ഇത് ‘നുവ സ്മാർട്ട് പെൻ’; ഇതുകൊണ്ട് പേപ്പറിൽ എഴുതിയാൽ മൊബൈലിൽ കാണാം, അറിയാം വിശേഷങ്ങൾ
text_fieldsനിങ്ങൾ പേപ്പറിൽ എഴുതുന്നതും വരക്കുന്നതുമായ എന്തും ഡിജിറ്റൈസ് ചെയ്യുന്ന സ്മാർട്ട് പേനയുമായി എത്തിയിരിക്കുകയാണ് നുവ (Nuwa). അടുത്ത വർഷം നടക്കാനിരിക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ (CES 2023) നുവ പ്രദർശിപ്പിക്കാനൊരുങ്ങുന്ന സ്മാർട്ട് പേനക്ക് പ്രത്യേകതകൾ ഏറെയാണ്.
സാംസങ്ങിന്റെയും ആപ്പിളിന്റെയും സ്റ്റൈലസുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് നുവ സ്മാർട്ട് പെൻ. ഈ ബോൾ പോയിന്റ് പേനയിൽ മോഷൻ സെൻസറുകളും കൈയ്യക്ഷരം ഡിറ്റക്റ്റ് ചെയ്യാനായി മൂന്ന് കാമറകളും ഉൾപ്പെടുന്നുണ്ട്. ഈ സംവിധാനങ്ങളുടെ സഹായത്തോടെ, നിങ്ങൾ എഴുതുന്നതെല്ലാം ഡിജിറ്റൽ നോട്ടുകളായി സ്മാർട്ട് പെൻ കൺവേർട്ട് ചെയ്യും.
ഡിജിറ്റൽ നോട്ടുകൾ സ്മാർട്ട്ഫോണിലൂടെ നിങ്ങൾക്ക് വായിക്കാനും പങ്കുവെക്കാനും സാധിക്കും. എത്ര വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും പ്രവർത്തിക്കുന്നതിനായി ഇൻഫ്രാറെഡ് ലൈറ്റ് പിന്തുണയും നുവ സ്മാർട്ട് പെന്നിന് നൽകിയിട്ടുണ്ട്.
പേനയുടെ പ്രഷർ സെൻസറിന് 4096 പ്രഷർ ലെവലുകൾ ഡിറ്റക്ട് ചെയ്യാൻ കഴിയും. മോഷൻ സെൻസറുകൾ, പ്രഷർ സെൻസർ, ക്യാമറകൾ എന്നിവയുടെ സംയോജനം ഉയർന്ന നിലവാരത്തിൽ വാചകം പകർത്താൻ പേനയെ അനുവദിക്കും. സ്‌മാർട്ട് പേന ഉപയോഗിച്ച് എഴുതാൻ തുടങ്ങുമ്പോൾ തന്നെ അത് ഡിജിറ്റൈസ് ചെയ്തു തുടങ്ങും.
എഴുതാനായി സാധാരണ D1 മഷിയാണ് നുവ പെൻ ഉപയോഗിക്കുന്നത്. അത് നുവ സ്റ്റോർ വഴിയോ മറ്റേതെങ്കിലും റീട്ടെയിലർ വഴിയോ വാങ്ങാവുന്നതാണ്. മഷി റീ-ഫിൽ ചെയ്യലും വളരെ എളുപ്പമാണെന്ന് കമ്പനി പറയുന്നുണ്ട്.
ഡിജിറ്റൈസ് ചെയ്‌ത ഉള്ളടക്കം എൻഡ്-ടു-എൻഡ് എൻക്രിപ്റ്റായി തുടരുമെന്ന് ഉറപ്പാക്കുന്നതിനായി പവർ-എഫിഷ്യന്റ് ചിപ്പും സെക്യുർസ്‌പോട്ട് സാങ്കേതികവിദ്യയും പേനയ്ക്കുള്ളിലുണ്ട്. വിവരങ്ങൾ ആദ്യം ഡിജിറ്റൽ ആക്കുകയും പിന്നീട് ബ്ലൂടൂത്ത് വഴി ഉപകരണത്തിലേക്ക് സമന്വയിപ്പിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്.
ഒറ്റ ചാർജിൽ രണ്ട് മണിക്കൂർ വരെ പെൻ ഉപയോഗിക്കാം. ബാറ്ററി ഫുൾ ചാർജാകാൻ ഏകദേശം 15 മിനിറ്റ് എടുക്കും. കൂടാതെ, എഴുതിയതിന്റെ ഡിജിറ്റൽ പകർപ്പ് എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിന് നുവ പെൻ ആപ്പ് ഡൗൺലോഡ് ചെയ്യണം.
ലൊക്കേഷൻ, സമയം, നോട്ട്ബുക്ക് എന്നിവ അടിസ്ഥാനമാക്കി കുറിപ്പുകൾ ഓർഗനൈസ് ചെയ്യാൻ ആപ്പ് നിങ്ങളെ അനുവദിക്കുന്നു. കൈയക്ഷര കുറിപ്പുകൾ ടൈപ്പ് ചെയ്‌ത ടെക്‌സ്‌റ്റുകളായും ഓഗ്‌മെന്റഡ് നോട്ടുകളായും മാറ്റുന്നതുമടക്കമുള്ള അധിക സവിശേഷതകൾക്കായി ഒരു മാസം 2.99 യൂറോയുടെ (~ 263) Nuwa Pen+ സബ്‌സ്‌ക്രിപ്‌ഷനുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.