പുതിയ വാക്മാൻ ഇന്ത്യയിൽ അവതരിപ്പിച്ച് സോണി; വിലയും വിശേഷങ്ങളുമറിയാം
text_fields36 മണിക്കൂർ ബാറ്ററി ലൈഫും ഹൈ-റെസ് ഓഡിയോ പിന്തുണയുമുള്ള പുതിയ NW-A306 വാക്മാൻ ഇന്ത്യയില അവതരിപ്പിച്ച് സോണി. കാസറ്റുകളുടെയും സിഡികളുടെയും കാലത്ത് സംഗീത പ്രേമികളുടെ സ്വപ്നമായിരുന്നു വാക്മാൻ. എന്നാൽ സ്മാർട്ട്ഫോൺ യുഗത്തിൽ വാക്മാൻ പോലൊരു പോർട്ടബിൾ ഓഡിയോ പ്ലെയറിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
അലൂമിനിയം ഫ്രെയിമോടുകൂടിയ കനംകുറഞ്ഞ രൂപകൽപ്പനയാണ് പുതിയ വാക്മാന്റെ പ്രത്യേകത. ഫിലിം കപ്പാസിറ്ററുകൾ, മികച്ച സൗണ്ട് റെസിസ്റ്റേഴ്സ്, ഗോൾഡൻ സോൾഡറുകൾ എന്നീ സവിശേഷതകൾ മികച്ച ശബ്ദാനുഭവം സമ്മാനിക്കുന്നു. പരിസ്ഥിതി സൗഹൃദ സമീപനത്തിന്റെ ഭാഗമായി വാക്മാന്റെ ബോക്സിൽ പ്ലാസ്റ്റിക് മെറ്റീരിയലുകൾ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല.
വാക്മാന് എസ്-മാസ്റ്റർ എച്ച്എക്സ് ഡിജിറ്റൽ ആംപ് സാങ്കേതികവിദ്യയുടെയും ഡയറക്ട് സ്ട്രീം ഡിജിറ്റൽ (ഡിഡിഎസ്) ഓഡിയോ ഫോർമാറ്റിന്റെയും പിന്തുണ സോണി നൽകിയിട്ടുണ്ട്. DSEE അൾട്ടിമേറ്റിന് (ഡിജിറ്റൽ സൗണ്ട് എൻഹാൻസ്‌മെന്റ് എഞ്ചിൻ) കംപ്രസ് ചെയ്ത ഫയലുകൾ തത്സമയം മെച്ചപ്പെടുത്താനും കഴിയും. 360 റിയാലിറ്റി ഓഡിയോ, ക്വാൽകോം aptX HD എന്നിവയുടെ പിന്തുണയുമുണ്ട്.
വൈറ്റ് എൽ.ഇ.ഡി ബാക്ക്‌ലൈറ്റുള്ള 3.6 ഇഞ്ച് വലിപ്പമുള്ള ടി.എഫ്.ടി എച്ച്.ഡി ഡിസ്‌പ്ലേയും 32 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് മറ്റ് പ്രത്യേകതകൾ. വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് പതിപ്പ് 5.0, യു.എസ്.ബി-സി, സ്റ്റീരിയോ മിനി ജാക്ക്, മെമ്മറി കാർഡ് എന്നിവയ്‌ക്കുള്ള പിന്തുണയുണ്ട്. കൂടാതെ, പുതിയ വാക്ക്മാൻ SBC, LDAC, aptX, aptX HD, AAC ഓഡിയോ കോഡെക്കുകൾ പിന്തുണക്കുന്നുണ്ട്.
സോണി സെന്ററുകൾ, പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകൾ, ഹെഡ്‌ഫോൺ സോൺ, ഇന്ത്യയിലെ ഇ-കൊമേഴ്‌സ് പോർട്ടലുകൾ എന്നിവയിലൂടെ പുതിയ സോണി NW-A306 വാക്ക്‌മാൻ 25,990 രൂപയ്ക്ക് സ്വന്തമാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.