വീണ്ടും ജീവൻ രക്ഷിച്ച് ആപ്പിൾ വാച്ച്; ഇത്തവണ സിംഗപ്പൂരിൽ
text_fieldsസ്മാർട്ട്വാച്ച് ഉപയോഗിക്കുന്നതിന് ഒരുപാട് ഗുണങ്ങളുണ്ട്. നിങ്ങളുടെ ഹൃദയമിടിപ്പ് കണക്കാക്കാനും രക്തത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കാനും നിങ്ങളുടെ ആരോഗ്യത്തെയും പ്രവർത്തനത്തെയും കുറിച്ചുള്ള പതിവ് അപ്‌ഡേറ്റുകൾ നൽകാനും ആധുനിക കാലത്തെ സ്മാർട്ട്വാച്ചുകൾക്ക് കഴിയും. അതോടൊപ്പം സംഗീതം പ്ലേ ചെയ്യാനും നാവിഗേഷനും കോളുകൾ വിളിക്കാനും സ്വീകരിക്കാനും എന്തിന് കാണാതായ നിങ്ങളുടെ ഫോൺ കണ്ടെത്താൻ പോലും വാച്ചുകൾ സഹായിക്കും. ഓരോ ദിവസം കഴിയുന്തോറും സാങ്കേതികവിദ്യയുടെ നവീകരണത്തോടെ, സ്മാർട്ട് വാച്ചുകൾ വലിയ കാര്യങ്ങൾക്ക് പ്രാപ്തമാകുന്നുമുണ്ട്.
സ്മാർട്ട്വാച്ചുകളിൽ ഇന്ന് ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ആപ്പിൾ വാച്ച് വീണ്ടും ഒരാളുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ്. സിംഗപ്പൂരിലാണ് സംഭവം നടന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് ഫിത്രി എന്ന യുവാവിെൻറ ജീവനാണ് വാച്ച് രക്ഷിച്ചത്. ഒരു വാൻ ഫിത്രിയോടിച്ച ബൈക്കിനെ ഇടിച്ച് കടന്നുപോവുകയായിരുന്നു. ബൈക്കിൽ നിന്ന് വീണ് ഗുരുതര പരിക്കുകളോടെ റോഡിൽ കിടന്ന യുവാവിന് വേണ്ടി ആദ്യം തന്നെ രക്ഷാപ്രവർത്തനം നടത്തിയത് ആപ്പിൾ വാച്ചായിരുന്നു.
വാച്ചിലെ 'ഫാൾ ഡിറ്റക്ഷൻ ഫീച്ചർ', ഉടൻ തന്നെ അപകടം മനസിലാക്കുകയും അടുത്തുള്ള അടിയന്തര സേവനങ്ങളെ വിളിച്ച് അപകടത്തെക്കുറിച്ചും കൃത്യമായ സ്ഥലത്തെക്കുറിച്ചും അവരെ അറിയിക്കുകയും ചെയ്തു. മുഹമ്മദ് ഫിത്രി അബോധാവസ്ഥയിലാണെന്നും വാച്ച് റിപ്പോർട്ട് ചെയ്തിരുന്നു. വിജനമായ റോഡിൽ നടന്ന അപകടം കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ലെങ്കിൽ ഒരുപക്ഷെ യുവാവിന് ജീവൻ പോലും നഷ്ടമാവുമായിരുന്നു. സിംഗപ്പൂർ സിവിൽ ഡിഫൻസ് ഫോഴ്സ് തങ്ങളെ വിവരമറിയിച്ചത് ആപ്പിൾ വാച്ചാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
എന്താണ് ജീവൻ രക്ഷിച്ച ആ ഫീച്ചർ...?
ആപ്പിൾ വാച്ച് ധരിച്ചയാൾ അപകടകരമായ രീതിയിൽ വീണാൽ അത് വാച്ച് കണ്ടെത്തും. പിന്നാലെ വൈബ്രേറ്റ് ചെയ്യുകയും അലാറം മുഴക്കി ഒരു അലേർട്ട് തരികയും ചെയ്യും. അടിയന്തര സേവനങ്ങളുമായി ബന്ധപ്പെടാനായി ഡിസ്പ്ലേയിൽ വിവരങ്ങൾ ദൃശ്യമാക്കും. വീണ വ്യക്തിക്ക് അനക്കമുണ്ടെങ്കിൽ പ്രതികരണത്തിനായി വാച്ച് അൽപ്പനേരം കാത്തിരിക്കും. ഒരു മിനിറ്റ് നേരം കഴിഞ്ഞാൽ, വാച്ച് സ്വമേധയാ അധികൃതരെ വിവരമറിയിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.