ആപ്പിള്‍ പറ്റിച്ചു, ഐഫോണ്‍ എസ്ഇക്ക് ഇന്ത്യയില്‍ വിലക്കൂടുതല്‍
text_fieldsകാത്തിരുന്ന് മടുത്തവര്‍ക്കിടയിലേക്ക് നിലവിലുള്ളതിനേക്കാള്‍ വിലയും വലിപ്പവും കുറഞ്ഞ ഐഫോണ്‍ ഇതാ വന്നു കഴിഞ്ഞു. മാര്‍ച്ച് 21ന് ലോകത്തിന് മുന്നില്‍കാട്ടിയ ഐഫോണ്‍ എസ്ഇയാണ് ആളുകളെ അമ്പരപ്പിക്കുന്നത്. നാലിഞ്ചുള്ള ഐഫോണ്‍ 5എസിന്‍െറ പരിഷ്കരിച്ച പതിപ്പാണ് സ്പെഷല്‍ എഡിഷന്‍ എന്നതിന്‍െറ ചുരുക്കരൂപമായ എസ്ഇ എന്ന പേരുള്ള ഈ കൈയിലൊതുങ്ങുന്ന ഐഫോണ്‍. 4.7 ഇഞ്ചുള്ള ഐഫോണ്‍ 6എസ്, 5.5 ഇഞ്ചുള്ള ഐഫോണ്‍ 6എസ് പ്ളസ് എന്നിവയുടെ വില്‍പനമാന്ദ്യം മറികടക്കുകയാണ് ഈ പുതിയ അവതാരത്തിലൂടെ ആപ്പിള്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് ഏറെപ്പേര്‍ ഇപ്പോഴും ഇഷ്ടപ്പെടുന്ന ഐഫോണ്‍ 5എസിന്‍െറ രൂപത്തിലും കുറഞ്ഞ വിലയിലും ഈ പുതുമുഖത്തെ പുറത്തിറക്കിയത്. കാലിഫോര്‍ണിയയിലെ ആപ്പ്ള്‍ ആസ്ഥാനത്ത് വൈസ് പ്രസിഡന്‍റ് ഗ്രെഗ് ജൊസ്വെയ്ക് ആണ് ഏറെനാളായി കാത്തിരുന്ന എസ്ഇ അവതരിപ്പിച്ചത്.
16 ജി.ബി പതിപ്പിന് 399 ഡോളര്‍ (ഏകദേശം 26,000 രൂപ) ആണ് വില. 64 ജി.ബി പതിപ്പിന് 499 ഡോളര്‍ (ഏകദേശം 34,000 രൂപ) വരും. മാര്‍ച്ച് 24 മുതല്‍ മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്യാം. മാര്‍ച്ച് 31ന് ആഗോള വിപണിയില്‍ എത്തുന്ന ഇത് ഏപ്രില്‍ എട്ട് മുതല്‍ ഇന്ത്യയില്‍ ലഭ്യമാകും. ഇന്ത്യയില്‍ 39,000 രൂപയാകും 16 ജി.ബിയുടെ വിലയെന്നും ഐഫോണ്‍ വില്‍പനക്കാരായ റെഡിങ്ടണ്‍ ഇന്ത്യ അറിയിച്ചു. പണ്ട് ഐഫോണ്‍ 5സി ഇറങ്ങുന്നതിനുമുമ്പും വില കുറഞ്ഞ ഫോണാണെന്നായിരുന്നു പ്രചാരണം. പക്ഷെ, വാങ്ങാന്‍ ചെന്നപ്പോള്‍ വിലക്കൊട്ടും കുറവില്ല താനും. അതുപോലെ തന്നെയാണ് ഇപ്പോള്‍ നടന്നത്. എന്തായാലും പുത്തന്‍ ഐഫോണ്‍ സ്വന്തമാക്കാനിരുന്ന സാധാരണക്കാരന് നിരാശ മാത്രം ബാക്കി.
സാധാരണ പോലെ ഈ ഐഫോണിലും മെമ്മറി കാര്‍ഡിടാന്‍ കഴിയില്ല. ഒരു നാനോ സിം മാത്രമേ പറ്റൂ. 1.84 ജിഗാഹെര്‍ട്സ് 64 ബിറ്റ് രണ്ടുകോര്‍ എ9 പ്രോസസര്‍ ഉള്ളതിനാല്‍ വേഗമേറിയ വ്യക്തമായ വോയ്സ് ഓവര്‍ എല്‍ടിഇ ലഭിക്കും. 1136x640 പിക്സല്‍ റസലൂഷനുള്ള നാല് ഇഞ്ച് ഐപിഎസ് സ്ക്രീന്‍ ഒരു ഇഞ്ചില്‍ 326 പിക്സല്‍ വ്യക്്തത നല്‍കും. സെല്‍ഫി എടുക്കുമ്പോള്‍ മൂന്നുമടങ്ങ് തെളിച്ചം നല്‍കുന്ന റെറ്റിന ഫ്ളാഷ് സൗകര്യമുണ്ട്. ലൈവ് ഫോട്ടോ, ഫോര്‍കെ വീഡിയോ റെക്കോര്‍ഡിങ്, ഫിക്സഡ് ഫോക്കസ് സൗകര്യങ്ങളുള്ള 12 മെഗാപിക്സല്‍ ഐസൈറ്റ് പിന്‍കാമറയാണ്. രണ്ട് നിറങ്ങളിലുള്ള ഡ്യൂവല്‍ ടോണ്‍ ഫ്ളാഷുണ്ട്. 1.2 മെഗാപിക്സല്‍ ഫേസ്ടൈം മുന്‍കാമറയാണ്. ത്രീജിയില്‍ 14 മണിക്കൂര്‍ സംസാരസമയം നല്‍കുന്ന 1642 എംഎഎച്ച് ബാറ്ററിയാണ്. 50 മണിക്കൂര്‍ പാട്ട് കേള്‍ക്കാനും കഴിയും. സ്പേസ് ഗ്രേ, സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളിലാണ് ലഭിക്കുക.
എം9 സഹ പ്രോസസര്‍, പവര്‍ വിആര്‍ GT7600 ആറുകോര്‍ ഗ്രാഫിക്സ്, ഫോര്‍ജി എല്‍ടിഇ, ഏറ്റവും പുതിയ ഐഒഎസ് 9.3 ഓപറേറ്റിങ് സിസ്റ്റം, ബ്ളൂടൂത്ത് 4.2, നവീകരിച്ച വൈ ഫൈ, പുതിയ മൈക്രോഫോണ്‍, പണമിടപാടിനുള്ള ആപ്പിള്‍ പേ, ടച്ച് ഐഡി വിരലടയാള സെന്‍സര്‍, എന്‍എഫ്സി, എ-ജിപിഎസ്, 113 ഗ്രാം ഭാരം, 7.6 മില്ലീമീറ്റര്‍ കനം എന്നിവയാണ് മറ്റ് വിശേഷങ്ങള്‍.
അക്സസറികള്‍
2,900 രൂപ നല്‍കിയാല്‍ കറുപ്പും നീലയും നിറങ്ങളിലുള്ള ലതര്‍ കെയ്സും 3,700 രൂപയും നല്‍കിയാല്‍ ലൈറ്റ്നിങ് ഡോക്കും ലഭിക്കും.
ഐഒഎസ് 9.3
പുതിയ ഐഒഎസ് 9.3 ഓപറേറ്റിങ് സിസ്റ്റം അപ്ഡേറ്റും ഇതിനൊപ്പം അവതരിപ്പിച്ചു. സ്ക്രീനിലെ നീലവെളിച്ചം കുറക്കാന്‍ നൈറ്റ് ഷിഫ്റ്റ് മോഡ് ഏര്‍പ്പെടുത്തിയതാണ് പ്രധാന പ്രത്യേകത. നോട്ടിന് ടച്ച് ഐഡി വിരലടയാള പാസ്വേര്‍ഡും നല്‍കാം. ഫേവറൈറ്റ്സ് അടക്കം പേഴ്സണലൈസ്ഡ് ന്യൂസ് അപ്ഡേറ്റ്സ്, കാര്‍പ്ളേയില്‍ നിയര്‍ബൈ സേര്‍ച്ച് സൗകര്യവും ആപ്പിള്‍ മ്യൂസികും ലഭ്യമാക്കി.
ആപ്പിള്‍ വാച്ചിന്‍െറ വില കുറച്ചു
ഐഫോണ്‍ എസ്ഇ വന്നതിനൊപ്പം ആപ്പിള്‍ സ്മാര്‍ട്ട്വാച്ചിന്‍െറ വിലയും കുറച്ചു. നേരത്തെ 349 ഡോളര്‍ (ഏകദേശം 23,200 രൂപ) വിലയുണ്ടായിരുന്ന ആപ്പിള്‍ വാച്ചിന് 299 ഡോളര്‍ (ഏകദേശം 20,500 രൂപ) നല്‍കിയാല്‍ മതി. പലനിറങ്ങളിലുള്ള നൈലോണ്‍ വാച്ച് ബാന്‍ഡുകളും ആപ്പിള്‍ പുറത്തിറക്കിയിട്ടുണ്ട്. ഈവര്‍ഷം തന്നെ പുതിയ വാച്ച് പുറത്തിറക്കുമെന്നാണ് അഭ്യൂഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.