വില 15,000 രൂപ മാത്രം, ജിയോബുക്ക് 4ജി ലാപ്ടോപ്പ് ഉടനെത്തും; ഇവയാണ് ഫീച്ചറുകൾ
text_fieldsറിലയൻസ് ജിയോ കഴിഞ്ഞ വർഷം മുതൽ തങ്ങളുടെ ബജറ്റ് ലാപ്ടോപ്പിനെ കുറിച്ചുള്ള സൂചനകൾ തരുന്നുണ്ടെങ്കിലും ഇതുവരെ ഇന്ത്യയിലെ ലോഞ്ചിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഉടൻ തന്നെ ലാപ്ടോപ്പ് രാജ്യത്ത് അവതരിപ്പിച്ചേക്കും. ലാപ്ടോപ്പിന്റെ വിലയും മറ്റു വിശേഷങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ജിയോബുക്കിന്റെ വില ഏകദേശം 15,000 രൂപ (184 ഡോളർ) ആയിരിക്കുമെന്നും ലാപ്ടോപിന് 4G പിന്തുണയുണ്ടാകുമെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
കഴിഞ്ഞ വർഷമായിരുന്നു റിലയൻസ് ജിയോ ബജറ്റിലൊതുങ്ങുന്ന 4ജി പിന്തുണയുള്ള സ്മാർട്ട്ഫോൺ (ജിയോഫോൺ നെക്‌സ്റ്റ്) അവതരിപ്പിച്ചത്. അതുപോലെ ഏറ്റവും കുറഞ്ഞ വിലക്ക് ലാപ്‌ടോപ്പ് അനുഭവം നൽകുക എന്ന ഉദ്ദേശത്തോടെയാണ് ജിയോബുക്ക് 4ജിയുമായി കമ്പനി എത്തുന്നത്.
സവിശേഷതകൾ
ലാപ്‌ടോപ്പിന് 4 ജിബി വരെയുള്ള LPDDR4x റാമും 64 ജിബി eMMC ഇന്റേണൽ സ്റ്റോറേജുമായിരിക്കും ഉണ്ടായിരിക്കുക. സ്റ്റോറേജ് വർധിപ്പിക്കാനും കഴിയും. മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത മൈക്രോസോഫ്റ്റ്, ജിയോ ആപ്പുകൾ എന്നിവയുമുണ്ടായിരിക്കും. കരാർ നിർമ്മാതാക്കളായ ഫ്ലെക്സാണ് ജിയോബുക്ക് നിർമ്മിക്കുന്നത്.
ബജറ്റ് ലാപ്ടോപ്പിനായി ക്വാൽകോം, മൈക്രോസോഫ്റ്റ് എന്നീ ടെക് ഭീമൻമാരുമായാണ് ജിയോ കൈകോർത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ, ലാപ്‌ടോപ്പിൽ സ്‌നാപ്ഡ്രാഗൺ ചിപ്പ്സെറ്റും വിൻഡോസ് ഓപറേറ്റിങ് സിസ്റ്റവും നമുക്ക് പ്രതീക്ഷിക്കാം. നേരത്തെ ജിയോബുക്ക് ആൻഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള ജിയോ ഒ.എസിൽ പ്രവർത്തിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്.
എന്ന് ലോഞ്ച് ചെയ്യും...?
ജിയോബുക്ക് ഈ മാസം തന്നെ സ്‌കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും എത്തിക്കുമെന്നും അടുത്ത മൂന്ന് മാസത്തിനുള്ളിൽ എല്ലാവർക്കും വാങ്ങാനായി വിപണിയിൽ ലഭ്യമാകുമെന്നുമാണ് റിപ്പോർട്ടുകൾ. അതിനാൽ, 2023-ന്റെ തുടക്കത്തിൽ ജിയോ ലാപ്ടോപ്പിന്റെ ഔദ്യോഗിക ലോഞ്ച് പ്രതീക്ഷിക്കാം. 5ജി പിന്തുണയുള്ള ജിയോഫോണും അതിനൊപ്പം ലോഞ്ച് ചെയ്തേക്കും. അടുത്ത വർഷം മാർച്ചോടെ ജിയോബുക്കുകളുടെ കയറ്റുമതി ലക്ഷക്കണക്കിന് യൂണിറ്റുകളിൽ എത്തുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.