പിക്സല്‍ ഫോണ്‍ കണ്ട് ആപ്പിള്‍ ഞെട്ടുന്നതെന്തിന്?
text_fieldsഗൂഗിള്‍ സ്മാര്‍ട്ട്ഫോണുകള്‍ ഇറക്കുന്നത് ആദ്യമല്ല. നെക്സസ് എന്ന പേരില്‍ പല കമ്പനികളുമായി ചേര്‍ന്ന് പലതവണ സ്മാര്‍ട്ട്ഫോണുകള്‍ ഇറക്കിയിട്ടുണ്ട്. ഇതൊക്കെയും പുതിയ ആന്‍ഡ്രോയിഡ് പതിപ്പ് വരുന്നതിനൊപ്പമായിരുന്നു. ഇത്തവണ ഗൂഗിള്‍ കളംമാറ്റി ചവിട്ടി. നെക്സസ് എന്ന പേരു തന്നെ ഉപേക്ഷിച്ച് മറ്റ് കമ്പനികളെ നിര്‍മാണം ഏല്‍പിക്കുന്നതിന് പകരം സ്വന്തമായി പിക്സല്‍ ഫോണുകള്‍ ഇറക്കി. സോഫ്റ്റ്വെയര്‍ മാത്രമല്ല ഹാര്‍ഡ്വെയറും സ്വന്തം പേരില്‍ വേണമെന്ന് ശഠിക്കുന്ന മൈക്രോസോഫ്റ്റ്, സര്‍ഫസ് എന്ന പേരില്‍ സ്മാര്‍ട്ട്ഫോണുകള്‍ ഇറക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നതിനിടെയാണ് ഗൂഗിളിന്‍െറ നീക്കം. ആപ്പിള്‍ ഐഫോണ്‍ സെവനെ എതിര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഗൂഗിളിന്‍െറ നീക്കം. ബാറ്ററി പൊട്ടിത്തെറിയെതുടര്‍ന്ന് സാംസങ് നോട്ട് സെവന്‍ വിപണിയില്‍നിന്ന് പിന്‍വലിഞ്ഞതും ഗൂഗിളിന് അനുഗ്രഹമായി.
ഗൂഗിള്‍ പിക്സല്‍ (Google Pixel), ഗൂഗിള്‍ പിക്സല്‍ എക്സ് എല്‍ (Google Pixel XL) എന്നീ രണ്ട് സ്മാര്‍ട്ട്ഫോണുകളാണ് ഗൂഗിള്‍ രംഗത്തിറക്കിയത്. ഒക്ടോബര്‍ അവസാനം ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങുന്ന ഇതിന് 57,000 മുതലാണ് വില. യു.എസില്‍ 32 ജി.ബി ഗൂഗിള്‍ പിക്സലിന് ഏകദേശം 43,000 രൂപയും 128 ജി.ബിക്ക് 50,000 രൂപയും നല്‍കണം. 32 ജി.ബി ഗൂഗിള്‍ പിക്സല്‍ എക്സ് എല്ലിന് 51,000 രൂപയും 128 ജി.ബിക്ക് 58,000 രൂപയും നല്‍കണം. ഗൂഗിള്‍ അലോ എന്ന സന്ദേശ ആപ്പില്‍ കണ്ട പറഞ്ഞാല്‍ കേള്‍ക്കുന്ന ഡിജിറ്റല്‍ സഹായി ‘ഗൂഗിള്‍ അസിസ്റ്റന്‍റ്’ ആണ് പിക്സല്‍ ഫോണുകളുടെ പ്രധാന പ്രത്യേകത. ഐഫോണ്‍ പോലെ മുന്നിലും പിന്നിലും ഗ്ളാസുള്ള അലൂമിനിയം ശരീരമാണ്.
ഗൂഗിള്‍ പിക്സലില്‍ അഞ്ച് ഇഞ്ച് 1080 X1920 പിക്സല്‍ ഫുള്‍ എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേ, 2770 എം.എ.എച്ച് ബാറ്ററി, 143 ഗ്രാം ഭാരവുമുണ്ട്. ഗൂഗിള്‍ പിക്സല്‍ എക്സ് എല്ലില്‍ അഞ്ചര ഇഞ്ച് 1440 X2560 പിക്സല്‍ ക്വാഡ് എച്ച്.ഡി അമോലെഡ് ഡിസ്പ്ളേ, 3450 എം.എ.എച്ച് ബാറ്ററി, 168 ഗ്രാം ഭാരവുമാണ്. ആന്‍ഡ്രോയിഡ് 7.1 നഗറ്റ് ഒ.എസ്, സംരക്ഷണത്തിന് കോര്‍ണിങ് ഗൊറില്ല ഗ്ളാസ് 4, നാല് ജി.ബി റാം, 1.6 ജിഗാഹെര്‍ട്സ് നാലുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍, വിരലടയാള സെന്‍സര്‍, 12.3 മെഗാപിക്സല്‍ സോണി സെന്‍സറുള്ള പിന്‍കാമറ, എട്ട് മെഗാപിക്സല്‍ സോണി സെന്‍സറുള്ള മുന്‍കാമറ, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 3.5 എംഎം ഓഡിയോ ജാക്, വിരലടയാള സെന്‍സര്‍, പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്ന രൂപം, വൈ ഫൈ, ജിപിഎസ്, ബ്ളൂടൂത്ത് എന്‍എഫ്സി, ഫോര്‍ജി എല്‍ടിഇ എന്നിവയാണ് പൊതു സവിശേഷതകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.