ്ൾ ആപ്പുകൾ ജിയോബുക്കിൽ പ്രീ-ഇൻസ്റ്റാളായി വരില്ല. കാരണം, ഗൂഗ്ളിന്റെ ആപ്പ് സ്യൂട്ട് പ്രീ-ഇൻസ്റ്റാളായി ചേർക്കണമെങ്കിൽ ഗൂഗ്ൾ മൊബൈൽ സർവീസ് ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നതിനായുള്ള ലൈസൻസ് വേണ്ടതുണ്ട്. പരമാവധി ചിലവ് കുറക്കാൻ ശ്രമിക്കുന്ന ജിയോ അതിന് ശ്രമിക്കാൻ സാധ്യതയുമില്ല. പകരം ചില ജിയോ ആപ്പുകൾ ജിയോബുക്കിൽ പ്രീ-ഇൻസ്റ്റാൾ ചെയ്തേക്കും. ഒപ്പം മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൗസറും ടീംസും ഓഫീസും ഉണ്ടാവും.
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിലായിരിക്കും ജിയോ ബുക്ക് വിൽക്കുക. രാജ്യത്തെ കുറഞ്ഞ വരുമാനമുള്ള ജനങ്ങളെയാണ് റിലയൻസ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ കമ്പനിയുടെ ഡിജിറ്റൽ സേവനങ്ങൾ വ്യാപിക്കുന്നതിന്‍റെ ഭാഗമായിക്കൂടിയാണ് ജിയോബുക്ക് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.