ആപ്പിൾ എയർടാഗ് ഉപയോഗിച്ച് ആഡംബര കാർ മോഷണം; മുന്നറിയിപ്പുമായി പൊലീസ്
text_fieldsആപ്പിൾ സമീപകാലത്തായി ലോഞ്ച് ചെയ്ത ട്രാക്കിങ് ഡിവൈസായ എയർടാഗുകളെ കുറിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കാനഡയിലെ പ്രാദേശിക പൊലീസ്. ആഡംബര കാറുകൾ മോഷ്ടിക്കാനായി മോഷ്ടാക്കൾ വ്യാപകമായി ആപ്പിൾ എയർടാഗുകൾ ഉപയോഗിക്കുന്നതായാണ് പൊലീസ് മുന്നറിയിപ്പ് നൽകുന്നത്.
വാലറ്റുകളും താക്കോലുകളുമടക്കം നമ്മുടെ നിത്യോപയോഗ സാധനങ്ങൾ നഷ്ടപ്പെടാതിരിക്കാനും നഷ്ടപ്പെട്ടവ എളുപ്പം തിരിച്ചുപിടിക്കാനുമായി ആപ്പിൾ അവതരിപ്പിച്ച ട്രാക്കിങ് ഡിവൈസാണ് ആപ്പിൾ എയർടാഗ്. സ്വകാര്യ വസ്തുക്കളിലടക്കം ഈ ചെറിയ ഉപകരണം ഘടിപ്പിച്ചാൽ അവയുടെ സ്ഥാനം സ്മാർട്ട്ഫോൺ ഉപയോഗിച്ച് ട്രാക്ക് ചെയ്യാൻ സാധിക്കും.
എന്നാൽ, എയർടാഗിന്‍റെ ഈ സവിശേഷത ദുരുപയോഗം ചെയ്താണ് കാനഡയിലെ കള്ളൻമാർ വില കൂടിയ വാഹനങ്ങൾ മോഷ്ടിച്ചത്. രാജ്യത്തെ യോർക് മേഖലയിലാണ് മോഷ്ടാക്കൾ ഇത്തരത്തിലുള്ള ഹൈടെക് മോഷണം നടത്തുന്നതായി കണ്ടെത്തിയത്. യോർക്കിൽ സ്ഥിരമായി ലക്ഷ്വറി കാറുകൾ മോഷണം പോവുന്നത് അന്വേഷിച്ച പൊലീസ് സംഘം അത് എയർടാഗ് ഉപയോഗിച്ചുള്ള മോഷണമാണെന്ന് കണ്ടെത്തുകയായിരുന്നു.
വിദൂര സ്ഥലങ്ങളിൽപ്പോലും ആഡംബര കാറുകൾ കൃത്യമായി എങ്ങനെ ടാർഗറ്റ് ചെയ്യപ്പെടുന്നു എന്ന് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ആപ്പിൾ എയർടാഗുകളിലേക്ക് എത്തിച്ചത്. അത്തരം മോഷ്ടാക്കൾക്കെതിരെ കാനഡ പൊലീസ് ജാഗ്രതാ നിർദേശം നൽകിക്കഴിഞ്ഞു. ആപ്പിൾ എയർടാഗ് ഉപയോഗിച്ച് നിലവിൽ അഞ്ച് മോഷണങ്ങൾ നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, മേഖലയിൽ നടന്ന മറ്റ് കാർ മോഷണങ്ങളിലും അതേ സംഘത്തിന് പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
ആഡംബര വാഹനങ്ങൾ ആപ്പിൾ എയർടാഗ് ഉപയോഗിച്ച് ട്രാക്ക് ചെയ്യുകയും, അതിലൂടെ ഉടമയുടെ വീടും വാഹനം പാർക്ക് ചെയ്യുന്നത് എവിടെയാണെന്നും മോഷ്ടാക്കൾ കണ്ടെത്തും. അവസരം കിട്ടുേമ്പാൾ കാർ മോഷ്ടിക്കുകയും ചെയ്യും. നഗരത്തിലെ പാർക്കിങ് സൗകര്യങ്ങളിലും ഷോപ്പിങ് മാളുകളിലും വെച്ചാണ് കാറുകൾ നോട്ടമിടുന്നത്. കാറുകളിൽ പെട്ടന്ന് കണ്ടെത്താൻ കഴിയാത്ത സ്ഥലങ്ങളിലാണ് എയർടാഗുകൾ സ്ഥാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.