വാക്മാൻ ഫാൻസിന് സന്തോഷ വാർത്തയുമായി സോണി; കിടിലൻ ഓഡിയോ സാങ്കേതിക വിദ്യയോടെ പുതിയ അവതാരമെത്തി
text_fields90-കളിൽ സോണി വാക്മാൻ ഉണ്ടാക്കിയ തരംഗമെന്താണെന്ന് അക്കാലത്തെ യൂത്തൻമാർക്കെല്ലാം നല്ല ധാരണയുണ്ടാകും. ആപ്പിൾ അവരുടെ ഐപോഡ് സീരീസ് ലോഞ്ച് ചെയ്യുന്നത് വരെ പോർട്ടബിൾ ഡിജിറ്റൽ മ്യൂസിക് പ്ലെയറുകൾ എന്നാൽ, സോണി വാക്മാൻ മാത്രമായിരുന്നു. സ്മാർട്ട്ഫോണുകളും ഐപോഡുമൊക്കെ സംഗീതം വിരൽ തുമ്പകലത്തിലേക്ക് കൊണ്ടുവന്നതോടെ വാക്മാൻ എന്ന ഇതിഹാസം കാലയവനികയിലേക്ക് മറഞ്ഞുപോയി. എന്നിരുന്നാലും ടെക് ലോകത്ത് സോണി വാക്മാന് അതിന്റേതായ ഒരു സ്ഥാനമുണ്ട്. അത് ഗൃഹാതുരത്വം ഉണർത്തുന്ന ഒരോർമയാണ്.
അതേസമയം, വാക്മാൻ ഫാൻസിന് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് സോണിയിപ്പോൾ. രണ്ട് പുതിയ വാക്ക്‌മാൻ-സ്റ്റൈൽ MP3 പ്ലെയറുകൾ സോണി പുറത്തിറക്കി. സാധാരണ ശ്രോതാക്കൾക്കും ഓഡിയോഫൈലുകൾക്കും ഒരുപോലെ ഗംഭീര സംഗീത അനുഭവം വാഗ്ദാനം ചെയ്യുന്നതിനായി നിരവധി ഹൈ-എൻഡ് ഫീച്ചറുകളും ഓഡിയോ സാങ്കേതിക വിദ്യയുമായാണ് പുതിയ വാക്മാന്റെ വരവ്.
സോണി 2016-ലാണ് അവസാനമായി അവരുടെ സിഗ്നേച്ചർ സീരീസ് വാക്ക്മാൻ മോഡലുകൾ അവതരിപ്പിച്ചത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇത് ഇന്ത്യയിലേക്കും കൊണ്ടുവന്നിരുന്നു. എന്നാലിപ്പോൾ, കമ്പനി രണ്ട് പുതിയ സിഗ്നേച്ചർ സീരീസ് വാക്ക്മാൻ മോഡലുകൾ അവതരിപ്പിച്ചു - NW-WM1ZM2, NW-WM1AM2, എന്നീ മോഡലുകൾ ആകർഷകമായ ഫീച്ചറുകളാൽ സമ്പന്നമാണ്.
തീർത്തും ക്രിസ്റ്റൽ ക്ലിയറായ ശബ്‌ദം നൽകുന്നതിനായി വിവിധ നൂതന ഓഡിയോ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയാണ് ഉപകരണമെത്തുന്നത്. രണ്ട് മോഡലുകളിൽ ഹൈ-എൻഡ് വകഭേദത്തിന് ഗോൾഡ് പ്ലേറ്റഡ് ഒ.എഫ്.സി ചേസിസാണ് സോണി നൽകിയിരിക്കുന്നത്. ഇത് മറ്റേത് കമ്പനിയും നൽകാത്ത വിധമുള്ള അതിഗംഭീരമായ ശബ്ദം പ്രധാനം ചെയ്യുമെന്ന് സോണി അവകാശപ്പെടുന്നു. രണ്ടാമത്തെ മോഡലിൽ അലൂമിനിയം അലോയ് ഫ്രെയിമാണ് ഉപയോഗിച്ചിരിക്കുന്നത്.
ആൻഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയുള്ള സോണിയുടെ ഓപറേറ്റിങ് സിസ്റ്റത്തിലായിരിക്കും പുതിയ വാക്മാൻ പ്രവർത്തിക്കുക. അഞ്ച് ഇഞ്ചുള്ള എച്ച്.ഡി ടച്സ്ക്രീനും പുതിയ വാക്മാന്റെ പ്രത്യേകതയായിരിക്കും. 40 മണിക്കൂർ നേരം നോൺ-സ്റ്റോപ് സംഗീതം വാഗ്ദാനം ചെയ്യുന്ന വലിയ ബാറ്ററിയാണ് രണ്ട് മോഡലുകളിലും നൽകിയിരിക്കുന്നത്. യു.സ്.ബി സി-പോർട്ടാണ് ചാർജിങ്ങിനും ഡാറ്റാ കൈമാറ്റത്തിനായി ഉൾപ്പെടുത്തിയത്. ഹൈ-എൻഡ് മോഡലിന് 256 ജിബി സ്റ്റോറേജും രണ്ടാമത്തെ മോഡലിൽ 128 ജിബിയുമാണ് സോണി നൽകിയത്. മൈക്രോ എസ്.ഡി കാർഡ് ഇടാനുള്ള സ്ലോട്ടുമുണ്ട്.
NW-WM1ZM2 എന്ന മോഡലിന് വില 3.15 ലക്ഷം രൂപയാണ്. NW-WM1AM2 എന്ന ലോവർ-എൻഡ് മോഡലിന് 1.2 ലക്ഷം രൂപയും നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.