മടക്കാനും തുറക്കാനും പറ്റുന്ന ടിവിയുമായി സി സീഡ്; വിലയും ഭാരവും ഞെട്ടിക്കും -വിഡിയോ
text_fieldsലോകത്തിലെ ആദ്യത്തെ മടക്കാവുന്ന (ഫോൾഡബിൾ) 4കെ ടിവിയുമായി എത്തുകയാണ് ആഡംബര ഇലക്ട്രോണിക്സ് നിർമാതാക്കളായ സി സീഡ്. ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ പോലും കമ്പനികൾക്ക് അതിന്‍റെ പൂർണ്ണതയിൽ നിർമിക്കാനാവാത്ത സാഹചര്യത്തിലാണ് സി സീഡ് ഫോൾഡബിൾ ടിവിയുമായി എത്തുന്നത്. നിലവിൽ സാംസങ്, ഹ്വാവേ എന്നിവർ മടക്കാവുന്ന ഫോണുകൾ വിപണിയിൽ എത്തിക്കുന്നുണ്ട്.
165 ഇഞ്ച് വലിപ്പമുള്ള ഭീമാകാരമായ സി സീഡ് എം1 എന്ന 4കെ മൈക്രോ എൽ.ഇ.ഡി ടിവി അഞ്ച് പാനലുകൾ അടങ്ങിയതാണ്. ഏവിയേഷൻ-ഗ്രേഡ് അലുമിനിയം അലോയ് കൊണ്ട് നിർമ്മിച്ച ഉയർന്ന ക്വാളിറ്റിയുള്ള ഫ്രെയിമാണ് ടിവിയിൽ ഉപയോഗിച്ചിരിക്കുന്നത്. തടസ്സമില്ലാത്ത അനുഭവം ഉറപ്പാക്കാൻ, കമ്പനി അഡാപ്റ്റീവ് ഗ്യാപ് കാലിബ്രേഷൻ (എജിസി) സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. അത് ടിവി വിംഗുകൾ മടക്കിക്കളയുന്നതിനിടയിലുള്ള ഓഫ്‌സെറ്റുകൾ കണ്ടെത്തി, എൽ.ഇ.ഡികളുടെ തെളിച്ചം കൃത്യമായി കാലിബ്രേറ്റ് ചെയ്യുകയും ചെയ്യുന്നു.
ഡിസ്പ്ലേയ്ക്ക് 1000nits ബ്രൈറ്റ്നസും, 16-ബിറ്റ് കളർ ഡെപ്തും, 30,000: 1 കോൺട്രാസ്റ്റ് റേഷ്യോയും, എച്ച്ഡിആർ, എച്ച്ഡിആർ 10 + പ്രോസസ്സിംഗ് എന്നിവയുടെ പിന്തുണയുണ്ട്. HDCP 2.2 സപ്പോർട്ടോടുകൂടിയ ഒരു HDMI പോർട്ട്, രണ്ട് യു.എസ്.ബി പോർട്ടുകൾ, കൂടെ ഒരു സീരീയൽ പോർട്ടും ടിവിക്കുണ്ട്. 2.1 ഓഡിയോ പിന്തുണയുള്ള ഇന്റഗ്രേറ്റഡ് സൗണ്ട് ബാറും സി സീഡ് എം1-ന്‍റെ പ്രത്യേകതയാണ്. അതേസമയം ടിവിയുടെ തൂക്കവും വിലയും ആരെയും ഞെട്ടിക്കുന്നതാണ്. എം1-ന്‍റെ ആകെ ഭാരം 1,350 കിലോ വരും. വിലയാകട്ടെ നാല് ലക്ഷം ഡോളറും(2.91 കോടി രൂപ).
"ഒരു മുറിയുടെ സ്വഭാവത്തിൽ വിട്ടുവീഴ്ച ചെയ്യാതെ മികച്ച നിലവാരത്തിൽ M1 സവിശേഷമായ വിനോദം നിങ്ങൾക്ക് സമ്മാനിക്കും - വലിയ ടിവി സിസ്റ്റങ്ങളെ വിശാലമായ സമകാലിക ഇന്‍റീരിയർ ഡിസൈനിലേക്ക് സമന്വയിപ്പിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ പരിഹാരം കൂടിയാണിത്," സി സീഡ് മാനേജിങ് പാർട്ണർ അലക്സാണ്ടർ സ്വാറ്റെക് പറയുന്നു.
ടിവി മടക്കാനും തുറക്കാനും കുറച്ച് സെക്കന്‍റുകളെടുക്കുമെങ്കിലും ആ പ്രൊസസ് മികച്ച അനുഭവം സമ്മാനിക്കുന്നതാണ്. സി സീഡ് എം1-ന്‍റെ ദൃശ്യങ്ങൾ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.